അപർണ ലവകുമാർ - ചിത്രങ്ങൾ: ടി.എച്ച്. ജദീർ
അപർണയെ ഓർമയുണ്ടാകും. കൈയിൽ കിടന്ന വളകൾ ഊരിക്കൊടുത്തും മുടി മുറിച്ചുനൽകിയും ആംബുലൻസിന് ഓടി വഴിതീർത്തും ഇവർ തീർത്ത ജീവിതത്തിന് സ്വന്തം ജീവിതത്തിൽ അനുഭവിച്ച കണ്ണീരിന്റെയും വേദനയുടെയും ദുരിതത്തിന്റെയും കൈയൊപ്പുണ്ട്. ആ ജീവിതകഥയിലേക്ക്...
അണക്കെട്ടിന്റെയും വിമാനത്താവളത്തിന്റെയും നിർമാണ സ്ഥലങ്ങളിലെ ചായക്കടകളിൽ അച്ഛനുമമ്മക്കുമൊപ്പം ജീവിച്ച ബാല്യം. കുട്ടിത്തം വിടുംമുമ്പേ അമ്മ വീട്ടിലേക്കുള്ള മാറ്റം. ജീവിതത്തിന്റെ പ്രയാസങ്ങളിൽ ഓർഫനേജിൽനിന്നുള്ള പഠനം. ജീവിതം കരക്കണഞ്ഞു എന്ന് കരുതിത്തുടങ്ങിയ വിവാഹ ജീവിതം. കഠിന പ്രയത്നത്തിലൂടെ പൊലീസിൽ ജോലി. ജീവിതത്തിന്റെ ഏറ്റവും സുന്ദര ഘട്ടങ്ങളിൽ കടബാധ്യതയുടെ പേരിൽ പ്രിയപ്പെട്ടവന്റെ സ്വയം ലോകം വിട്ടുപോകൽ. പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികളുമായി ജീവിതം.
ഇതിനിടയിൽ സ്റ്റേഷനുകളിൽനിന്ന് സ്റ്റേഷനുകളിലേക്കുള്ള ഓട്ടം -അപർണ ലവകുമാർ എന്ന പൊലീസുകാരിയുടെ ജീവിതം വേണമെങ്കിൽ ഇങ്ങനെ ചുരുക്കിപ്പറയാം. എന്നാൽ, സഹജീവി സ്നേഹത്തിന്റെയും ആർദ്രതയുടെയും മറ്റൊരു വാക്കാണ് തൃശൂർ സിറ്റി വനിത പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അപർണ ലവകുമാർ. കൈയിൽ കിടന്ന വളകൾ ഊരിക്കൊടുത്തും മുടി മുറിച്ചുനൽകിയും ആംബുലൻസിന് ഓടി വഴിതീർത്തും ഇവർ തീർത്ത ജീവിതത്തിന് സ്വന്തം ജീവിതത്തിൽ അനുഭവിച്ച കണ്ണീരിന്റെയും വേദനയുടെയും ദുരിതത്തിന്റെയും കൈയൊപ്പുണ്ട്. ഓരോ മനുഷ്യനെയും തന്റെ അനുഭവങ്ങളിലൂടെ നോക്കിക്കാണുന്ന അപർണ, ജീവിതത്തിന്റെ പച്ചപ്പിലും പഴയകാലങ്ങളുടെ ഓർമകൾകൂടിയാണ് ഉണർത്തുന്നത്. ഈ ഓണക്കാലത്ത് മലയാളത്തിന് ഉയർത്തിക്കാട്ടാവുന്ന മനുഷ്യ സ്നേഹത്തിന്റെ മറുപേര് കൂടിയാണ് അപർണ.
