മനാമയുടെ രാത്രി കാഴ്ച
വൈവിധ്യമാർന്ന സംസ്‌കാരം നിലനിർത്തുമ്പോഴും ആധുനികവും പരമ്പരാഗതവുമായ ജീവിതശൈലികളെ ഉൾക്കൊള്ളുന്ന ദ്വീപസമൂഹമായ ബഹ്റൈൻ രാജ്യത്തിലേക്ക്...
‘രണ്ട് കടലുകൾ’ എന്നർഥമുള്ള അൽ-ബഹ്റൈൻ എന്ന അറബി പദത്തിൽനിന്ന് ഉരുത്തിരിഞ്ഞ ബഹ്റൈൻ, പേർഷ്യൻ ഗൾഫിന്‍റെ തെക്കുപടിഞ്ഞാറൻ തീരത്തെ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപ് രാഷ്ട്രമാണ്.
30ലധികം ചെറുദ്വീപുകളും 50ലധികം കൃത്രിമ ദ്വീപുകളും അടങ്ങുന്ന ഒരു ദ്വീപസമൂഹമാണ് ബഹ്റൈൻ. അയൽരാജ്യമായ സൗദി അറേബ്യയിൽനിന്നുള്ള വാരാന്ത്യ സന്ദർശകർ ഈ രാജ്യം വളരെക്കാലമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
വൈവിധ്യമാർന്ന സംസ്‌കാരം നിലനിർത്തുമ്പോഴും ആധുനികവും പരമ്പരാഗതവുമായ ജീവിതശൈലികളെ അതിശയകരമാംവിധം ഉൾക്കൊള്ളുന്നുമുണ്ട് ഈ രാജ്യം.
ഇവിടെ എത്തുന്ന സന്ദർശകർക്ക് അംബരചുംബികളായ കെട്ടിടങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, കൂടാതെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച കേന്ദ്രങ്ങൾ എന്നിവ ആസ്വദിക്കാനുള്ള പ്രത്യേക സജ്ജീകരണങ്ങളും രാജ്യം ഒരുക്കുന്നുമുണ്ട്.
പ്രാദേശിക കലയുടെയും സംസ്‌കാരത്തിന്‍റെയും ഒരു കേന്ദ്രം കൂടിയാണ് ബഹ്‌റൈൻ. ഒപ്പം കുതിച്ചുയരാൻ തയാറുള്ളവർക്കായി എണ്ണമറ്റ ബിസിനസ് പ്രപ്പോസലുകളും ഓഫർ ചെയ്യുന്നുണ്ട്.
മറഞ്ഞിരിക്കുന്ന ദ്വീപുകൾ മുതൽ പുരാതന കോട്ടകളും ആകർഷകമായ ഇസ്ലാമിക വാസ്തുവിദ്യയുമെല്ലാം ബഹ്‌റൈൻ എന്ന രാജ്യത്തെ ആകർഷകമാക്കുന്നതോടൊപ്പം ലോകരാജ്യങ്ങൾക്കുമുന്നിൽ ഈ കൊച്ച് ദ്വീപസമൂഹത്തെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്.
ജരാദ ദ്വീപ്
ജരാദ ദ്വീപ്
ബഹ്‌റൈനിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നാണ് ജരാദ ദ്വീപ്. മനാമയിൽനിന്ന് 32 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ജരാദ തെളിഞ്ഞ വെള്ളവും മനോഹരമായ മണലും പ്രദാനം ചെയ്യുന്നു.
മുൻകാലങ്ങളിൽ ബോട്ടുകളും സ്പീഡ് ബോട്ടുകളും ഉള്ളവർക്ക് മാത്രമേ ഈ ദ്വീപിലേക്ക് എത്തിപ്പെടാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, ഇന്ന് ധാരാളം ടൂർ ഓപറേറ്റർമാർ എല്ലാ യാത്രക്കാർക്കും ബോട്ട് സവാരി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ പിക്നിക്കുകൾ, നീന്തൽ, സ്നോർക്കെല്ലിങ്, സർഫിങ്, ഡൈവിങ്, ജെറ്റ് സ്കീയിങ്, പാരാസെയിലിങ് എന്നിങ്ങനെ നിരവധി പാക്കേജുകളും ലഭ്യമാണ്.
എന്നിരുന്നാലും, ഈ താഴ്ന്ന ദ്വീപ് വേലിയേറ്റത്തിൽ അപ്രത്യക്ഷമാവുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അതിനാൽ, അതിന്‍റെ സുവർണ മണൽ പരമാവധി ആസ്വദിക്കാൻ സന്ദർശകർ ശ്രദ്ധാപൂർവം സമയം നോക്കി കാത്തിരിക്കുന്നതും കാണാം. അതിമനോഹര കാഴ്ചകളും സമാനതകളില്ലാത്ത ശാന്തതയുമുള്ള ജരാദ ദ്വീപ് ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് ശാന്തമായ അന്തരീക്ഷം സമ്മാനിക്കുന്നു.
