സഹോദരിമാരായ രമണി മേനോനും വത്സല മേനോനും സ്വിറ്റ്സർലൻഡിലെ മൗണ്ട് ടിറ്റ്ലിസിനു മുന്നിൽ


‘പ്രായം 86ഉം 84ഉം, സഹോദരിമാരായ വത്സല മേനോനും രമണി മേനോനും 16 വർഷംകൊണ്ട് കണ്ടുതീർത്തത് 16 രാജ്യങ്ങൾ’ -സമയവും കാലവും പ്രായവും പ്രശ്നമാക്കാതെ യാത്ര ചെയ്യുന്ന ഇവരുടെ യാത്രാജീവിതത്തിലൂടെ...

സഹോദരിമാരായ വത്സല മേനോനും രമണി മേനോനും പ്രായം 86ഉം 84ഉമാണ്. പ്രായംകൊണ്ട് തളർത്താനാകാത്ത ഇരുവരും ഇന്ന് ലോകം ചുറ്റിക്കാണുകയാണ്, ചുറുചുറുക്കോടെ. അടുത്തിടെ ഇരുവരും യാത്ര ചെയ്തത് എട്ടു യൂറോപ്യൻ രാജ്യങ്ങളിലൂടെയാണ്...

കണ്ടുതീരാത്ത കാഴ്ചകളെ ഇനിയും കാണാനുള്ള ആഗ്രഹത്തോടെ കാത്തിരിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ആ മനുഷ്യരുടെ യാത്രകളെ സ്വപ്നങ്ങളാക്കി മാത്രം നിർത്തുന്നത് പ്രായമോ പണമോ സാഹചര്യമോ ആവാം. ഒരു യാത്രയെ കുറിച്ചാലോചിക്കുന്ന മനുഷ്യരുടെ കാലചക്രം ഇങ്ങനെയാണ്.

പ്രായമൊരു പ്രശ്നമാവാത്തിടത്ത് പണം പ്രശ്നമാവും, പണം പ്രശ്നമല്ലാത്തിടത്ത് സമയവും സാഹചര്യവും പ്രശ്നമാവും, സമയവും പണവും വന്നുചേരുമ്പോൾ പ്രായം ഒരുപക്ഷേ നമ്മെ തളർത്തിയിരിക്കും.

എന്നാൽ, ദൃഢനിശ്ചയം കൊണ്ട് വീണ്ടെടുത്ത സ്ഥിരോത്സാഹത്തോടെ ആ തത്ത്വം മാറ്റിയെഴുതിയിരിക്കുകയാണ് രണ്ടു സഹോദരിമാർ. സമയവും കാലവും പ്രായവും പ്രശ്നമാക്കാതെ യാത്ര ചെയ്യുന്ന ആ രണ്ടു പേരുടെ പെരുമയെക്കുറിച്ചറിഞ്ഞാലോ...

തൃശൂർ വടക്കാഞ്ചേരിക്കാരായ സഹോദരിമാരായ വത്സല മേനോനും രമണി മേനോനും നിലവിൽ പ്രായം 86ഉം 84ഉമാണ്. വയസ്സുകൊണ്ട് ഒരൽപം വലുതാണെങ്കിലും മനസ്സുകൊണ്ട് ഇന്നും ചെറുപ്പമാണിവർ.

പ്രായംകൊണ്ട് തളർത്താനാകാത്ത ഇരുവരും ഇന്ന് ലോകം ചുറ്റിക്കാണുകയാണ്, ചുറുചുറുക്കോടെ. ഏതാനും ദിവസംമുമ്പ് ഇരുവരും യാത്ര ചെയ്തത് എട്ടു യൂറോപ്യൻ രാജ്യങ്ങളിലൂടെയാണ്. അവിശ്വസനീയമാണ് ഇരുവരുടെയും ജീവിതയാത്ര.

