ട്രെയിനുകളുടെ ചരിത്രം സൂഷ്മമായി പരിശോധിച്ചാൽ എവിടെയെങ്കിലും അവ വളരെ വ്യത്യസ്തമായൊരു കഥ പറയുന്നുണ്ടാകും. അത്തരത്തിലൊന്നാണ് 'ഫ്രഞ്ച് ഫ്രൈ എക്സ്പ്രസ്.' പേരു കേട്ട് നെറ്റി ചുളിക്കേണ്ട. പേരുപോലെ തന്നെ വ്യത്യസ്തമാണ് യു.എസിലെ അരിസോണ ലാൻഡ് സ്കേപ്പിലൂടെ ഓടുന്ന ഈ സ്റ്റീം എൻജിനിൽ പ്രവർത്തിക്കുന്ന ട്രെയിനും.
ഇനി ഫ്രഞ്ച് ഫ്രൈ കഥയിലേക്ക് വരാം. 1923 ൽ നിർമിച്ച ലോക്കോമോട്ടീവ് നമ്പർ 4960 എന്ന ഈ ട്രെയിൻ തുടക്കകാലത്ത് കൽക്കരിയിലാണ് ഓടിയിരുന്നത്. ഏറെക്കാ ലത്തെ സർവീസിനു ശേഷം 1960ൽ സർവീസ് നിർത്തിവെച്ചു. പിന്നീട് 1989ൽ ഗ്രാൻഡ് കാന്യോൻ റെയിൽവേ അതിനെ ഏറ്റെടുക്കുകയും സർവീസ് പുനരാരംഭിക്കുകയുമായിരുന്നു. അന്ന് കൽക്കരിയിൽ നിന്ന് ഡീസൽ പവർ മെക്കാനിസത്തിലേക്ക് പ്രവർത്തനം മാറ്റുകയും ചെയ്തു.
പരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് 2008ൽ ട്രെയിൻ സർവീസ് വീണ്ടും നിർത്തിവെച്ചു. അടുത്ത വർഷം പാരമ്പര്യത്തെ സുസ്ഥിരതയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവർ റീസൈക്കിൾ ചെയ്ത വെജിറ്റബിൾ ഓയിൽ ഉപയോഗിച്ച് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ചു. ഓരോ ട്രിപ്പിലും 25000 പൗണ്ട് കാർബൺ എമിഷനാണ് ഇതുവഴി കുറച്ചത്. ഇങ്ങനെയാണ് ഫ്രഞ്ച് ഫ്രൈ എക്സ്പ്രസ് ഉണ്ടായത്.
ഓരോ ട്രിപ്പിലും 12000 ഗാലൻ വെജിറ്റബിൾ ഓയിലാണ് ട്രെയിനിന് വേണ്ടത്. സ്വന്തം പ്രോപ്പർട്ടി ഫുഡ് ജോയിന്റിൽ നിന്ന് തന്നെയാണ് ആവശ്യമായ ഭക്ഷ്യ എണ്ണ കമ്പനി ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന എണ്ണ സംസ്കരിച്ച് സ്റ്റീം എൻജിനിൽ ഉപയോഗിക്കുന്നു. ട്രെയിൻ യാത്രക്കിടയിൽ വറുത്ത ഭക്ഷണത്തിന്റെ മണം ലഭിക്കാറുണ്ടെന്ന് ചില യാത്രക്കാർ പറയാറുണ്ട്.
മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ആദ്യത്തെ ഞായറാഴ്ചകളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഇതു കൂടാതെ ഭൗമദിനം(ഏപ്രിൽ22), എൻജിൻസ് ബർത്ത്ഡോ(ആഗസ്റ്റ്30), ഗ്രാൻഡ് കന്യോൻ റെയിൽവേസിന്റെ വാർഷികം(ആഗസ്റ്റ് 20) എന്നീ സവിശേഷ ദിവസങ്ങളിലും സർവീസ് ഉണ്ടാവും. വില്യം ഡിപ്പോയിൽ നിന്നും രാവിലെ 9.30ന് പുറപ്പെടുന്ന ട്രെയിൻ സൗത്ത് റിമ്മിൽ 11.45ഓടെ എത്തും. പിന്നീട് 3.30ന് മാത്രമേ ട്രെയിൻ തിരികെ യാത്ര തിരിക്കൂ. അതു കൊണ്ടു തന്നെ യാത്രികർക്ക് സ്ഥലമൊക്ക ചുറ്റി കറങ്ങി കാണാൻ മൂന്ന് മണിക്കൂറോളം സമയം ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.