മനോഹരമായ ലിവർപൂൾ സ്റ്റേഡിയവും മ്യൂസിയവും കണ്ട് സുവനീറുകളും വാങ്ങി ഞങ്ങൾ നേരെ മാഞ്ചസ്റ്ററിലേക്ക് ബസ് കയറി
ബാർസിലോണ എയർപോർട്ടിൽ നിന്നും വ്യുലിങ് എയർലൈൻസിന്റെ വിമാനത്തിലാണ് ലണ്ടനിലെ ഗാട്വിക്ക് എയർപോർട്ടിലേക്കുള്ള യാത്ര. സ്പെയിനിലെ ലോകോസ്റ്റ് എയർലൈൻ ആണിത്. ഈ യാത്രക്ക് വളരെ വലിയ പ്രത്യേകതകൾ ഉണ്ട്. ഒരു നാൾ ചുമ്മാ ഒരു ആവേശത്തിൽ സുഹൃത്ത് റജിനാദിനോട് ചോദിച്ചു ലിവർപൂളിൽ പോയി ലിവർപൂളിന്റെ ഒരു മാച്ച് കാണണ്ടേ എന്ന് ?.. ഞങ്ങൾ രണ്ടു പേരും ലിവർപൂൾ ഫാൻസ് ആണല്ലോ ..!സ്റ്റീവൻ ജറാർഡിന്റെ കാലം തൊട്ട് കൂടെ കൂടിയതാണ് ..! അന്ന് അതൊരു വെറും വാക്കായി തോന്നിയെങ്കിലും അവൻ അത് വിട്ടില്ല! ഒരു സാധാരണ മലപ്പുറത്തുകാരന്റെ ഫുട്ബാൾ പ്രേമം ഞാൻ പറയണ്ടല്ലോ..! അവൻ വിസക്ക് അപ്ലൈ ചെയ്തിട്ടാണ് ഞാൻ അപ്ലൈ ചെയ്യുന്നത്. രണ്ടുപേർക്കും വിസ കിട്ടി. ഒരു സ്വപ്നത്തിനു ചിറകു മുളക്കുക എന്നൊക്കെ കേട്ടിട്ടില്ലേ ..?!
നീണ്ട കാത്തിരിപ്പായി, ലിവർപൂൾ പ്രീമിയർ ലീഗ് ചാമ്പ്യൻസ് ആയി. അവരുടെ ഹോം മാച്ചിനായി വെയിറ്റ് ചെയ്തു. ദിവസം നോക്കി പ്ലാൻ ചെയ്തു. ഇതൊക്കെ ആലോചിച്ചു ഇരുന്നപ്പോയെക്കും വിമാനം ലണ്ടൻ ഗാട്വിക്കിലെത്തി. വലിയ തിരക്കൊമില്ല. ഇമിഗ്രേഷൻ എല്ലാം കഴിഞ്ഞു അവിടുന്ന് ട്രെയിൻ പിടിച്ച് നേരെ ബുക്ക് ചെയ്ത ഹോട്ടലിലേക്ക്. എനിക്ക് ഏറ്റവും മനോഹരമായി തോന്നിയത് ലണ്ടൻ പബ്ലിക് ട്രാൻസ്പോർട് ആണ്. നല്ല കണക്റ്റിവിറ്റി. വൃത്തി. ബാങ്ക് കാർഡ് ഉപയോഗിച്ചു നമുക്ക് ടാപ്പ് ചെയ്യാം. എല്ലാം വളരെ ലളിതം. ഹോട്ടലിൽ റജിനാദ് കാത്തിരിക്കുന്നുണ്ടായിരുന്നു, സാധനങ്ങൾ ഒക്കെ വെച്ച് നേരെ അടുത്തുള്ള റെസ്റ്റോറന്റിൽ കയറി ഫുഡ് അടിച്ചു. രാവിലെ ബസ് എടുത്ത് ലിവർപൂൾ പോകണം. ഫ്ലിസ് ബസ് ബുക്ക് ചെയ്തിട്ടുണ്ട്. ലണ്ടൻ നല്ല ചിലവുള്ള ഒരു നഗരമാണ്. ബസ് യാത്ര ഇത്തിരി ദൈർഘ്യം ഉള്ളതാണ്. ചെറു മയക്കവും കാഴ്ചകളും ഒക്കെ ആയി സമയം പോയതറിഞ്ഞില്ല. ആസ്റ്റൺ വില്ലയുടെ ബിർമിങ്ഹാം ഒക്കെ കടന്ന് ബസ് ഉച്ചക്ക് രണ്ടു മണി ആയപ്പോയേക്കും ലിവർപൂൾ എത്തി. വൈകുന്നേരം ആണ് ലിവർപൂളും ആർസെനലും തമ്മിലുള്ള മാച്ച്. ലിവർപൂളിന്റെ ഹോം സ്റ്റേഡിയം ആയ ആൻഫീൽഡിന് അടുത്ത് തന്നെ ആണ് റൂം എടുത്തത്.