ജർമൻ യാത്രക്കിടെ

എഴുപതിന്റെ ചെറുപ്പത്തിൽ യാത്ര ആരംഭിക്കുന്നു

സർവിസിൽനിന്ന് വിരമിച്ചശേഷം വിശ്രമജീവിതത്തിലായിരുന്നു വത്സല. ഭർത്താവ് വർഷങ്ങൾക്കുമുമ്പേ വിട്ടുപോയി. ഇവർക്ക് മക്കളില്ല. പിന്നീട് സഹോദരി രമണിയുടെ കൂടെ അവരുടെ കുടുംബത്തോടൊപ്പം അവരിലൊരാളായി എത്തുകയായിരുന്നു.

രണ്ടു വയസ്സിന്‍റെ വ്യത്യാസമാണ് ഇരുവർക്കും. മുമ്പ് ചെറു യാത്രകളൊക്കെ ഭർത്താക്കന്മാരുടെ കൂടെ ചെയ്തിട്ടുണ്ടെങ്കിലും മനസ്സിലെന്നും ഓർത്തിരിക്കാൻ പാകത്തിലുള്ള യാത്രകൾ ജീവിതത്തിലുണ്ടായിരുന്നില്ല.

എഴുപതികളിലെത്തിയപ്പോഴാണ് ഇരുവർക്കും യാത്രയോട് അതിയായ പ്രിയം വന്നുതുടങ്ങുന്നത്. ആദ്യം ഇന്ത്യയിലെ ആത്മീയ നഗരങ്ങളും ക്ഷേത്രങ്ങളും സന്ദർശിച്ചുതുടങ്ങി. കാശി, മഥുര, രാമേശ്വരം, അയോധ്യ, ബദ്രീനാഥ് തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളും ഇരുവരും സന്ദർശിച്ചിട്ടുണ്ട്. ശബരിമലയിൽ ഏഴുവർഷത്തോളം നടന്നുതന്നെ കയറിയിട്ടുണ്ട്.

അങ്ങനെയിരിക്കെയാണ് യാത്രകളെ രാജ്യാതിർത്തി കടത്താനൊരാഗ്രഹമുദിക്കുന്നത്. മക്കളുടെയും പേരക്കുട്ടികളുടെയും പൂർണ പിന്തുണ കൂടിയായപ്പോൾ യാത്രക്കൊരുങ്ങാൻ ഇരുവർക്കും മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല.

വത്സല മേനോൻ, ഡോ. വി. ബിന്ദു, രമണി മേനോൻ എന്നിവർ ഈഫൽ ടവറിനു മുന്നിൽ

16 വർഷം, 16 രാജ്യം

നാടും വീടും രാജ്യവും കണ്ട് സ്വന്തമാക്കിയ യാത്രാനുരാഗങ്ങളെ കംബോഡിയയിലെത്തിച്ചാണ് അന്താരാഷ്ട്ര യാത്രക്ക് തുടക്കമിട്ടത്. കഴിഞ്ഞ 16 വർഷംകൊണ്ട് കണ്ടുതീർത്തത് 16 രാജ്യങ്ങളാണ്. വിയറ്റ്നാം, മ്യാന്മർ, തായ്‍ലൻഡ്, ശ്രീലങ്ക, മലേഷ്യ തുടങ്ങി ഒടുവിൽ നടത്തിയ എട്ടു യൂറോപ്യൻ രാജ്യങ്ങളിലെ പര്യടനം അടക്കം നൽകിയ അനുഭൂതി ഇപ്പോഴും വിട്ടുപോയിട്ടില്ല. ഇനിയും യാത്രകൾക്കായുള്ള ഒരുക്കത്തിൽ തന്നെയാണ് ഇരുവരും.

എല്ലാ യാത്രയിലും കുടുംബാംഗങ്ങളുടെ സാന്നിധ്യമുണ്ടാകും. എങ്കിലും തങ്ങൾക്കുള്ളതെല്ലാം കരുതുന്നതും ഒരുക്കുന്നതും സ്വന്തമായാണ്. എന്തിനേറെ യാത്രക്കുള്ള ചെലവ് പോലും സ്വന്തമാ‍യാണ് വഹിക്കുന്നത്.

