റിയാദ്: സൗദിയിൽ മോട്ടോർ സൈക്കിളുകൾ, സ്കൂട്ടറുകൾ എന്നിവ വാടകക്ക് നൽകുന്നതിനുള്ള ലൈസൻസ് നേടുന്നതിന് ആവശ്യമായ വ്യവസ്ഥകൾക്ക് മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയത്തിന്റെ അംഗീകാരം. മോട്ടോർ സൈക്കിൾ വാടക ലൈസൻസിനുള്ള അപേക്ഷകർ വ്യക്തികളാണെങ്കിൽ അവർ സൗദി പൗരന്മാരായിരിക്കണം. അല്ലെങ്കിൽ സ്ഥാപനം രാജ്യത്ത് നിയമപരമായി രജിസ്റ്റർ ചെയ്തിരിക്കണം. പ്രവർത്തനത്തിനായി നിശ്ചിത സ്ഥലങ്ങൾ, ആവശ്യത്തിന് സൈക്കിളുകൾ നൽകുന്നതിനുള്ള പ്രതിബദ്ധത, ലൈറ്റുകൾ, ബ്രേക്കുകൾ, ടയറുകൾ, പ്രതിഫലന വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സൈക്കിളുകൾക്ക് വേണ്ട സുരക്ഷ ഉപകരണങ്ങൾ നൽകൽ എന്നിവയും വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.
സ്ഥലങ്ങളും ഉപയോഗ വ്യാപ്തിയും നിർണയിക്കാൻ സാങ്കേതികവിദ്യ, ബുക്കിങ് ആപ്ലിക്കേഷനുകൾ, മോട്ടോർ സൈക്കിൾ ട്രാക്കിങ് എന്നിവയുടെ ഉപയോഗവും ആവശ്യപ്പെടുന്നു. യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള മാർഗമായി മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കരുത്. സൈക്കിളുകൾ ഗതാഗത തടസ്സം സൃഷ്ടിക്കുകയോ നടപ്പാതകളോ കാൽനടപ്പാതകളോ കൈയേറുകയോ ചെയ്യരുത്. നിശ്ചിത സ്ഥലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ മോട്ടോർ സൈക്കിളുകൾ സൂക്ഷിക്കരുത്. സുരക്ഷിതവും ഉചിതവുമായ പാർക്കിങ് സ്ഥലങ്ങൾ നൽകണമെന്നും വ്യവസ്ഥകൾ ആവശ്യപ്പെടുന്നു.
വാടക പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ഉചിതമായ യോഗ്യതയുള്ള ഒരു ഓപ്പറേറ്റിംഗ് ഓഫിസറെ നിയോഗിക്കണം. പരാതികളും അഭിപ്രായങ്ങളും പരിഹരിക്കുന്നതിനും ഉപഭോക്തൃ സേവനം നൽകുന്നതിനും ഉദ്യോഗസ്ഥൻ പ്രതിജ്ഞാബദ്ധനാകണമെന്ന് വ്യവസ്ഥകളിലുണ്ട്. ബന്ധപ്പെട്ട അതോറിറ്റി നിർണയിക്കുന്ന ആവശ്യമായ ഇൻഷുറൻസ് രേഖകൾ നേടുന്നതിന് ഉദ്യോഗസ്ഥൻ ഉത്തരവാദിയാണ്. പ്രവർത്തനം നഗരപ്രദേശത്തിനകത്തും ആശുപത്രികൾ അല്ലെങ്കിൽ സ്കൂളുകൾ പോലുള്ള നിരോധിത പ്രദേശങ്ങളിൽ നിന്ന് അകലെയും ആയിരിക്കണം.
എല്ലാ നിബന്ധനകളും പാലിച്ചതിന് ശേഷം ഏകീകൃത ദേശീയ ലൈസൻസിങ് പ്ലാറ്റ്ഫോമായ ‘ബലദി’ വഴിയാണ് ലൈസൻസുകൾ അനുവദിക്കുക. ലൈസൻസുകൾക്ക് ഒരു വർഷത്തേക്കായിരിക്കും കാലാവധി. ശേഷം പുതുക്കാവുന്നതാണ്. കാലഹരണ തീയതിക്ക് 30 ദിവസത്തിനുള്ളിൽ പുതുക്കൽ അപേക്ഷകൾ സമർപ്പിക്കണം. ലൈസൻസ് നൽകിയ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ, അല്ലെങ്കിൽ സ്വീകാര്യമായ കാരണങ്ങളില്ലാതെ 180 ദിവസത്തിൽ കൂടുതൽ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചാൽ, അല്ലെങ്കിൽ ലൈസൻസ് ദുരുപയോഗം ചെയ്താൽ, അല്ലെങ്കിൽ യോഗ്യതയുള്ള അധികാരിയെ അറിയിക്കാതെ ലൈസൻസിന്റെ ഉടമസ്ഥാവകാശം മറ്റൊരു കക്ഷിക്ക് കൈമാറിയാൽ, അല്ലെങ്കിൽ പൊതു സുരക്ഷക്ക് ഭീഷണിയാകുന്ന ഗുരുതരമായ ലംഘനങ്ങൾ ഉണ്ടായാൽ ലൈസൻസ് റദ്ദാക്കാൻ യോഗ്യതയുള്ള അധികാരിക്ക് അവകാശമുണ്ട്.