തൃശൂർ ജില്ലയിലെ ചിമ്മിനി ഡാമിന്റെ നിർമാണം നടക്കുന്ന സമയം. അച്ഛൻ ലവകുമാർ അവിടെ ചായക്കടയിട്ടു. അമ്മ ശാന്തക്കും അനിയൻ അനീഷിനുമൊപ്പം അപർണയുടെയും ജീവിതം ആ ചായക്കടയിലേക്ക് പറിച്ചുനട്ടു. അച്ഛൻ ഉപജീവനത്തിനായി തുടങ്ങിയ ആ ചായക്കടയിൽ തന്നെയായിരുന്നു ഊണും കളിയും ഉറക്കവുമെല്ലാം. ഡാം നിർമാണ സ്ഥലമായിരുന്നു കളിയിടം. ഡാം നിർമാണം പൂർത്തിയായതോടെ ചിമ്മിനിയിൽനിന്ന് മടങ്ങി. ആ സമയത്തായിരുന്നു നെടുമ്പാശ്ശേരിയിൽ വിമാനത്താവള നിർമാണം ആരംഭിച്ചത്. ലവകുമാർ ചായക്കടയുമായി അങ്ങോട്ടേക്ക് നീങ്ങി. അമ്മ ശാന്തയും മക്കളായ അപർണയും അനീഷും അവിടെയുള്ള ചായക്കടയിലേക്ക് ജീവിതം പറിച്ചുനട്ടു.
ഇന്ന് നൂറുകണക്കിന് വിമാനങ്ങൾ പറന്നിറങ്ങുന്ന നെടുമ്പാശ്ശേരി അന്ന് പാടശേഖരങ്ങളാൽ നിറഞ്ഞിരുന്നു. വിമാനത്താവളത്തിന്റെ പണിക്കാർക്ക് ചായയും ഭക്ഷണവും ഒരുക്കുന്നതിനിടെ അപർണയും അവിടത്തെ ജീവിതവുമായി പയ്യെ ഇണങ്ങിത്തുടങ്ങിയിരുന്നു. അങ്ങനെയിരിക്കെയാണ് അപർണയെ അമ്മ വീട്ടിലേക്ക് മാറ്റുന്നത്. പഠിപ്പിക്കാനുള്ള കാശൊന്നും അച്ഛന്റെ കൈയിലുണ്ടായിരുന്നില്ല. അപ്പോഴാണ് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ക്രൈസ്റ്റ് വില്ല പുവർ ഹോം ഓർഫനേജിൽ എത്തുന്നത്. അപ്പോഴേക്കും ഏഴാം ക്ലാസുകാരിയായിരുന്നു. സേക്രഡ് ഹാർട്ട് സ്കൂളിലെ കന്യാസ്ത്രീകളും കൂട്ടുകാരുമൊക്കെയാണ് നല്ല വസ്ത്രങ്ങളും പുസ്തകങ്ങളുമായി അപർണക്ക് കൂട്ടായത്. പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം സർവേയർ കോഴ്സ് വിജയിച്ചു.
പ്രയാസങ്ങളുടെ കാലത്തുനിന്നുള്ള കര കയറ്റമായിരുന്നു വിവാഹം. ഭർത്താവ് രാജന് ഗൾഫിലായിരുന്നു ജോലി. കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചപ്പോഴും അപർണ, ജോലിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. രണ്ട് പെൺകുട്ടികളുമായി. ഇതിനിടെയാണ് ജോലിയെ കുറിച്ച് ആലോചിച്ചുതുടങ്ങുന്നത്. ആദ്യം പൊലീസ് ജോലിയും മനസ്സിലുണ്ടായിരുന്നില്ല. പി.എസ്.സി പരീക്ഷകൾ എഴുതിത്തുടങ്ങി. ആദ്യ ടെസ്റ്റ് തന്നെ പൊലീസിലേക്ക് ഉള്ളതായിരുന്നു.
