ഗോപാൽ രാജും നാരായണ ആനന്ദനും മിഠായിത്തെരുവിലെ ടൈപ്റൈറ്റിങ് സെന്ററിൽ
കോഴിക്കോട്: പൈതൃകങ്ങളുടെ വഴിത്താരയായ മിഠായിത്തെരുവിൽ കാലം മായ്ക്കാത്ത മുദ്രയായി ടൈപ്റൈറ്റിങ് സെന്റർ. നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിൽ ഏഴ് പതിറ്റാണ്ടായി ഇവിടെ ടൈപ്റൈറ്റിങ് മെഷീൻ വെള്ളക്കടലാസിൽ ‘അച്ചടിമഷി’ പുരട്ടുന്നു. എത്ര കാലം പിന്നിട്ടാലും മായാത്ത മഷി. അക്ഷരങ്ങൾക്കും ലിപികൾക്കുമൊക്കെ ഈ മാധ്യമത്തിൽ പ്രായം തോന്നിക്കും. എന്നാലും പഴയ തലമുറക്ക് ഗൃഹാതുര അനുഭവംകൂടിയാണ് ടൈപ്റൈറ്റിങ് മെഷീനിൽ തയാറാക്കിയ രേഖകൾ.
അപേക്ഷകൾ, കരാറുകൾ, സർക്കാർ, സ്വകാര്യ ഓഫിസുകളിലേക്കുള്ള കത്തുകൾ അങ്ങനെ ഏത് രേഖയും മിഠായിത്തെരുവിലെ ടൈപ്റൈറ്റിങ് സെന്ററിൽ തയാറാക്കും. ‘എൻക്വയറി ആൻഡ് ഇൻഫർമേഷൻ ഓഫിസ്’ എന്ന ബോർഡ് വെച്ച് പ്രവർത്തിക്കുന്ന സ്ഥാപനം നഗരത്തിൽ ഏറ്റവും പഴക്കമുള്ള, അവശേഷിക്കുന്ന ഏക ടൈപ്റൈറ്റിങ് സെന്ററാണ്. കമ്പ്യൂട്ടർ യുഗം വന്ന് ഈ മേഖലയിൽ മാറ്റങ്ങളൊരുപാട് ഉണ്ടായെങ്കിലും ഇന്നും പരമ്പരാഗത രീതിയിൽ അപേക്ഷ തയാറാക്കി സേവനങ്ങൾ നൽകുകയാണ് സഹോദരന്മാരായ ഗോപാൽ രാജും നാരായണാനന്ദനും.
അമ്പത് വർഷത്തിലേറെയായി ഇവർ ഇവിടെയുണ്ട്. 70 വർഷം മുമ്പ് ഇവരുടെ പിതാവ് ചെറുകാട്ട് ശേഖരൻ തുടങ്ങിയതാണ് കേന്ദ്രം. സാമൂതിരിയുടെ കാലത്ത് ഹജൂർ കച്ചേരി (ഭരണകാര്യാലയം) മാനാഞ്ചിറയിലായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇവിടെ കലക്ടറേറ്റ് പ്രവർത്തിച്ചു. കലക്ടറേറ്റിലെ ആദ്യകാല ഉദ്യോഗസ്ഥനായിരുന്നു ശേഖരൻ. അദ്ദേഹം തുടങ്ങിയ സ്ഥാപനമാണ് ഇന്നും പഴയകാല സ്മരണയിൽ പ്രവർത്തിക്കുന്നത്.
കിഡ്സൺ കോർണറിലാണ് പഴയ ലക്കി ഹോട്ടലിനോട് ചേർന്ന കെട്ടിടം. അതിന്റെ ഒന്നാം നിലയിലാണ് ഓഫിസ്. ഓഫിസിലേക്കുള്ള ഇടുങ്ങിയ മരക്കോണി ഇന്നും അതേ പോലെയുണ്ട്. സർക്കാർ കാര്യങ്ങൾ ശരിയാക്കാൻ ആളുകൾ ആശ്രയിച്ച സ്വകാര്യ സ്ഥാപനമായിരുന്നു ഇത്. അക്കാലത്ത് സേവനം തേടി വരുന്നവരുടെ നീണ്ട നിരയായിരുന്നു ഈ ഓഫിസിലെന്ന് 52 വർഷമായി ഇവിടെ ടൈപ്റൈറ്റിങ് ഉൾപ്പെടെ സേവനം ചെയ്യുന്ന ഗോപാൽ രാജു പറയുന്നു.
ഏത് സർക്കാർ അപേക്ഷയും ഇവർക്ക് കാണാപ്പാഠമാണ്. സേവനം തേടി വരുന്നവർക്ക് ആധികാരിക വിവരങ്ങൾ നൽകുന്നു. അതുകൊണ്ടുതന്നെ ഇൻഫർമേഷൻ സെന്റർ എന്ന ബോർഡിന് ഇന്നും പ്രസക്തിയുണ്ട്. ഇന്നും ഒരുപാട് പേർ ഇവരുടെ സേവനം തേടി ഇവിടേക്ക് വരുന്നു. വരുന്നവരുടെ എല്ലാ സംശയവും ഇവർ തീർത്തുകൊടുക്കുന്നു. ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നു.
മലബാർ മദ്രാസിന്റെ ഭാഗമായിരുന്ന കാലത്ത് പാസ്പോർട്ട് ഓഫിസ് മദ്രാസിലായിരുന്നു. പാസ്പോർട്ട് അപേക്ഷകൾ തയാറാക്കാൻ അറിയുന്ന അപൂർവം കേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്. ഉപജീവനം തേടി കടൽ കടന്ന എത്രയോ മനുഷ്യർ പാസ്പോർട്ടിന് അപേക്ഷിച്ചത് ഈ സ്ഥാപനം വഴിയാണ്. സിംഗപ്പൂർ ട്രാവൽസ് എന്നൊരു സ്ഥാപനവും ഈ ഓഫിസും മാത്രമാണ് അന്ന് പാസ്പോർട്ട് സേവനം നൽകിയിരുന്നതെന്ന് ഗോപാൽ രാജു ഓർക്കുന്നു. ഡി.ടി.പി വിപ്ലവം വന്നിട്ടും ടൈപ്റൈറ്റിങ് മെഷീൻ കൈയൊഴിയാൻ ഇവർ ഒരുക്കമല്ല. പണ്ടത്തെ മെഷീൻ പ്രവർത്തനരഹിതമായത് അവിടെ സൂക്ഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.