യാത്രാ ചെലവിന്‍റെ കാര്യത്തിൽ ഇരുവർക്കും കർശന നിലപാടാണ്. യാത്രയിലുടനീളം തങ്ങളുടെ ചെലവ് ആരെടുത്താലും ആ തുക വീട്ടിലെത്തുംമുമ്പ് തിരികെ നൽകുന്നതാണ് ശൈലി. അതിനായുള്ള ഡെപ്പോസിറ്റുകൾ നേരത്തേതന്നെ ഇരുവരും ബാങ്കുകളിൽ കരുതിയിട്ടുണ്ട്. ബാഗുകൾ സ്വന്തമായി എടുത്തും നടക്കേണ്ടിടത്ത് മറ്റു സഹായങ്ങളൊന്നുമില്ലാതെ നടന്നും യാത്രയെ ആസ്വദിക്കും, പരാതികളേതുമില്ലാതെ...

‘പ്രായമായവരെ വീട്ടിലിരുത്തിയാൽ പോരെ?’... മറുപടിയുണ്ട്

പ്രായമായവരെ എന്തിനാണ് ബുദ്ധിമുട്ടിച്ച് കൊണ്ടുവരുന്നതെന്ന വാക്ക് പലയിടത്തുനിന്നും കേട്ടിരുന്നു. ഒരിക്കൽ യാത്ര ചെയ്യുന്ന ബസിലെ ജോലിക്കാരുടെ വാക്കുകളും ഇത്തരത്തിൽ തേടിയെത്തി. സന്തോഷത്തിനിടയിലെ ഇത്തരം വാക്കുകളെ പൂർണ അവഗണനയോടെ തള്ളാറാണ് ചെയ്യാറ്.

എന്നാൽ, ഇത്തവണ കൂടെ ഉണ്ടായിരുന്നവർ തന്നെ ബസുകാർക്ക് മറുപടി നൽകുകയായിരുന്നു. ഞങ്ങൾക്കില്ലാത്ത ബുദ്ധിമുട്ടെന്താണ് നിങ്ങൾക്കെന്നാണ് അത്തരം ചോദ്യങ്ങളോടുള്ള ബന്ധുക്കളുടെ മറുചോദ്യം.

ഒരേ വൈബ്, ഒറ്റ മൈൻഡ്

എപ്പോഴും ഒരേ വൈബാണ് ഇരുവരും. സിനിമക്ക് പോകാനോ പുറത്ത് മറ്റ് ആവശ്യങ്ങൾക്ക് പോകാനോ മക്കളാരെങ്കിലും അറിയിച്ചാൽ എല്ലാം മാറ്റിവെച്ച് റെഡിയാകും. ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പുറത്തുപോകാമെന്നറിയിച്ചാൽ അവയെല്ലാം റഫ്രിജറേറ്ററിൽ കേറും. പിന്നെ ആഘോഷത്തിന് അവരോടൊപ്പം കൂടും. അത്രയേറെ യാത്രകളെയും ഉല്ലാസങ്ങളെയും ഇഷ്ടപ്പെടുന്നവരാണ് രണ്ടു പേരും. അതുകൊണ്ടുതന്നെ മക്കൾക്കും വലിയ കാര്യമാണ്.

പരസ്പര സ്നേഹവും സാഹോദര്യവും ബഹുമാനവും ഇവർക്കാ വീട്ടിൽ വേണ്ടുവോളം ലഭിക്കുന്നുണ്ട്. ആ സ്നേഹത്തലോടലുകളുടെ തണലിൽ ഊർജത്തോടെ പ്രായത്തെ ഭേദിച്ച് പ്രയാണം തുടരുകയാണ് ഇരുവരും.

അടുത്ത ലക്ഷ്യം ലക്ഷദ്വീപ്

ബസും കാറും ട്രെയിനും വിമാനവും കയറിയ ഇരുവർക്കും ഇനി കപ്പലിൽ കയറണമെന്നാണ് ആഗ്രഹം. അതിനായുള്ള ഒരുക്കവും നടന്നുവരുന്നുവെന്നാണ് ചെറുചിരിയോടെ ഇരുവരും പറയുന്നത്. ലക്ഷദ്വീപാണ് അടുത്ത ലക്ഷ്യം.