മക്കൾ ദേവികയ്ക്കും ഗൗരിക്കുമൊപ്പം അപർണ ലവകുമാർ
അത് പാസായതോടെ 2002ൽ സിവിൽ പൊലീസ് ഓഫിസറായി ജോലിക്ക് കയറി. 26ാം വയസ്സിലായിരുന്നു അത്. ഒമ്പത് മാസത്തെ പരിശീലനത്തിനൊടുവിൽ ബെസ്റ്റ് കാഡറ്റ് ആയാണ് പുറത്തിറങ്ങിയത്. ജീവിതത്തിലെ സന്തോഷകാലം അധികം നീണ്ടില്ല. ഭർത്താവ് നാട്ടിൽ തുടങ്ങിയ ബിസിനസ് തകർന്നു. വൻ കടബാധ്യതയുമായി. ബാങ്ക് ജപ്തി നോട്ടീസ് അയച്ചതോടെ 2009ൽ അപർണയെയും രണ്ട് മക്കളെയും തനിച്ചാക്കി രാജൻ സ്വയം ജീവിതത്തിൽനിന്ന് വിടവാങ്ങി. അവിടെയും അപർണ തളർന്നുനിന്നില്ല. രണ്ട് മക്കളെയുംകൊണ്ട് ജീവിതം പതിയെ കരകയറ്റി. മക്കൾക്ക് ഉന്നത പഠനത്തിന് അവസരമുണ്ടാക്കുകയും ഒരാളുടെ വിവാഹം നടത്തുകയും ചെയ്തു.
അപർണയെ കേരളം ആദ്യം അറിയുന്നത് 2008ലാണ്. അന്ന് ഒല്ലൂർ സ്റ്റേഷനിലായിരുന്നു ജോലി. ജില്ല ആശുപത്രിയിൽ എത്തിയപ്പോഴാണ് ആൾക്കൂട്ടം ശ്രദ്ധയിൽപെടുന്നത്. ബന്ധുവിന്റെ അടിയേറ്റ് തൃശൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചിരുന്നു. മൃതദേഹം വിട്ടുകിട്ടണമെങ്കിൽ 60,000 രൂപ കെട്ടിവെക്കണമായിരുന്നു. ഉടൻ സ്റ്റേഷനിലേക്ക് വിളിച്ചു. സി.ഐ ഇടപെട്ടതോടെ 30,000 രൂപയായി കുറച്ചു.
മൃതദേഹം വിട്ടുകിട്ടണമെങ്കിൽ 30,000 രൂപ കെട്ടിവെക്കണമായിരുന്നു. അപ്പോഴാണ് ആ സ്ത്രീയുടെ ബന്ധു അപർണയുടെ കൈപിടിച്ചിട്ട് 30,000 രൂപ പോയിട്ട് 30 രൂപ കൈയിലില്ല എന്നുപറഞ്ഞ് കരയുന്നത്. മറ്റൊന്നും അപർണ ആലോചിച്ചില്ല. കൈയിൽ കിടന്ന മൂന്ന് വള ഊരിക്കൊടുത്തു. ആ വളകൾ പണയം വെച്ചാണ് അന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. തൃശൂർ ജില്ല ആശുപത്രിയിൽ വെച്ചുള്ള സ്വന്തം അനുഭവംതന്നെയാണ് വളകൾ ഊരിക്കൊടുക്കാനും അപർണക്ക് പ്രേരണയായത്.
അന്ന് പത്താം ക്ലാസുകാരിയായിരുന്നു. അച്ഛൻ കടുത്ത പനി ബാധിച്ച് അഡ്മിറ്റ് ചെയ്യപ്പെട്ടു. ഡോക്ടർ പുറത്തുനിന്ന് മരുന്ന് എഴുതിക്കൊടുത്തപ്പോൾ വാങ്ങാനുള്ള പൈസ ഉണ്ടായിരുന്നില്ല. ആ കൗമാരക്കാരിയുടെ വെപ്രാളം കണ്ട് കാര്യം മനസ്സിലാക്കിയ ആശുപത്രിയിലെത്തിയ ഒരാളാണ് അന്ന് മരുന്നിന് പൈസ നൽകിയത്. അതിനു മുമ്പോ ശേഷമോ അദ്ദേഹത്തെ കണ്ടിട്ടില്ലെന്ന് അപർണ ഓർക്കുന്നു. അപർണ നൽകിയ വളകൾ രണ്ട് ദിവസം കഴിഞ്ഞപ്പോൾ തിരികെ കൊണ്ടുവന്ന് ഏൽപിച്ചിരുന്നു. ആരുടെയൊക്കെയോ സഹായത്താൽ പണയത്തിൽനിന്നാണ് എടുത്ത് നൽകിയതെന്നാണ് ആ മനുഷ്യൻ പറഞ്ഞത്.