നേരെ ബാഗ് വെച്ച് സ്റ്റേഡിയത്തിലേക്ക്. ഏറ്റവും വലിയ തമാശ എന്തെന്നാൽ ഞങ്ങൾ ടിക്കറ്റ് എടുത്തിട്ടില്ല.! അവിടെ ടിക്കറ്റ് കൗണ്ടറിൽ അന്വേഷിച്ചപ്പോ എല്ലാം തീർന്നു! എന്നും കൂടെ കേട്ടപ്പോ ടിക്കറ്റ് കിട്ടില്ലേ? എന്ത് ചെയ്യും എന്നായി. അങ്ങനെ നിക്കുമ്പോ ഒരു ആർസെനൽ ഫാൻ ഞങ്ങടെ അടുത്ത വന്നു എവേ ടീമിന്റെ ടിക്കറ്റ് ഉണ്ടെന്ന് പറഞ്ഞു. ഒന്നും നോക്കിയില്ല 100 പൗണ്ടിന് ഓരോ ടിക്കറ്റ് വാങ്ങി. ഞങ്ങൾക്കു വേറെ ഓപ്ഷൻ ഒന്നും ഇല്ലായിരുന്നു. പക്ഷെ അത് വല്ലാത്ത ഒരു അനുഭവമായി മാറി. ആൻഫീൽഡ് സ്റ്റേഡിയം മൊത്തം ലിവർപൂൾ ഫാൻസിനെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്, ഞങ്ങൾ ഇരിക്കുന്നത് ഞങ്ങളുടെ തന്നെ എതിരാളികളുടെ ഇടയിൽ. അതും ബദ്ധ വൈരികൾ. ആഴ്സണൽ ! ആദ്യമൊക്കെ ഇത്തിരി കയ്യിന്നു പോയെങ്കിലും, പിന്നെ എല്ലാ വികാരങ്ങളും അടക്കി അവരിലൊരാളായി അഭിനയിച്ചു. ആൻഫീൽഡ് സ്റ്റേഡിയത്തിൽ എന്തോ നല്ല ഭാഗ്യം ഉണ്ടായിരുന്നു അന്ന്.
