പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ
ജിദ്ദ: സൗദിയിൽ വാണിജ്യ രംഗത്തുള്ള മറച്ചുവെക്കലിനെ ചെറുക്കുന്നതിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ മാസം നടന്ന പരിശോധനയിൽ ബിനാമി ബിസിനസ് നടത്തിയ 73 പേർ അറസ്റ്റിലായി. നട്സ്, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ഈത്തപ്പഴം തുടങ്ങിയവ വിൽപന നടത്തിയവരാണ് പിടിക്കപ്പെട്ടവരിൽ കൂടുതൽ. നിയമലംഘകരെ അന്വേഷണത്തിനും തുടർന്നുള്ള പിഴകൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സംശയാസ്പദമായ പ്രവർത്തന സൂചനകളുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം നടത്തിയ 1,519 പരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായത്.
വാണിജ്യ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കുന്നതിനും കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും കണ്ടെത്തുന്നതിനുമായി നട്സ്, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ഈത്തപ്പഴം എന്നിവയുടെ ചില്ലറ വിൽപന, ഭക്ഷ്യ, ഉപഭോക്തൃ വസ്തുക്കളുടെ കേന്ദ്ര വിപണികൾ, പുരുഷന്മാരുടെ വസ്ത്രങ്ങൾ, ഷൂ സ്റ്റോറുകൾ, പലചരക്ക് കടകൾ, മറ്റു ചില്ലറ വിൽപന ശാലകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
ബിനാമി ബിസിനസ് തടയുന്നതിനുള്ള നിയമപ്രകാരം പിടിക്കപ്പെടുന്നവർക്ക് അഞ്ചു വർഷം വരെ തടവ്, 50 ലക്ഷം റിയാൽ വരെ പിഴ, നിയമവിരുദ്ധ ഫണ്ടുകൾ പിടിച്ചെടുക്കൽ, കണ്ടുകെട്ടൽ എന്നിവ ശിക്ഷയായി ലഭിക്കും. ഒപ്പം സ്ഥാപനങ്ങൾ അടച്ചുപൂട്ടുക, വാണിജ്യ രജിസ്റ്റർ റദ്ദാക്കുക, വാണിജ്യ പ്രവർത്തനങ്ങൾ നിരോധിക്കുക, വിദേശികളെ രാജ്യത്ത്നിന്ന് നാടുകടത്തുക തുടങ്ങിയ നടപടികളും സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.