ഒരു കുട്ടിയുടെ സങ്കടം; മുടി മുറിക്കൽ
പൊലീസിൽ ജോലി ലഭിക്കുമ്പോൾ മുടി മുറിക്കേണ്ടി വരുമെന്നതായിരുന്നു അപർണയുടെ ഏറ്റവും വലിയ പേടി. എന്നാൽ, പൊലീസ് ജോലിക്കിടയിലെ അനുഭവം തന്നെയാണ് മുടി പൂർണമായും മുറിക്കുന്നതിന് പ്രേരണയായത്. സ്കൂളുകളിൽ ക്ലാസെടുക്കാൻ പോകുന്നത് പതിവായിരുന്നു. അങ്ങനെയിരിക്കെയാണ് തൃശൂരിലെ ഒരു സ്കൂളിലെത്തിയപ്പോൾ ഏഴാം ക്ലാസുകാരനെ കണ്ടത്. അർബുദം ബാധിച്ച് ചികിത്സയുടെ ഭാഗമായി മുടി കൊഴിഞ്ഞ അവസ്ഥയിലായിരുന്നു അവൻ.
കുട്ടികൾ കളിയാക്കുമെന്ന പേടിയിൽ ക്ലാസിൽ വരാൻ മടിയാണെന്നും ആ കുരുന്ന് പറഞ്ഞു. ഇതോടെ അപർണ ഒരു തീരുമാനത്തിലെത്തുകയായിരുന്നു. അർബുദ ബാധിതർക്ക് വിഗ് നിർമിക്കാനായി തന്റെ മുടി മുറിച്ചുനൽകി. അധികം വൈകാതെ ഉന്നത അധികൃതരുടെ അനുമതിയോടെ തല പൂർണമായും മുണ്ഡനം ചെയ്യുകയും ചെയ്തു. 2016ലും 2019ലുമായിരുന്നു ഈ സംഭവങ്ങൾ. മക്കളായ ദേവികയും ഗൗരിയും അമ്മയുടെ പാത പിന്തുടർന്ന് വിഗ് നിർമാണത്തിന് മുടി മുറിച്ചുനൽകുകയും ചെയ്തു.
കഴിഞ്ഞ വർഷത്തെ പൊലീസ് അത്ലറ്റിക് മീറ്റിൽ 100 മീറ്റർ ജേതാവാണ് അപർണ. അതിലും വലിയ ഓട്ടമാണ് 2025 ആഗസ്റ്റ് 10ന് തൃശൂർ അശ്വനി ജങ്ഷനിൽ നടത്തിയത്. ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിന് വഴികാട്ടാൻ പൊലീസ് ജീപ്പിൽനിന്ന് ഇറങ്ങി അതിവേഗത്തിൽ ഓടി വാഹനങ്ങൾ മാറ്റി ആംബുലൻസിന് വഴിയൊരുക്കുകയായിരുന്നു. ആ ദൃശ്യങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘വീട്ടിൽ നിൽക്കുന്നതിനേക്കാൾ കൂടുതൽ സമയം ഞങ്ങൾ ചെലവഴിക്കുന്നത് സ്റ്റേഷനിലാണ്, അതുകൊണ്ട് ഇവിടം ഞങ്ങളുടെ സ്വന്തം വീട് പോലെയാണ് ഞങ്ങൾ പരിപാലിക്കുന്നത്’ അപർണ പറയുന്നു. ആ വാക്കുകളെ അന്വർഥമാക്കുന്ന കാഴ്ചയാണ് തൃശൂർ സിറ്റി വനിത പൊലീസ് സ്റ്റേഷനിൽ എത്തുന്നവരെ വരവേൽക്കുന്നത്. സ്റ്റേഷൻ മുറ്റം നിറയെ പൂക്കളും ചെടികളും വെച്ചുപിടിപ്പിച്ച് ഒരു പൂന്തോട്ടം പോലെയാണ് അവർ സൂക്ഷിക്കുന്നത്. ഒഴിവ് സമയങ്ങളിൽ ഈ ചെടികളെ പരിപാലിക്കുന്നതിലും അവർ സന്തോഷം കണ്ടെത്തുന്നു. മേലുദ്യോഗസ്ഥരുടെ പൂർണ പിന്തുണയോടെ, തങ്ങളുടെ കർമമണ്ഡലം സൗന്ദര്യവും പോസിറ്റിവ് എനർജിയും നിറഞ്ഞൊരിടമാക്കി മാറ്റാൻ അപർണയെപ്പോലുള്ള ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നു. പൊലീസിങ്ങിന്റെ തിരക്കുകൾക്കിടയിലും തങ്ങളുടെ ചുറ്റുപാടുകളെ സ്നേഹിക്കാനും പരിപാലിക്കാനും അവർ സമയം കണ്ടെത്തുന്നു എന്നതിന്റെ നേർസാക്ഷ്യമാണിത്.