കൂടെയുള്ളവർ എപ്പോൾ സന്നദ്ധരാകുന്നോ അന്ന് വത്സലയും രമണിയും ലക്ഷദ്വീപെന്ന ലക്ഷ്യത്തിലേക്ക് യാത്രതിരിക്കും.

പറയാനുള്ളത് ഇത്രമാത്രം

യാത്രകളെക്കുറിച്ച് രണ്ടുപേർക്കും പറയാനുള്ളത് ഇതാണ്: ‘‘യാത്രകൾ നൽകുന്നത് പുതിയ ഓർമകളാണ്. അതുപോലെ മാനസിക സന്തോഷവും. വീട്ടിലിരുന്നാൽ ഒരുപാട് വേണ്ടാത്ത ചിന്തകളാണ്. യാത്രയിലാണെങ്കിൽ അത്തരത്തിൽ ഒന്നും ഓർക്കില്ല. മനസ്സിന് കുളിർമ ലഭിക്കും.

ആരെയും ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്യണമെന്നാണ് ആഗ്രഹം. മക്കളുടെയും പേരക്കുട്ടികളുടെയും പിന്തുണ ഞങ്ങൾക്കെപ്പോഴുമുണ്ട്. ആരോഗ്യമുള്ള കാലത്തോളം യാത്ര ചെയ്യണം. പ്രായമായെന്നുകരുതി ആരും വീട്ടിലിരിക്കരുത്. പലരും തളർത്താനുള്ള ചോദ്യങ്ങളുമായി വരും’’.

ഇമ്പമുള്ള കൂട്ട്

വത്സലക്കും രമണിക്കും കുടുംബം തന്നെയാണ് ഇമ്പമുള്ള കൂട്ട്. തങ്ങൾ എവിടെയെല്ലാം യാത്ര ചെയ്തോ അതിനെല്ലാം കാരണം സഹവാസികളാണെന്ന് ഇരുവരും പറയുന്നു.

രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ അധ്യാപികയായ മകൾ ബിന്ദുവും ‘രക്തരക്ഷസ്സ്’, ‘കടമറ്റത്തു കത്തനാർ’ തുടങ്ങിയ പ്രശസ്ത നാടകങ്ങൾ സംവിധാനം ചെയ്ത കലാനിലയം തിയറ്റർ ഉടമയായ മരുമകൻ അനന്തപത്മനാഭനും കൂടെ‍‍യുണ്ട്. വിദേശത്ത് ആർക്കിടെക്ടാ‍യി ജോലിചെയ്യുന്ന പേരമകൻ ഗൗതമും നർത്തകിയായ പേരമകൾ ഗായത്രിയും അവരുടെ ഭർത്താവ് ഗോവിന്ദും കുട്ടികളായ ‍ക്ഷേത്രയും ത്രിലോകും അടങ്ങിയ ഈ കുടുംബം എന്നും വത്സല മേനോനും രമണി മേനോനും കൂട്ടായിട്ടുണ്ട്. അത് ജീവിതത്തിലായാലും യാത്രയിലായാലും.

മകൾ ബിന്ദുവിന്‍റെ സുഹൃത്ത് ജിജിയാണ് ഇരുവരുടെയും മറ്റൊരു സഹയാത്രിക. ഇരുവരും അമ്മമാരും ഒന്നിച്ചാണ് പലയിടത്തും യാത്ര ചെയ്തതും. വത്സല മേനോനും രമണി മേനോനും മികച്ച സഹയാത്രികരാണ് ജിജിയും മകൾ ബിന്ദുവും. ആ കൂട്ടിലൊരു പ്രത്യേക ഓളം നാലുപേരും കണ്ടെത്തിയിരുന്നു.

Tags:    
News Summary - valsala menon and ramani menon, who travel regardless of time, season, or age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.