സീറ്റ് നേരെ ഗോൾ പോസ്റ്റിന്റെ പിന്നിൽ. ആകെ പിറന്ന നാല് ഗോളുകളും ഞങ്ങളുടെ മുന്നിൽ. മുഹമ്മദ് സലാഹ് മുതൽ അകാലത്തിൽ പൊലിഞ്ഞു പോയ ജോട്ട വരെ ഉള്ള ഫുൾ ടീം. കൺമുന്നിൽ മായാ ലോകം എന്നൊക്കെ പറയുന്ന പോലെ. ആൻഫീൽഡ് സ്റ്റേഡിയം മുഴു ആരവത്തിൽ ആർത്തിരമ്പുകയാണ്!. ലോകത്തിൽ തന്നെ ഏറ്റവും ക്രൗഡ് നോയ്സ് ഉള്ള സ്റ്റേഡിയങ്ങളിൽ ഒന്നാണ് ലിവർപൂളിന്റെ ഹോം ഗ്രൗണ്ട് ! അക്കൊല്ലത്തെ പ്രീമിയർ ലീഗ് രാജാക്കന്മാർ കൂടി ആണല്ലോ അവർ! . തൊണ്ണൂറുകളിൽ വീട്ടിൽ ജനൽ പാളിയിലൂടെ കളി കണ്ടിരുന്ന ഞങ്ങൾ ഇവിടെ വരെ എത്തി എന്നത് അപ്പോഴും ഞങ്ങൾക്കു വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല!. കളി കഴിഞ്ഞിട്ടും കുറെ നേരം അവിടെ ഇരുന്നു!. സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിൽ. ഞങ്ങളെ ഒക്കെ സ്വപ്നം കാണാൻ പഠിപ്പിച്ച ശരീഫ്ക്കയെ ഇവിടെ കുറിക്കാതെ ഇത് പൂർണമാകില്ല. ഭാര്യയുടെ കസിനാണ് ആശാൻ. ഒരു കള കറഞ്ഞ ഫുട്ബാൾ പ്രേമി.
ഗ്രൗണ്ടിന് പുറത്തിറങ്ങി വിശപ്പുമാറ്റാൻ നല്ല മന്തി കഴിച്ചു. നേരെ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ലിവർപൂൾ സ്റ്റേഡിയം ടൂർ ഉണ്ട്. അടുത്ത ലക്ഷ്യം മാഞ്ചസ്റ്റർ ആയിരുന്നു. മനോഹരമായ ലിവർപൂൾ സ്റ്റേഡിയവും മ്യൂസിയവും കണ്ട് സുവനീറുകളും വാങ്ങി ഞങ്ങൾ നേരെ മാഞ്ചസ്റ്ററിലേക്ക് ബസ് കയറി. ടീവി സ്ക്രീനിൽ കണ്ട മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റേഡിയവും, മാഞ്ചസ്റ്റർ സിറ്റി സ്റ്റേഡിയവും കാണണം.
ഓൾഡ് ട്രാഫൊർഡ് എന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റേഡിയം ഒരു വികാരമാണ്. അലക്സ് ഫർഗുസന്റെ കാലമായിരുന്നു അവരുടെ സുവർണ കാലം. ഇന്നും പ്രീമിയർ ലീഗിൽ ടോപ് ടൈറ്റിൽസ് യുണൈറ്റഡും ലിവർപൂളും തന്നെ ആണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ മുതൽ റൂണി വരെ തിമിർത്താടിയ സുന്ദര കാലം. പ്രൗഢമായ കഥകൾ പറഞ്ഞു കൊണ്ട് ഇന്നും തലയെടുപ്പോടെ നിൽക്കുന്നു സ്റ്റേഡിയം. അനിയന് മാഞ്ചസ്റ്റർ ഫാൻ ആയതു കൊണ്ട് ഒരു സർപ്രൈസ് സോവനീർ കൂടെ വാങ്ങി ഞങ്ങൾ ഇറങ്ങി. അടുത്ത എത്തിഹാദ് അറീന ആണ്. