രമണികുട്ടി ചിത്രരചനയിൽ
കൊട്ടിയം: ചിത്രരചനക്കും പഠനത്തിനും പ്രായം ഒരു പ്രശ്നമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ചാത്തന്നൂർ തിരുമുക്ക് സ്വപ്നയിലെ 80 കാരിയായ രമണികുട്ടി. വിദ്യാ ധനം സർവധനാൽ പ്രധാനം എന്ന ആപ്തവാക്യം മുൻനിർത്തി കൊണ്ടാണ് ഇവർ പഠനം തുടരുന്നത്. ചാത്തന്നൂർ എം.ഇ.എസ് കോളജ് റോഡിലെ ഇവരുടെ വീടിനോട് ചേർന്ന എഴുത്തുപുര നിറയെ ഇവർ വരച്ച ചിത്രങ്ങളും പുരസ്കാരങ്ങളുമാണ്.
വിദ്യാഭ്യാസ വകുപ്പിൽ പൂജപ്പുര എസ് .സി . ഇ ആർ.റ്റിയിൽ നിന്നും അക്കൗണ്ട്സ് ഓഫീസറായി റിട്ടയർ ചെയ്ത ശേഷം കഴിഞ്ഞ കാൽ നൂറ്റാണ്ടായി എഴുത്തിലും, വരയിലും സാമുഹിക സേവന രംഗത്തും, മാതൃഭാഷക്ക് വേണ്ടിയുള്ള പോരാട്ടത്തിലും സജീവമാണ് രമണികുട്ടി. പഠിച്ചു മുന്നേറണമെന്ന കുട്ടിക്കാലത്തെ ആഗ്രഹം ഇവർക്ക് സഫലീകരിക്കാനായത് എൺപതാം വയസ്സിലാണ്. ശ്രീനാരായണ ഓപ്പൺ യൂനിവേഴ്സിറ്റിയിൽ എം.എ. മലയാളം മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ് ഇപ്പോൾ. രണ്ടാം സെമസ്റ്റർ പരീക്ഷ ഇപ്പോൾ എഴുതി കൊണ്ടിരിക്കുകയാണ്.
മികവുറ്റ ചിത്രകാരി കൂടിയായ രമണികുട്ടി, എണ്ണച്ചായയിലും, അക്രിലികിലുമായി വരച്ച രണ്ടായിരത്തോളം ചിത്രങ്ങൾ ചാത്തന്നൂരിലെ സ്വപ്ന വീട്ടിലുണ്ട്. പത്തിലധികം രവിവർമ ചിത്രങ്ങൾ കാൻവാസിൽ പകർത്തിയിട്ടുണ്ട്. പഠനം കഴിഞ്ഞുള്ള സമയങ്ങൾ നോവലുകൾ, കഥകൾ, യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ എന്നിവ എഴുതുവാനാണ് ചെലവിടുന്നത്. രാവിലെ വീടിനോടു ചേർന്നുള്ള എഴുത്തുപുരയിൽ എത്തിയാൽ രാത്രി വൈകും വരെ എഴുത്തും വരയുമായി അവിടെയുണ്ടാകും.
ഇതൊടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്താറുണ്ട്. കിടപ്പു രോഗികളെ വീടുകളിൽ പോയി കണ്ട് ആശ്വാസം പകരുക എന്നത് നിശബ്ദ സേവനമായി തുടരുകയാണ്. തനിക്ക് കിട്ടുന്ന പെൻഷന്റെ ഒരു വിഹിതം രോഗികൾക്കായി മാറ്റിവെക്കാറുണ്ട്. ഒഴുക്കിനെതിരെ നീന്തി മുന്നിലുണ്ടായിരുന്ന പ്രതിസന്ധികളെ തരണം ചെയ്താണ് ഇവർ മുന്നേറുന്നത്. കാൽ നൂറ്റാണ്ടു മുമ്പ് കോഴിക്കോട് പോയി എം.ടി. വാസുദേവൻ നായരെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് എഴുത്തു തുടങ്ങിയത്. വൈദേഹി പറഞ്ഞത് എന്ന നോവലാണ് ഏറ്റവുമൊടുവിലായി എഴുതിയത്.
എന്തെഴുതിയാലും ആദ്യ പ്രതി എം.ടിക്ക് അയച്ചു കൊടുക്കുമായിരുന്നു. പ്രായമല്ല, മനസ്സാണ് തന്നെ മുന്നോട്ടു നയിക്കുന്നത്. സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങൾക്കായി ജില്ലകൾ തോറും ഹാപ്പി ഹോമുകൾ സ്ഥാപിക്കണമെന്ന ആഗ്രഹവുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി കൊണ്ടിരിക്കുകയാണ് ഇപ്പോഴും. വയോജന കമ്മീഷൻ നിലവിൽ വന്നതിനാൽ തന്റെ ആവശ്യം പ്രാവർത്തികമാക്കുന്ന ഉറച്ച വിശ്വാസത്തിലാണ് രമണികുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.