25 വർഷം പൂർത്തീകരിച്ചതിന്റെ ആദരഫലകം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാനിൽനിന്ന്
സ്വീകരിക്കുന്നു
റിയാദ്: നീണ്ട മൂന്ന് ദശാബ്ദമായി ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ റിയാദിൽ ഭാഷ അധ്യാപികയായി ജോലിചെയ്യുകയാണ് മലപ്പുറം വടക്കാങ്ങര സ്വദേശിനി ഫൗസിയ കരുവാട്ടിൽ. അധ്യാപനത്തെ പ്രണയിച്ച ഫൗസിയ, ഒരേ തട്ടകത്തിൽ ദീർഘകാലം ചെലവഴിച്ചതിന്റെ മുഷിപ്പുകളേതുമില്ലാതെ പ്രവാസത്തിലെ കുരുന്നുകൾക്കായി തന്റെ ഏറ്റവും വലിയ പാഷനായ അധ്യാപകവൃത്തിയിൽ സസൂക്ഷ്മം മുഴുകിയിരിക്കുകയാണ്. അറിവിന്റെയും അനുഭവങ്ങളുടെയും പാഠങ്ങൾ നുകർന്ന് നിരവധി തലമുറകൾ അക്ഷരങ്ങളുടെ മാന്ത്രിക വെളിച്ചവുമായി ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് ഒഴുകിപ്പരന്നു. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് കുട്ടികൾ ക്ലാസ് റൂമുകളെ മാത്രമല്ല ആശ്രയിക്കുന്നതെന്ന് ടീച്ചർ പറയുന്നു. നേരത്ത അധ്യാപകരും സ്കൂളുമായിരുന്നു വിദ്യയുടെ ഉറവിടമെങ്കിൽ ഇന്ന് അതിലേറെ വിദ്യ അഭ്യസിക്കാനുള്ള പല മാർഗങ്ങളും അവർക്കു മുന്നിൽ തുറന്നുകിടപ്പാണ്. മറ്റു സ്രോതസ്സുകളിൽ നിന്നും കിട്ടിയ വിജ്ഞാനത്തിലെ തെറ്റും ശരിയും മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഒരു അധ്യാപകന്റെ പ്രഥമ ചുമതലയെന്നാണ് തന്റെ വിശ്വാസമെന്ന് ഫൗസിയ ടീച്ചർ പറഞ്ഞു. ഒരു ടീച്ചർ പുതിയ സംവിധാനങ്ങളെക്കുറിച്ചും ടെക്നോളജിയെക്കുറിച്ചും എന്നും അപ്ഡേറ്റ് ആയിരിക്കണം. ഒരു നല്ല അധ്യാപകരായി നിലനിൽക്കണമെങ്കിൽ കാലത്തിനനുസരിച്ച് പുതിയ വിവരങ്ങൾ ശേഖരിക്കുകയും അതിനുവേണ്ടി സമയം ചെലവഴിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഫൗസിയ ടീച്ചർ ഉറച്ചു വിശ്വസിക്കുന്നു.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഏറെ പ്രയോജനപ്പെടുത്തുന്ന രംഗം ഇന്ന് വിദ്യാഭ്യാസ മേഖലയാണ്, നിർമിത ബുദ്ധിയുടെ ഉപയോഗം വിദ്യാഭ്യാസ രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്ന് കാണാം. ഏത് സംശയത്തിനും നിമിഷങ്ങൾക്കകം ഉത്തരം കിട്ടാൻ ഒരു പ്രയാസവുമില്ല. ഡിജിറ്റൽ സംവിധാനങ്ങളില്ലാത്ത ക്ലാസ് റൂമുകൾ ഇന്ന് വിരളമാണ്. പോക്കറ്റിൽ കൊണ്ടുനടക്കാൻ പറ്റുന്ന പ്രൊജക്ടറുകളും സ്പീക്കർ സംവിധാനങ്ങളും പല അധ്യാപകരും മുതിർന്ന ക്ലാസുകളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. നാനോ ടെക്നോളജി മുന്നോട്ടുപോകുന്നതോടെ ഉപകരണങ്ങളുടെ വലുപ്പം ഇനിയും കുറയാൻ സാധ്യതയുണ്ട് . അതുകൊണ്ടു ഡിജിറ്റൽ സംവിധാനങ്ങൾ വിദ്യാഭ്യാസ രംഗത്ത് ഇനിയും കൂടുതൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ വിദ്യാഭ്യാസ നയം വിദ്യാർഥികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നു, അതോടൊപ്പം അന്യം നിന്നുപോകുന്ന മൂല്യങ്ങളെ വിദ്യാർഥികളിൽ കരുപ്പിടിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമവും നമുക്കതിൽ കാണാം.