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകം. 2024 ഇൽ 4 ടോപ് ലീഗ് ചാംപ്യൻഷിപ്പും കരസ്ഥമാക്കിയ പെപ് ഗാർഡിയോളയുടെ ടീം. നമ്മുടെ അബൂദബി ശൈഖ് ആണ് ടീം ഉടമസ്ഥർ. എന്റെ കാതിൽ ഇന്നും അലയടിക്കുന്ന സെർജിയോ അഗ്യൂറോയുടെ 2012ലെ അവസാന മിനുറ്റിലെ ഗോൾ ആണ്. ഒരു മിനുറ്റിൽ ചാമ്പ്യൻസ് ആയ കഥ. കമെന്ററി ബോക്സിൽ നിന്നും ഉയർന്ന ആ അഗ്യൂറോ.... അഗ്യൂറോ... വിളികൾ ഇന്നും ഒരു അർജന്റീനൻ ഫാൻസിനു അഭിമാനമാണ്. അവിടെ കുറെ ക്വോട്ടുകൾ എഴുതി വെച്ചിട്ടുണ്ട്. മുന്നേ നടന്നവരുടെ കുറിപ്പുകൾ. അവിടെ നിന്നും കുറച്ച് സോവനീർ വാങ്ങി ഞങ്ങൾ നടന്നു. സിറ്റി ഒക്കെ ഒന്ന് കാണണം. ഒരു ക്ലാസിക്കൽ സിറ്റി ആണ് മാഞ്ചസ്റ്റർ.1800 കളിലെ കോട്ടൺ മില്ലുകൾ ആയിരുന്നു പ്രധാന വ്യവസായം എങ്കിൽ ഇന്ന് ഒരു മോഡേൺ സിറ്റി ആണ് മാഞ്ചസ്റ്റർ.
ഇനിയുള്ള രണ്ടു ദിവസങ്ങൾ ഫുൾ ലണ്ടൻ സിറ്റി കറങ്ങാൻ ആണ് പ്ലാൻ, നേരത്തെ ബുക്ക് ചെയ്ത ബസിൽ കയറി നേരെ ലണ്ടനിലോട്ടു. എയർ ബീ എൻ ബി ബുക്ക് ചെയ്തിട്ടുണ്ട്. നല്ല ഉറക്കത്തിനു ശേഷം രാവിലെ നേരെ ഇറങ്ങി. ലണ്ടൻ എന്ന മഹാ നഗരത്തിലേക്ക്. ഒരു കാലത്തു ലോകത്തെ തന്നെ ഏറ്റവും വലിയ സിറ്റികളിൽ ഒന്നായിരുന്നു ലണ്ടൻ. കോളോണിയൽ കാലത്തു ലോകം ഇവരുടെ വിരൽ തുമ്പിലായിരുന്നല്ലോ. നമ്മുടെ നാട്ടിലെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എല്ലാം മനസ്സിൽ ഓർത്തു കൊണ്ട് നേരെ ബിഗ് ബെൻ ആൻഡ് ബ്രിട്ടീഷ് പാർലമെന്റ് കാണാൻ മെട്രോ എടുത്തു. വെസ്റ്റമിൻസ്റ്റെർ പാലസിന്റെ കൂടെ ഭാഗമാണ് ഈ ഭീമാകാരമായ ക്ലോക്ക് ടവർ. അതിനോട് ചേർന്ന് തന്നെ ആണ് വെസ്റ്റമിൻസ്റ്റർ അബ്ബെ. ഒരുപാട് രാജാക്കന്മാർ ഉറങ്ങി കിടക്കുന്ന ഈ കത്തീഡ്രൽ ഇന്നും രാജ കുടുംബത്തിന്റെ കല്യാണ വേദി കൂടെ ആണ്.
