റിയാദ്: 2025 ലെ മോസ്കോ അന്താരാഷ്ട്ര പുസ്തകമേളയിൽ സൗദി പവിലിയൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിയാണ് 2025 സെപ്റ്റംബർ മൂന്നു മുതൽ ഏഴു വരെ വിപുലമായ അന്താരാഷ്ട്ര പങ്കാളിത്തത്തോടെ നടക്കുന്ന പുസ്തകമേളയിൽ സൗദി പവിലിയന് നേതൃത്വം നൽകുന്നത്. സാംസ്കാരിക മേഖലയിലെ ഒരു കൂട്ടം സ്ഥാപനങ്ങളും നേതാക്കളും ഇതിലുൾപ്പെടും. യുനെസ്കോ ചെയർ ഫോർ ഇന്റർകൾചറൽ ട്രാൻസ്ലേഷൻ, കിങ് സൽമാൻ ഇന്റർനാഷനൽ അക്കാദമി ഫോർ അറബിക് ലാംഗ്വേജ്, കിങ് ഫഹദ് നാഷനൽ ലൈബ്രറി, മതകാര്യ മന്ത്രാലയം, കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്സ്, പബ്ലിഷിങ് അസോസിയേഷൻ, ട്രാൻസ്ലേഷൻ അസോസിയേഷൻ, നാഷനൽ പബ്ലിഷിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി എന്നിവ പങ്കാളികളാണ്.
മോസ്കോ അന്താരാഷ്ട്ര പുസ്തകമേളയിലുള്ള സൗദി പവിലിയൻ
സംസ്കാരത്തെ വികസനത്തിന്റെ ഒരു പോഷകനദിയും സാംസ്കാരിക ആശയവിനിമയത്തിനുള്ള ഒരു പാലവുമാക്കുക എന്ന വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായും റഷ്യയുമായുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും സംയുക്ത സഹകരണ മേഖലകൾ വികസിപ്പിക്കുന്നതിനും സാംസ്കാരിക മേഖലയിൽ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സൗദി ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലുമാണ് ഈ പങ്കാളിത്തം. പ്രദർശനത്തിലുടനീളം സൗദി പ്രഭാഷകരുടെയും എഴുത്തുകാരുടെയും പങ്കാളിത്തത്തോടെ സാഹിത്യ സെമിനാറുകൾ, സംവാദ സെഷനുകൾ, കവിത സായാഹ്നങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ സാംസ്കാരിക പരിപാടിയിലൂടെ സൗദി സാംസ്കാരിക രംഗത്തെ സൃഷ്ടിപരമായ വൈവിധ്യം സൗദി പവിലിയൻ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.