ഹവാർ ദ്വീപ്
ഹവാർ ദ്വീപുകൾ
36 ദ്വീപുകളുള്ള ഈ ദ്വീപസമൂഹം ബഹ്‌റൈനിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ്. വംശനാശഭീഷണി നേരിടുന്ന പച്ച ആമകളും ഡുഗോംഗുകളും ഉൾപ്പെടെയുള്ള വന്യജീവികളുടെ അതിശയകരമായ ശ്രേണിക്ക് പേരുകേട്ടതാണ് ഹവാർ ദ്വീപുകൾ.
19ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ അവിടെ സ്ഥിരതാമസമാക്കിയ ദവാസിറിന്‍റെ (അറേബ്യൻ ബെഡൂയിൻ ട്രൈബൽ കോൺഫെഡറേഷൻ) ബഹ്‌റൈൻ ശാഖയുടെ വാസസ്ഥലങ്ങളിലൊന്നായാണ് ഈ ദ്വീപുകൾ ഉപയോഗിച്ചിരുന്നത്. ഇന്ന്, ദ്വീപുകൾ ജനവാസമില്ലാത്തതാണ്. കൂടാതെ, പ്രധാന ദ്വീപിലെ ഒരു പൊലീസ് ഗാരിസണും ഒരു ഹോട്ടലും ഒഴിച്ചുനിർത്തിയാൽ ഇവിടേക്കുള്ള പ്രവേശനം ഇന്ന് കർശനമായി നിയന്ത്രിച്ചിരിക്കുന്നു.
ഈ ദ്വീപസമൂഹത്തിൽ 36 ദ്വീപുകൾ ഉണ്ടെങ്കിലും പ്രധാന ദ്വീപായ ഹവാർ ആണ് ഏറ്റവും വലുത്. ഏകദേശം 300 ഇനം പക്ഷികളുടെ ദേശാടന പാതയിലാണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. ദ്വീപുകളിലെ വന്യജീവികളുടെ അപൂർവത കാരണം, ദ്വീപുകളും അവയുടെ സമുദ്ര ചുറ്റുപാടുകളും ഒരു വന്യജീവി സങ്കേതമായി സംരക്ഷിക്കാനും നിലനിർത്താനും 1995ൽ ഒരു രാജകൽപന പാസാക്കിയിരുന്നു.
സന്ദർശകർക്ക് ദ്വീപിലെ ഒരേയൊരു ഹോട്ടലായ ഹവാർ ബീച്ച് ഹോട്ടലിൽ രാത്രി താമസിക്കാം. കൂടാതെ ഗസൽ, ഓറിക്‌സ് തുടങ്ങിയ വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ പ്രകൃതിസൗഹൃദ ബസ് ടൂറുകളിലോ ഗൈഡഡ് സഫാരി ടൂറുകളിലോ സമയം ചെലവഴിക്കാം. അല്ലെങ്കിൽ ദ്വീപിന് ചുറ്റുമുള്ള മൗണ്ടൻ ബൈക്കിങ് ടൂറുകളിലോ ജല കായിക വിനോദങ്ങളിലോ ഏർപ്പെടാം.
മനാമയിൽനിന്ന് ബോട്ട് വഴി മാത്രമേ ഹവാർ ദ്വീപുകളിലേക്ക് പോകാനാകൂ. യാത്രക്ക് ഏകദേശം 45 മിനിറ്റ് എടുക്കും. സ്വകാര്യ ടൂർ ഓപറേറ്റർമാരുമായി ഇത് ക്രമീകരിക്കാം.
മനാമ
ബഹ്‌റൈനിലെ ഏറ്റവും വലിയ നഗരവും കോസ്‌മോപൊളിറ്റൻ തലസ്ഥാനവുമായ മനാമ വടക്കുകിഴക്കൻ മൂലയിലെ ഒരു ചെറിയ ഉപദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. വെങ്കലയുഗം വരെ മനാമ മെസപ്പൊട്ടോമിയക്കും സിന്ധു നദീതടത്തിനും ഇടയിലുള്ള പ്രധാന കേന്ദ്രമായിരുന്നു -പുരാതന കാലത്തെ പ്രധാന വ്യാപാര മേഖലകൾ. എന്നാൽ, എണ്ണ സമ്പത്താണ് നഗരത്തെ വൈവിധ്യവത്കരിക്കാനും ആത്യന്തികമായി ഒരു പ്രധാന സാമ്പത്തിക കേന്ദ്രമാകാനും സഹായിച്ചത്.