തേംസ് നദിക്കരയിലെ മനോഹരമായ കാഴ്ച തന്നെ ആണ് ഇത്. മറുവശത്തു ലണ്ടൻ അയ് എന്ന വലിയ ഒരു ഒബ്സർവേറ്ററി വീൽ. പാലത്തിലൂടെ കടന്നു പോകുന്ന ലണ്ടൻ ഡബിൾ ഡക്കർ ബസും ലണ്ടൻ ടാക്സിയും എല്ലാം നമ്മെ പതിയെ ഹാരി പോട്ടർ മൂവി മോഡിലേക്ക് കൊണ്ട് പോകുന്നതായി തോന്നും. എങ്ങും ക്ലാസിക്കൽ ഫാന്റസി ആണ്. അവിടെ നിന്നും ബക്കിങ്ഹാം പാലസ് കാണാൻ നടന്നു. അതി മനോഹരമായ പരേഡ് നടക്കുന്നുണ്ടായിരുന്നു അവിടെ. കുറെ ഫോട്ടോസ് ഒക്കെ മാറി മാറി എടുത്തു അടുത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. തേംസ് നദിക്കു കുറുകെ ഇന്ന് വൈകുന്നേരം ഞങ്ങൾ ഗൊണ്ടോല യാത്ര ബുക്ക് ചെയ്തിട്ടുണ്ട്. ഒരു വേറിട്ട അനുഭവം. വൈകുന്നേരം സുഹൃത്തും കസിനും ആയ അബ്ദു വരാം എന്ന് പറഞ്ഞിട്ടുണ്ട്. വൈകുന്നേരം ഫുൾ അവന്റെ കൂടെ ആണ്. ടവർ ബ്രിഡ്ജ്, ലണ്ടൻ ടവർ, പിക്കാഡല്ലി സർക്കിൾ അങ്ങിനെ നീണ്ടു പോകുന്ന ലിസ്റ്റ് ഉണ്ട് അവന്റെ കയ്യിൽ. ബ്രിട്ടീഷ് റോയൽ നേവിയുടെ എച്ച്.എം.എസ് ബെൽഫാസ്റ്റ് എന്ന വാർഷിപ് ഡോക്ക് ചെയ്തിട്ടുണ്ട് അവിടെ. ആദ്യമായാണ് ഒരു നേവൽ ഷിപ് നേരിട്ട് കാണുന്നത്. അതും കണ്ടു നേരെ ടവർ ബ്രിഡ്ജ് കാണാൻ നടന്നു. ബ്രിട്ടീഷ് ഐക്കൺ ആണല്ലോ ഇന്നും ടവർ ബ്രിഡ്ജ്.1800 കളിലെ എൻജിനീയർ മാർവെൽ ആണ് ടവർ ബ്രിഡ്ജ്. കപ്പലുകൾക് വഴി മാറി കൊടുക്കുന്ന തരത്തിൽ ഉയർത്താൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യകത. ഒരു റോയൽ ലുക്ക് ആണ് ബ്രിഡ്ജിനു.
പിക്കാഡിലി സർക്കസ് ആണ് അടുത്ത ലക്ഷ്യം, രാത്രി ആകുമ്പോ അവിടുത്തെ ഭംഗി ഒന്ന് വേറെ തന്നെയാണ്. ചുറ്റും ലൈറ്റുകളുടെയും ഡിജിറ്റൽ ബിൽബോർഡുകളുടെയും ഒരു മായാ പ്രപഞ്ചം . അവിടെ നിന്നും ചൈന ടൌൺ ഒക്കെ കണ്ടു അങ്ങിനെ നടന്നു. ഒരുകാര്യം പറയാതെ വയ്യല്ലോ. സോവനീർ ഷോപ് എല്ലാം നമ്മുടെ മലയാളികൾ കയ്യടക്കി വെച്ചിരിക്കുകയാണ്. ടോട്ടൻഹാം കോർട്ട് റോഡിലെ ഔട്ടര്നെറ് ലണ്ടൻ എന്ന 360 ഡിഗ്രി ഡിജിറ്റൽ ആർട് ഷോ മനോഹരമാണ്. കുറെ സമയം