പ്രവാസജീവിതത്തിലെ പ്രയാസങ്ങളുടെയും ഒറ്റപ്പെടലിന്റെയും ഇടയിൽ ചില നിമിഷങ്ങൾ ഉണ്ട്, സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും. അങ്ങനെ ഒന്നാണ് എന്റെ പ്രവാസജീവിതത്തിലെ മനാമയിൽനിന്ന് റിഫയിലേക്കുള്ള ബസ് യാത്ര. ആഴ്ചയിൽ രണ്ട് ദിവസം (വെള്ളി, ശനി) അവധിയായതുകൊണ്ടുതന്നെ വ്യാഴാഴ്ച കഴിഞ്ഞ് നാലുമണിയാക്കുമ്പോഴേക്ക് റാസൽമാനിലെ ബസ് സ്റ്റോപ് ലക്ഷ്യമാക്കിയൊരോട്ടമുണ്ട്, എന്തെന്നില്ലാത്ത സന്താഷമാണപ്പോൾ.
സ്റ്റോപ്പിൽ എത്തിക്കഴിഞ്ഞാൽ പിന്നിട് നമ്മുടെ കഥാനായകനായ പത്തൊമ്പതാം ബസിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ക്യത്യനിഷ്ഠയുടെ കാര്യത്തിൽ മൂപ്പർ അത്ര സുഖത്തിലല്ല. അതുകൊണ്ടുതന്നെ നാല് മണി എന്നുള്ളത് ചിലപ്പോൾ അഞ്ച് മണിയൊക്കെയാവാം. അതിനിടയിൽ ഒരു പാട് ബസുകൾ കടന്നുപോയിട്ടുണ്ടാവും. കാത്തിരിപ്പിനൊടുവിൽ ബസുകൾക്കിടയിലൂടെ പത്തൊമ്പതാം നമ്പർ ഒരു വെട്ടം പോലെ കാണാം. ആശ്വാസത്തിന്റെയും ആകാംക്ഷയുടെയും നിമിഷമായിരിക്കും ആ സമയം മനസ്സിലൂടെ കടന്നുപോകുന്നത്. ബസ് സ്റ്റോപ്പിൽ എത്താൻ നേരത്ത് ബസിനുള്ളിലേക്ക് ഒരു നോട്ടമുണ്ട്. ഉള്ളിലെ തിരക്ക് ഒന്ന് കണ്ണോടിച്ച് നോക്കുന്നതാണത്.
നാട്ടിലെ പോലെ അല്ല ഇവിടെ കണ്ടക്ടറും ഡ്രൈവറും ഒരാൾ തന്നെയാണ്. ക്യൂ നിൽക്കുക, നമ്മുടെ ഊഴം എത്തിയാൽ വേഗം ടിക്കറ്റെടുത്ത് സൈഡ് സീറ്റിന് വേണ്ടിയുള്ള ഓട്ടമാണ്. സീറ്റ് കിട്ടിയാൽ പിന്നീട് തോളത്തുള്ള ബാഗ് ഇറക്കിവെക്കലാണ് അടുത്ത പണി. എല്ലാം കഴിഞ്ഞ് ചുറ്റോട് ചുറ്റും ബസിനുള്ളിൽ ഒന്ന് കണ്ണോടിക്കും. പല മുഖങ്ങൾ മനസ്സിലൂടെ കയറിയിറങ്ങും. പ്രവാസത്തിന്റെ ഒറ്റപ്പെടലും വേദനകളും ഓരോ മുഖങ്ങളിലും എഴുതിവെച്ചതുപോലെ നമുക്ക് വായിച്ചെടുക്കാം. ചിലർ വീട്ടിലേക്ക് വിഡിയോ കാൾ ചെയ്യുന്നത് കാണാം, മറ്റുചിലർ ഒരു ഫോൺ കാളിലൂടെ പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കുന്നത് കാണാം തങ്ങളുടെ പ്രിയപ്പെട്ടവർക്ക് മുന്നിൽ.