ഇവിടെ ബാറുകളും നിശാ ക്ലബുകളുമുണ്ട്. കൂടാതെ, സ്ത്രീകൾ വോട്ടുചെയ്യുന്നു, കാറോടിക്കുന്നു. ദേശീയ കായിക വിനോദമായ ഫുട്‌ബാളിൽ ഈ നാട്ടുകാർക്ക് ആവേശം കൂടുതലാണ്. ഉരുക്ക് അംബരചുംബികൾക്കും ശോഭയുള്ള ലൈറ്റുകൾക്കും അപ്പുറം മനാമയുടെ പഴയ സാംസ്കാരിക കേന്ദ്രങ്ങൾ ഇപ്പോഴും സജീവമാണ്.
ബഹ്റൈൻ കോട്ട
ബഹ്റൈൻ കോട്ട
മനാമ നഗരത്തിന്‍റെ വടക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ബഹ്‌റൈൻ കോട്ട ദിൽമുൻ നാഗരികതയുടെ തലസ്ഥാനമായിരുന്നു. ഇത് ചെമ്പ്, വെങ്കല യുഗങ്ങൾ വരെ പഴക്കമുള്ളതാണ്. ഏകദേശം 3000 വർഷം മുമ്പാണ് കോട്ട ആദ്യമായി നിർമിച്ചതെന്ന് പുരാവസ്തു ഗവേഷകർ സൂചിപ്പിക്കുന്നു.
ഇന്നത്തെ കോട്ട ആറാം നൂറ്റാണ്ടിലേതാണ്. പോർചുഗീസ് കൊളോണിയൽ ഭരണകാലത്ത് ഈ കോട്ട പ്രധാന സൈനിക സ്ഥാപനമായി ഉപയോഗിച്ചിരുന്നതായും കരുതപ്പെടുന്നു. ഇന്ന് യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ കോട്ട സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ബഹ്റൈൻ നാഷനൽ മ്യൂസിയം
ബഹ്റൈൻ നാഷനൽ മ്യൂസിയം
രാജ്യത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബഹ്‌റൈൻ നാഷനൽ മ്യൂസിയം 27,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു. അതിൽ അരലക്ഷത്തോളം പുരാവസ്തുക്കളുണ്ട്.
1988ൽ തുറന്ന ഈ മ്യൂസിയം, ദിൽമുൻ നാഗരികത മുതലുള്ള പുരാവസ്തുക്കൾ, അപൂർവ ഖുർആൻ കൈയെഴുത്തുപ്രതികൾ, ജ്യോതിശാസ്ത്ര കുറിപ്പുകൾ എന്നിവ ഉൾപ്പെടെ 5000 വർഷത്തെ ചരിത്രത്തിന്‍റെ സൂക്ഷിപ്പ് കൂടിയാണ്.
ജനബിയ ഒട്ടക ഫാം
ജനബിയ ഒട്ടക ഫാം
മനാമയുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജനബിയ റോയൽ ഒട്ടക ഫാം 600ൽ അധികം സ്വതന്ത്ര ഒട്ടകങ്ങളുടെ ആവാസ കേന്ദ്രമാണ്.
ഈ ഒട്ടകങ്ങളെ റേസിങ്ങിനുവേണ്ടി വളർത്തുന്നതോ ആരുടെയെങ്കിലും തളികയിൽ ഒടുങ്ങാൻ ഉദ്ദേശിച്ചുള്ളതോ അല്ല. ഇത് ഒട്ടകങ്ങളുമായി ഹാങ് ഔട്ട് ചെയ്യാനും കുറച്ച് ചിത്രമെടുക്കാനും ആസ്വദിക്കാനുമുള്ള സ്ഥലമാണ്. ഇങ്ങോട്ടേക്കുള്ള പ്രവേശനം സൗജന്യമാണ്.
ബഹ്റൈൻ സംസ്കാരം
ബഹ്‌റൈനിന്‍റെ സംസ്‌കാരം ഗൾഫിലെ അറബ് അയൽക്കാരുടേതുമായി വളരെ സാമ്യമുള്ളതാണ്. അത് പ്രധാനമായും അതിന്‍റെ ഇസ്ലാമിക പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ളത് കൂടിയാണ്.
പരമ്പരാഗതമായി, ബഹ്‌റൈൻ സ്ത്രീകൾ കറുത്ത അബായയും കറുത്ത ഹിജാബും ധരിക്കുന്നു. അതേസമയം, പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രം വെളുത്ത തോബ് (അയഞ്ഞതും നീളൻ കൈയുള്ളതുമായ വസ്ത്രം), കെഫിയ, ഘൂത്ര (ശിരോവസ്ത്രം), അഗൽ (ശിരോവസ്ത്രം നിലനിർത്തുന്ന കറുത്ത ചരട്) എന്നിങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.