കോൺസൽ ജനറലും മറ്റു അതിഥികളും സ്കൂൾ കെട്ടിടം വീക്ഷിക്കുന്നു
ജിദ്ദ: ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ കിന്റർഗാർട്ടൻ (കെ.ജി) വിഭാഗത്തിന്റെ നവീകരിച്ച കെട്ടിടം തുറന്നു. കൊച്ചു കുട്ടികളുടെ പഠനത്തിന് സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നതിനാണ് വർഷങ്ങളായി കേടുപാടുകൾ സംഭവിച്ച കെട്ടിടത്തിന് അടിയന്തര നവീകരണം നടത്തിയത്. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി നിർവഹിച്ചു.
ശേഷം കോൺസൽ ജനറൽ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഗുണനിലവാരവും സമർപ്പിതമായ ശ്രമങ്ങളെയും പ്രശംസിക്കുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക പ്രവർത്തകരും
ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയുടെ പൂർണ പിന്തുണയോടെയും മാർഗനിർദേശങ്ങളോടെയുമാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്. അദ്ദേഹത്തിന്റെ താൽപര്യവും സമയോചിതമായ പ്രോത്സാഹനവും നിരന്തരമായ പിന്തുണയും എല്ലാവരുടെയും പൂർണ സംതൃപ്തിയിൽ നിർമാണം പൂർത്തിയാക്കാൻ ആത്മവിശ്വാസം നൽകിയതായി പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇമ്രാൻ പറഞ്ഞു. മാനേജിങ് കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് അബ്ദുൽ സലീം, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇമ്രാൻ, മാനേജ്മെന്റ് കമ്മിറ്റി എന്നിവർ ചേർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ മാർഗനിർദേശപ്രകാരം, വേനൽക്കാല അവധിക്കാലത്ത് അക്കാദമിക് പ്രവർത്തനങ്ങൾക്ക് ഒരു തടസ്സവുമില്ലാതെയാണ് സ്കൂൾ കെട്ടിട നവീകരണ പദ്ധതികൾ പൂർത്തിയാക്കിയത്. നവീകരണത്തിന്റെ ഭാഗമായി, എല്ലാ വാതിലുകളും മോടിയുള്ള അലൂമിനിയം വാതിലുകൾ ആക്കി മാറ്റി. കെട്ടിടത്തിന് ഒരു ആധുനിക രൂപം നൽകി സുരക്ഷയും സൗന്ദര്യവും വർധിപ്പിച്ചു.
കേടായ തറ നീക്കം ചെയ്യുകയും ക്ലാസ് മുറികളിലും ഇടനാഴികളിലും പ്രധാന ഇടനാഴിയിലും പുതിയ ടൈലുകൾ സ്ഥാപിക്കുകയും ചെയ്തു. ബാത്ത്റൂമുകളുടെ നവീകരണത്തിന് പ്രത്യേക ഊന്നൽ നൽകി അതിലെ എല്ലാ ഫിറ്റിങ്ങുകളും മാറ്റി. ശുചിത്വ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സൗകര്യങ്ങൾ പൂർണമായും നവീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.