ഇതിൽ ഏറ്റവും സംഘടകരമായ കാഴ്ച തന്റെ പ്രിയപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളെ വിഡിയോ കാളിലൂടെ കൊഞ്ചിക്കുന്ന പിതാവാണ്. ആ അവസ്ഥ കാണുമ്പോൾ കണ്ണുനിറഞ്ഞുപോകും.
നാട്ടിലെ ബസ് യാത്രയിൽ ജനലുകൾക്കിടയിലൂടെ നോക്കിയാൽ ബസിനുള്ളിലെ മനോഹരമായ സംഗീതത്തിനൊപ്പം പച്ചപ്പിന്റെ സൗന്ദര്യത്താൽ മൂടിക്കിടക്കുന്ന ചുറ്റുപാടുകളും കാണാനാകും. എന്നാൽ ഇവിടെത്തെ കാഴ്ച്ച നേർവിപരീതമാണ്. കൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങളും അതിനിടയിൽ ജോലി ചെയ്യുന്ന തൊഴിലാളികളും ചിലയിടങ്ങളിൽ ഒഴിഞ്ഞ് കിടക്കുന്ന തരിശായ ഭൂമിയും സ്വന്തം കുടുംബത്തിന് വേണ്ടി അവരവരുടെ സ്വപ്നങ്ങൾ ബലികഴിപ്പിച്ച കുറെ ആളുകളും കടന്നുപോകും.
മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന കാഴ്ചകളാണ് ഇതൊക്കെ. യാത്രക്കിടയിൽ എന്തോ എന്റെ മനസ്സും നാട്ടിലായിരിക്കും മിക്ക സമയവും. മനാമയിൽ നിന്നും റിഫയിൽ എത്താൻ എകദേശം ഒരു മണിക്കൂർ സമയമാണ്. എന്നാൽ ബ്ലോക്കിൽപ്പെട്ടാൽ മണിക്കൂറുകൾ പിന്നെയും യാത്ര നീളാം. കാഴ്ചകളും മനസ്സിലെ ചിന്തകളും ഒക്കെ കുഴഞ്ഞുമറിഞ്ഞുള്ള യാത്ര.
റിഫയിൽ ബുക്കാറ ബസ് സ്റ്റോപ്പിൽ എത്തുമ്പോഴേക്ക് റിഫയിൽ എത്താനുള്ള സന്തോഷം സങ്കടമായി തീർന്നിട്ടുണ്ടാവും. എന്നാലും ബസിൽനിന്ന് ഇറങ്ങി പിന്നെ റിഫയിലെ ബാപ്പാന്റെ അടുത്ത് എത്തിക്കഴിഞ്ഞാൽ പിന്നെ എല്ലാം മറക്കും. അവിടെ നിന്ന് കൂട്ടുകാരുടെ ഒക്കെ അടുത്ത് ചെല്ലുകയും രണ്ട് ദിവസം അവിടെ നിന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചിന്റെ ബസിന് തിരിച്ച് മനാമയിലേക്കുള്ള യാത്രക്കായി ബുക്കുവാറ േസ്റ്റാപ്പിൽ നിൽക്കുമ്പോൾ നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞ് എയർപോർട്ടിൽ ബോഡിങ്ങ് പാസ് കിട്ടി ഫ്ലൈറ്റ് കാത്തുനിൽക്കുന്ന ഒരു വേദനയാണ് മനസ്സിന്.
ബസ് വന്ന് അതിൽ കയറി തിരിച്ച് മനാമയിലേക്കുള്ള യാത്ര തുടങ്ങിയാൽ പിന്നെ മനസ്സ് വീണ്ടും നമ്മുടെ നാട്ടിൽ നിന്ന് തിരിച്ച് പ്രവാസത്തിലേക്കുള്ള യാത്രയുടെ ഒരു അനുഭവമാണ് കടന്നുപോകുക. ആ ബസ് യാത്ര പതിമൂന്ന് വർഷത്തെ എന്റെ പ്രവാസജീവിതത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി ഇന്നും തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.