ടിറ്റോയും മാതാപിതാക്കളും ആശുപത്രിയി

‘അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരും’; തളരാതെ കൂട്ടിരുന്ന് തോമസും ഏലിയാമ്മയും

‘അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരും, ഏവരുടെയും പ്രാര്‍ഥനകള്‍ ഞങ്ങള്‍ക്ക് കരുത്തായുണ്ട്’ -കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ മുറിയില്‍ നിപബാധയെ തുടര്‍ന്ന് 21 മാസമായി ചലനശേഷിയില്ലാതെ ചികിത്സയില്‍ കഴിയുന്ന ടിറ്റോ തോമസ് എന്ന 26കാരന്റെ അരികിലിരുന്ന് മാതാപിതാക്കളായ ടി.സി. തോമസും ഏലിയാമ്മയും ഇത് പറയുന്നത് തളരാത്ത മനസ്സോടെയാണ്. ‘മലയാളികളല്ലാത്ത ഞങ്ങള്‍ക്ക് 17 ലക്ഷം രൂപ തന്ന് സഹായിച്ചത് കേരള സര്‍ക്കാറാണ്. അത് കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല, അതും ഇത്ര വേഗത്തില്‍. മകന്‍ കിടപ്പിലായത് മുതല്‍ സൗജന്യ ചികിത്സയുമായി ആശുപത്രി മാനേജ്‌മെന്റും ഓരോ മാസവും 10,000 രൂപ വീതം നല്‍കി ട്രെയിന്‍ഡ് നഴ്‌സിങ് അസോസിയേഷനുമെല്ലാം കൂടെയുണ്ട്. പിന്നെ അവനെങ്ങനെ തിരിച്ചു വരാതിരിക്കാനാകും’ -മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള 17 ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ച ശേഷം പിതാവ് തോമസിന്റെ ചോദ്യം ഇങ്ങനെയായിരുന്നു.

കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നഴ്‌സായിരുന്ന ടിറ്റോ തോമസിന് 2023 ഓഗസ്റ്റില്‍ അവിടെ ചികിത്സ തേടിയെത്തിയ നിപ ബാധിതനെ പരിചരിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. രോഗമുക്തി നേടി വീണ്ടും ജോലിയില്‍ പ്രവേശിച്ചെങ്കിലും ഡിസംബറില്‍ ശക്തമായ തലവേദന അനുഭവപ്പെടുകയും ആരോഗ്യനില മോശമാവുകയും ചെയ്തു. ചികിത്സയില്‍ തുടരവെ ഡിസംബര്‍ എട്ട് മുതല്‍ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. പരിശോധനയില്‍ നിപ എന്‍സഫലൈറ്റിസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് മുതല്‍ മാതാപിതാക്കളും എം.ബി.എ പൂര്‍ത്തിയാക്കിയ സഹോദരന്‍ സിജോ തോമസും ടിറ്റോക്ക് കരുത്തായി കൂട്ടിരിക്കുന്നുണ്ട്.

ടിറ്റോ തോമസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച 17 ലക്ഷം രൂപയുടെ ചെക്ക് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മാതാവിന് കൈമാറുന്നു

മംഗളൂരുവിലെ കടബ താലൂക്കിലുള്ള മര്‍ദാലയിലുള്ള ഷീറ്റിട്ട വീട്ടില്‍ കൃഷിയുമായി കഴിഞ്ഞുകൂടിയ കുടുംബത്തില്‍ പഠിക്കാന്‍ ഏറ്റവും മിടുക്കനായിരുന്നു ടിറ്റോ. ക്രിക്കറ്റിനെ അതിരറ്റ് സ്‌നേഹിച്ച അവന്‍ തന്നെയാണ് രോഗികളെ പരിചരിക്കാനുള്ള വഴിയെന്ന നിലയില്‍ നഴ്‌സിങ് തെരഞ്ഞെടുത്തത്. എന്നാല്‍, ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ക്കകം കിടപ്പിലായി. മാസങ്ങള്‍ നീണ്ട പരിചരണത്തിന് പതുക്കെയാണെങ്കിലും ഫലം കാണുന്നുണ്ടെന്നും നില മെച്ചപ്പെടുന്നുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു.

'നല്ലൊരു വീട് ടിറ്റോയുടെ സ്വപ്‌നമായിരുന്നു. പുതിയൊരു വീടൊരുക്കാന്‍ വായ്പ പാസായ സമയത്താണ് അവന്‍ കിടപ്പിലായത്. അതോടെ വായ്പ വേണ്ടെന്നുവെച്ചു. അവന്റെ നില മെച്ചപ്പെട്ടു വരുന്നുണ്ട്. സഹായവുമായെത്തിയ സര്‍ക്കാറിനും മകന് വേണ്ടി പ്രാര്‍ഥിക്കുന്നവര്‍ക്കും അവനെ ചേര്‍ത്തു പിടിച്ചവര്‍ക്കുമുള്ള നന്ദി അറിയിക്കാന്‍ വാക്കുകളില്ല' -മാതാവ് ഏലിയാമ്മ വിതുമ്പലോടെ പറഞ്ഞു നിര്‍ത്തി.

Tags:    
News Summary - 'He will return in perfect health'; Thomas and Eliyamma, untiringly together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.