2002ലാണ് അപർണ പൊലീസ് സേനയുടെ ഭാഗമാകുന്നത്. പൊലീസ് അക്കാദമിയിലെ ‘ബെസ്റ്റ് കേഡറ്റ്’ ആയിരുന്നു. പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട തുടങ്ങിയ സ്റ്റേഷനുകളിലെ സേവനത്തിനു ശേഷം പ്രമോഷനോടെ തൃശൂരിലെത്തി. വനിത സ്റ്റേഷനിലും സൈബർ സെല്ലിലും സേവനമനുഷ്ഠിച്ച് ഇപ്പോൾ എ.എസ്.ഐ ആയി പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ അടക്കം ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
‘ഏതെങ്കിലും ഒരു ജോലി വേണം എന്നേ അന്ന് ചിന്തിച്ചിരുന്നുള്ളൂ. പക്ഷേ, ഈ യൂനിഫോം അണിഞ്ഞപ്പോഴാണ് എനിക്ക് കിട്ടാവുന്നതിൽവെച്ച് ഏറ്റവും നല്ല ജോലിയാണിതെന്ന് മനസ്സിലായത്. ഞാനിപ്പോൾ എന്റെ ജോലി അങ്ങേയറ്റം ആസ്വദിക്കുന്നുണ്ട്. കൂടുതൽ സമയം ഞങ്ങൾ സ്റ്റേഷനിലാണ്. അതുകൊണ്ട് ഇവിടം സ്വന്തം വീട് പോലെയാണ്.’ അപർണ പറയുന്നു.
പൊലീസിനെക്കുറിച്ചുള്ള പഴയ ധാരണകളെല്ലാം മാറിയെന്നും ഇന്ന് പൊലീസ് ജനങ്ങളുടെ തോൾചേർന്ന് പ്രവർത്തിക്കുന്ന സേനയാണെന്നും അപർണ വിശ്വസിക്കുന്നു. ‘പൊതുജനങ്ങളുടെ സഹകരണമില്ലാതെ പൊലീസിങ്ങിന് മുന്നോട്ടു പോകാനാവില്ല. വൺമാൻ ഷോ ആയി ഒന്നും ചെയ്യാൻ സാധിക്കില്ല. ജനങ്ങളുടെ വിശ്വാസം നേടുന്നതിലാണ് ഞങ്ങളുടെ വിജയം. വ്യക്തിജീവിതത്തിൽ പല സമ്മർദങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും തന്റെ കർത്തവ്യ നിർവഹണത്തിന് തടസ്സമാകാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. നമ്മളെ വിശ്വസിച്ച് മുന്നിൽ വരുന്ന ഒരുപാട് സാധാരണക്കാരുണ്ട്. നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾക്കൊന്നും ഈ യൂനിഫോമിൽ സ്ഥാനമില്ല.’ അപർണ പറഞ്ഞുനിർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.