മനുഷ്യമനസ്സുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങൾ സ്വന്തമാക്കുന്നതിൽ ഏറെ താല്പര്യമുള്ള അധ്യാപികയാണ് ഫൗസിയ. അതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിക്കുകയും ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. തൽസംബന്ധമായി നിരവധി സർട്ടിഫിക്കറ്റുകൾ നേടിയിട്ടുണ്ട്. കുട്ടികളുടെ പഠനവൈകല്യങ്ങളെ തിരിച്ചറിയാനും അതിനു വേണ്ട പരിഹാരം കാണാനും ഇത്തരം പഠനങ്ങളിലൂടെ സാധിക്കുന്നു. അതോടൊപ്പം പഠന വൈകല്യങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ട ഉപദേശ നിർദേശങ്ങൾ നൽകുകയും ചിലപ്പോഴൊക്കെ പ്രത്യേക കൗൺസലിങ് നടത്തുകയും ചെയ്യാറുണ്ട്. എൻ.എൽ.പി വെരിഫൈഡ് മാസ്റ്റർ പ്രാക്റ്റീഷനർ, എനിയെഗ്രാം, ട്രാൻസാക്ഷണൽ അനലിസ്റ്റ്, ഗസ്റ്റാൾട്ട് തെറപ്പിസ്റ്റ് തുടങ്ങി നിരവധി സർട്ടിഫിക്കറ്റ് കോഴ്സുകൾ ഇവർ സ്വായത്തമാക്കിയിട്ടുണ്ട്. മലപ്പുറം തിരൂർക്കാട് ഇലാഹിയ കോളജിലായിരുന്നു വിദ്യാഭ്യാസം. കുട്ടികൾക്ക് അറബിക് പഠനം എളുപ്പമാക്കുക എന്ന ഉദ്ദേശത്തോടെ ഫൗസിയ ടീച്ചർ രചിച്ച ഭാഷ പഠനത്തിനായുള്ള വർക്ക് ബുക്ക് പ്രൈമറി ക്ലാസുകളിൽ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..
അധ്യാപന ജോലിക്കിടയിലും തനിമ സാംസ്കാരിക വേദിയിൽ സജീവമാണ് ഫൗസിയ ടീച്ചർ. സിമ്മൺസ് ആൻഡ് സിമ്മൺസ് ലീഗൽ കൺസൾട്ടൻസിയിൽ ഓഫിസ് മാനേജറായ ഇ.വി അബ്ദുൽ മജീദ് ആണ് ഭർത്താവ്. മക്കൾ: ഡോ. ഹിബ അബ്ദുൽ മജീദ് പെരിന്തൽമണ്ണയിൽ ആരോവിയ ഹോമിയോ ക്ലിനിക് നടത്തുന്നു. മകൻ ബാസിം അബ്ദുൽ മജീദ്, കൊച്ചി യൂനിവേഴ്സിറ്റിയിൽ നാലാം വർഷ എൽ.എൽ.ബി വിദ്യാർഥിയാണ്. മരുമകൻ: എൻജിനീയർ അബീർ അഹമ്മദ്. പേരമക്കൾ: മഹാ അഹമ്മദ്, റാമി അഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.