റസാത്ത് റോയൽ ഫാമിൽനിന്നുള്ള കാഴ്ചകൾ
സലാല: ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തിൽ സ്ഥിതി ചെയ്യുന്ന റസാത്ത് റോയൽ ഫാം സന്ദർശകർക്കായി തുറന്നു.
ഫാമിലെ വൈവിധ്യമാർന്ന കാർഷിക ഇടങ്ങൾ, പുരാതന മരങ്ങൾ, വിവിധ കാർഷിക ഉൽപന്നങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യാൻ ഇനി സഞ്ചാരികൾക്ക് ആകും. കൃത്യമായ സാങ്കേതികവും ശാസ്ത്രീയവുമായ മാനദണ്ഡങ്ങൾ പാലിച്ച് സമഗ്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ഫാമിനെ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ടൂർ ഗൈഡുകളുടെ മാർഗനിർദേശപ്രകാരം, സന്ദർശകർക്ക് വിവിധ സ്റ്റേഷനുകളിലൂടെ സഞ്ചരിച്ച് വിവിധ വിളകളെയും സസ്യങ്ങളെയും പരിചയപ്പെടാം. കാർഷിക ടൂറിസത്തെ പിന്തുണക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള വിശാലമായ പ്രതിബദ്ധതയാണ് ഫാം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നതിലൂടെ പ്രതിഫലിപ്പിക്കുന്നത്. സുസ്ഥിര വികസനത്തിന്റെ ഒരു സ്തംഭമെന്ന നിലയിൽ കൃഷിയുടെ പങ്ക് എടുത്തുകാണിക്കുന്നതിനൊപ്പം സന്ദർശകർക്ക് സമ്പന്നമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നുവെന്ന് റോയൽ കോർട്ട് അഫയേഴ്സ് ഉറപ്പാക്കിയിട്ടുണ്ട്. സലാലയുടെ കിഴക്കൻ ഭാഗത്തുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന റസാത്ത് റോയൽ ഫാമിന് ഏകദേശം 1085 ഏക്കർ വിസ്തൃതിയാണുള്ളത്. ഇതിൽ 900 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. കാർഷിക ഉൽപാദനവും പാരിസ്ഥിതികവും ചരിത്രപരവുമായ വൈവിധ്യവും സംയോജിപ്പിച്ച് റോയൽ കോർട്ട് അഫയേഴ്സിന് കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണിത്.
‘റസാത്ത്’ വാഴകൾ, വാഴ ജീൻ ബാങ്ക് തുടങ്ങിവയുൾപ്പെടെ വൈവിധ്യമാർന്ന മരങ്ങൾ ഫാമിൽ ഉണ്ട്. തെങ്ങ്, പപ്പായ, മുന്തിരി, അത്തി, കസ്റ്റാർഡ് ആപ്പിൾ, ഒമാനി നാരങ്ങ മരങ്ങൾ, വിവിധ ഉഷ്ണമേഖല പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ആവാസ കേന്ദ്രമാണിത്. ചകുന്തിരുക്കം, അത്തി തുടങ്ങിയ തദ്ദേശീയ മരങ്ങളും, ബയോബാബ്, ഭീമൻ ഫിക്കസ്, പുളി തുടങ്ങിയ പുരാതന ഇനങ്ങളും ഫാമിൽ കാണാം. മഞ്ഞൾ, ഇഞ്ചി, തുളസി തുടങ്ങിയ ഔഷധ, സുഗന്ധ സസ്യങ്ങളും ഇവിടെയുണ്ട്.
കാർഷിക വൈവിധ്യവത്കരണത്തോടുള്ള ഫാമിന്റെ പ്രതിബദ്ധത വിവിധതരം മരങ്ങളുടെ കൃഷിയിൽ പ്രകടമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വാഴയാണ്. തെങ്ങ്, പപ്പായ, അത്തി, മുന്തിരി എന്നിവയാണ് മറ്റ് പഴങ്ങൾ. പ്രകൃതിദത്തമായ ഒരു മ്യൂട്ടേഷന്റെ ഫലമായുണ്ടായതാണ് ഫാമിൽ കണ്ടെത്തിയ റസാത്ത് വാഴ ഇനം. ഏഴ് വർഷത്തിലേറെ നീണ്ട പഠനത്തിന് ശേഷമാണ് ഇത് വികസിപ്പിച്ചെടുക്കുന്നത്.
വൈവിധ്യമാർന്ന വാഴ ജീനുകൾ സംരക്ഷിക്കുന്നതിനും സന്ദർശകർക്ക് വ്യത്യസ്ത ഇനങ്ങൾ പ്രദർശിപ്പിക്കുന്നതിനുമായി വില്യം വാഴ, റസാത്ത് വാഴ, ക്ലിക്ക്യൂട്ടോ വാഴ, ഡ്വാർഫ് കാവൻഡിഷ് വാഴ, ബാൽബോസിയാന വാഴ, പ്രാദേശിക സലാല വാഴ എന്നിവയുൾപ്പെടെ 11 വാഴത്തൈകൾ ഉൾക്കൊള്ളുന്ന കാർഷിക സൈറ്റും ഇവിടുത്തെ പ്രത്യേകതയാണ്. 2023ൽ സുൽത്താൻ ഹൈതം ബിൻ താരിഖ് സന്ദർശിച്ച പ്രത്യേക വാഴപ്പഴം പഴുപ്പിക്കൽ യൂനിറ്റും ഫാമിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.