അത് കണ്ടു അവിടെ ഇരുന്നു. അപ്പോഴാണ് നമ്മുടെ പ്രസിദ്ധമായ ഹാരി പോട്ടർ സ്റ്റേഷൻ കാണണം എന്ന് തോന്നിയത്. നേരെ അണ്ടർഗ്രൗണ്ട് എടുത്ത് കിംഗ്'സ് ക്രോസ്സ് സ്റ്റേഷനിൽ ചെന്നിറങ്ങി. അവിടെ പ്ലാറ്റ്ഫോം 9-3/4 തേടിപ്പിടിച്ചു കണ്ടു. ഹാരി പോട്ടർ മൂവിയുടെ ഒരു മെയിൻ സിംബൽ ആണ് ഇവിടം. കുറെ ടൂറിസ്റ്റുകൾ വന്നു ഫോട്ടോസ് ഒക്കെ എടുക്കുന്നുണ്ട്. നേരെ ഡിന്നർ കഴിച്ചു ഞങ്ങൾ പിരിഞ്ഞു. നാളെ ആർസിനൽ ക്ലബ്ബിന്റെ സ്റ്റേഡിയം ഒന്ന് പോയി കാണണം. രാവിലെ ഫുഡൊക്കെ കഴിച്ചു നേരെ സ്റ്റേഡിയം കാണാൻ ഇറങ്ങി. ഗണ്ണേഴ്സിന്റെ സ്വന്തം സ്റ്റേഡിയം. തിയറി ഹെൻറിയുടെ ഓർമകളാണ് ഇവിടം. ആർസെൻ വെങ്ങറുടെ പ്രതാപ കാലവും ഓർത്തു സോവനീർസ് വാങ്ങി നേരെ ബ്രിട്ടീഷ് മ്യൂസിയം കാണാൻ ഇറങ്ങി. ബ്രിട്ടീഷ് അധീനതയിൽ ഉണ്ടായിരുന്ന സ്ഥലങ്ങളിലെ എല്ലാ കാഴ്ചകളും ഇവിടെ കാണാം .. ലോകത്തിലെ തന്നെ വലിയ മ്യൂസിയങ്ങളിൽ ഒന്നാണ് ബ്രിട്ടീഷ് മ്യൂസിയം. ഈജിപ്തിലെ മമ്മികൾ ആണ് പ്രധാന ആകർഷണമായി തോന്നിയത്. ഒരു ഗ്രീക്ക് ടെംപിളിന്റെ അല്ലെങ്കിൽ പാന്തിയോണിന്റെ ഒക്കെ രൂപത്തിലാണ് മ്യൂസിയത്തിന്റെ മുൻ ഭാഗം. ഒരു ചരിത്ര അന്വേഷിക്ക് സ്വർഗ്ഗമാണു ഇവിടം. മുഴുവനായും വായിക്കാനും പഠിക്കാനും മാസങ്ങൾ തന്നെ വേണ്ടി വരും.
ഇന്ന് രാത്രി ആണ് ഞങ്ങൾക്കു തിരിച്ചു ദുബൈയിലേക്കുള്ള ഫ്ലൈറ്റ്. ലണ്ടനിലെ തന്നെ ല്യൂട്ടൻ എയർപോർട്ടിൽ നിന്നാണ് ഫ്ലൈറ്റ്. ഒരുപാട് ഓർമകളും ആഗ്രഹങ്ങളും പൂർത്തീകരിച്ചതിന്റെ സന്തോഷവും ഇനിയും തിരിച്ചു. വരണം എന്ന ആഗ്രഹവും ബാക്കി ആക്കി ല്യൂട്ടൻ എയർപോർട്ടിൽ നിന്നും അടുത്ത യാത്രയുടെ പ്ലാനിങ്ങിൽ ആയിരിക്കുന്നു ഞങ്ങൾ. വീണ്ടും ജോലിയുടെ തിരക്കുകളിലേക്ക് മനസ്സ് തിരിച്ചെത്തിയിരുന്നു എന്നതാണ് സത്യം. ഒരു ദീർഘ യാത്രയുടെ പര്യവസാനം ഇവിടെ കുറിക്കുകയാണ്. ജർമനിയിൽ തുടങ്ങി ലണ്ടനിൽ അവസാനിച്ച ഈ യാത്ര അത്രമേൽ ഹൃദയത്തോട് ചേർന്നിരുന്നു. (അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.