ജിദ്ദ: ആഗോളതലത്തിൽ ഏറ്റവും വലിയ 100 കണ്ടെയ്നർ തുറമുഖങ്ങളിൽ സൗദി 15ാം സ്ഥാനത്തെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസർ പറഞ്ഞു. ജിദ്ദയിൽ നടന്ന ‘സമുദ്ര വ്യവസായത്തിന്റെ സുസ്ഥിരത’ സമ്മേളനത്തിന്റെ രണ്ടാം പതിപ്പിൽ നടത്തിയ പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗതാഗത, ലോജിസ്റ്റിക്സ് മേഖലക്ക് ഭരണകൂടത്തിൽ നിന്ന് ഗണ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും സമുദ്ര ഗതാഗതത്തിനായുള്ള പ്രത്യേക പരിപാടി ഉൾപ്പെടുന്ന ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് പദ്ധതിക്ക് അനുസൃതമായി ദ്രുതഗതിയിലുള്ള പുരോഗതി കൈവരിക്കാൻ സാധിച്ചതായും അൽജാസർ പറഞ്ഞു.
ജിദ്ദ ഇസ്ലാമിക് പോർട്ട്, സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസർ
അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സൗദിയുടെ അന്താരാഷ്ട്ര ഉത്തരവാദിത്തബോധവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ ഭരണ സമിതിയിൽ അംഗത്വത്തിനായി മത്സരിക്കാനുള്ള സൗദിയുടെ ഉദ്ദേശ്യവും അൽജാസർ സൂചിപ്പിച്ചു.
സമുദ്ര കണക്റ്റിവിറ്റി വികസിപ്പിച്ചുകൊണ്ടും പുതിയ ഷിപ്പിങ് ലൈനുകൾ ചേർത്തുകൊണ്ടും ആഗോള സമുദ്ര ഭൂപടത്തിൽ സൗദി അതിന്റെ സ്ഥാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. 290ലധികം ബെർത്തുകളുള്ളതും പ്രതിവർഷം 1.1 ബില്യൺ ടണ്ണിൽ കൂടുതൽ ശേഷിയുള്ളതുമായ പത്ത് പ്രധാന തുറമുഖങ്ങൾ സൗദിയിൽ പ്രവർത്തിപ്പിക്കുന്നു. 2030 ആകുമ്പോഴേക്കും കണ്ടെയ്നർ കൈകാര്യം ചെയ്യലിലും സ്മാർട്ട് പോർട്ടുകളിലും ആഗോള നേതാവാകാൻ സൗദി കഠിനമായി പ്രയത്നിക്കുന്നത് തുടരുമെന്നും ആഗോള ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ അതിന്റെ പങ്ക് വർധിപ്പിക്കുമെന്നും അൽജാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.