മോട്ടോർ സൈക്കിൾ വാടക പ്രവർത്തനങ്ങൾ സ്വകാര്യവത്ക്കരണ സംവിധാനത്തിനോ ഫ്രഞ്ചൈസി കരാറുകൾക്കോ വിധേയമല്ലെന്നും വ്യവസ്ഥകളിലുണ്ട്.
മോട്ടോർ സൈക്കിളിന്റെ (ഇലക്ട്രിക്, മോട്ടോർ സൈക്കിൾ) പ്രവർത്തന ആയുസ്സ് നിർമാണ തീയതി മുതൽ അഞ്ച് വർഷത്തിൽ കൂടരുത്. സൈറ്റ് പൂർണമായും സജീകരിക്കുന്നതുവരെ പ്രവർത്തിപ്പിക്കാതിരിക്കാൻ ലൈസൻസുള്ളയാൾ ബാധ്യസ്ഥനാണ്. സ്ഥാപനത്തിന്റെ പേരും പ്രവർത്തന തരവും പ്രദർശിപ്പിക്കുന്ന ഒരു ബാഹ്യ ചിഹ്നം ഉണ്ടായിരിക്കണം. സൈറ്റിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണം. സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കണം. സൈറ്റ് പ്രവർത്തനത്തിന് പര്യാപ്തമാണെന്ന് ഉറപ്പാക്കണം. സൈറ്റ് ഉപയോക്താക്കൾക്കായി ഒരു വിശ്രമമുറി ഉണ്ടാകണം. മോട്ടോർ സൈക്കിളുകളുടെ സ്ഥാനങ്ങൾ കാണിക്കുന്ന മാപ്പ് സ്ഥാപിക്കണം എന്നിവയും വ്യവസ്ഥകളിലുണ്ട്.
മണിക്കൂർ അടിസ്ഥാനത്തിലോ അല്ലെങ്കിൽ യോഗ്യതയുള്ള അധികാരി അംഗീകരിച്ച ഏതെങ്കിലും വഴക്കമുള്ള സംവിധാനത്തിലോ മോട്ടോർ സൈക്കിളുകൾ വാടകക്ക് നൽകാവുന്നതാണ്. ഇലക്ട്രോണിക് പേമെന്റ് രീതിയിൽ വാടക കാലയളവ് വ്യക്തമാക്കിയിരിക്കണം. ഏതെങ്കിലും സാങ്കേതിക തകരാർ ഉണ്ടായാൽ ഉടൻ മോട്ടോർ സൈക്കിൾ നിർത്തണം.
വാടകക്കാരൻ മോട്ടോർ സൈക്കിൾ നല്ല നിലയിൽ പരിപാലിക്കണം. അതിൽ കൃത്രിമം കാണിക്കാതിരിക്കാനും വാടക കാലയളവ് കഴിഞ്ഞാൽ അവ ഉടനെ തിരികെ നൽകാനും തയാറാവണം. എന്തെങ്കിലും തകരാറുകളോ സാങ്കേതിക പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനും സുരക്ഷ ഉപകരണങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം.
അനധികൃത സ്ഥലങ്ങളിൽ വാഹനമോടിക്കുന്നതിൽ നിന്നും ഉയർന്ന വേഗതയിലോ ഡ്രിഫ്റ്റിംഗിലോ വാഹനമോടിക്കുന്നതിൽ നിന്നുമെല്ലാം വിട്ടുനിൽക്കണം. തിരക്കുപിടിച്ച ഹൈവേ റോഡുകളിൽ മോട്ടോർ സൈക്കിൾ ഓടിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം. കൂടാതെ വാടകക്കാർ സൈക്കിൾ ഉപയോഗിക്കുമ്പോൾ മറ്റുള്ളവരെ ആക്രമിക്കുന്നതും കാൽനടയാത്രക്കാർക്കോ അയൽപക്ക നിവാസികൾക്കോ ശല്യമുണ്ടാക്കുന്നതും തിരക്കേറിയ റോഡുകളിലോ കാൽനടയാത്രക്കാരുടെ ഇടങ്ങളിലോ, മോട്ടോർ സൈക്കിളുകൾക്ക് അനുവദനീയമല്ലാത്ത സ്ഥലങ്ങളിലോ, അപകടകരമായി മറികടക്കുതോ, പൊതുസുരക്ഷക്ക് ഭീഷണിയാകുന്ന രീതിയിലോ മോട്ടോർ സൈക്കിൾ ഓടിക്കുന്നത് നിരോധിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.