ആദ്യം മൗനിയാക്കുകയും പിന്നെ കഥ പറച്ചിലുകാരനാക്കുകയും ചെയ്യുന്ന യാത്രകളെ കുറിച്ച് തന്നെ; മുരുഡേശ്വർ വിശേഷങ്ങൾ

‘സഞ്ചാരം ആദ്യം നിങ്ങളെ മൗനിയാക്കും, പിന്നെ... മെല്ലെയൊരു കഥ പറച്ചിലുകാരനാക്കും’ യാത്രകളെ കുറിച്ച് ഇബ്നു ബത്തൂത്ത ഒരിക്കൽ പറഞ്ഞതാണിത്. നമ്മുടെ ഒക്കെ ജീവിതചക്രം എങ്ങിനെ കറങ്ങുന്നു എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ജനിക്കുന്നു, സ്‌കൂൾ - ട്യൂഷൻ, ഓട്ടം തന്നെ ഓട്ടം. അത് കഴിഞ്ഞു കോളേജ്...

പഠനം കഴിഞ്ഞു പിന്നേ ജോലി തെണ്ടൽ.. ജോലി നേടി കഴിഞ്ഞാ അപ്പൊ തുടങ്ങും കല്യാണ ആലോചനകൾ.. പിന്നെ കെട്ടായി, ഹണിമൂണിന് എവിടേലും രണ്ടു നാൾ പോയാലായി, കുടുംബം കുട്ടികൾ, അവരുടെ വളർച്ച, അവരുടെ വിദ്യാഭ്യാസം, വിവാഹം, പേരക്കുട്ടികൾ അങ്ങിനെ ജീവിതാവസാനം വരെ ഓരോ ബാധ്യതകൾ.

ഇതിനിടയിൽ എപ്പോഴെങ്കിലും സ്വന്തം സന്തോഷത്തിന് വേണ്ടി, ഈ ഭൂമിയിലെ മനോഹര കാഴ്ചകൾ ആസ്വദിക്കാനായി അല്പം സമയം മാറ്റി വെക്കുന്നവർ നമുക്കിടയിൽ എത്രപേരുണ്ടാകും? വർഷത്തിൽ ഒരിക്കലെങ്കിലും നിങ്ങൾക്കായി മാത്രം കുറച്ചു ദിവസങ്ങൾ ജീവിതത്തിൽ മാറ്റിവെക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? അങ്ങനെയൊരു കാര്യത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ? അതുകൊണ്ട് ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾക്കായി കുറച്ചു സമയം മാറ്റിവെച്ചു ഈ ഭൂമിയിലെ മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കുക. പോകാൻ ആഗ്രഹമുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി വെക്കുക. കഴിയുന്നത്ര യാത്രകൾ ചെയ്യുക. ലോകം കാണുക. ഓരോ കാഴ്ചയും മനസ്സ് നിറഞ്ഞ് ആസ്വദിക്കുക. 

ആരോ പറഞ്ഞില്ലേ, യാത്ര ചെയ്തില്ലെങ്കിൽ നിങ്ങൾ ജീവിതമാകുന്ന പുസ്തകത്തിന്റെ ഒരു പേജ് മാത്രമേ വായിക്കൂന്നുള്ളൂ എന്ന്. മറ്റു പേജുകൾ കൂടി വായിക്കാൻ നമുക്ക് പറ്റണം. അതിന് ഒരുപാട് യാത്രകൾ ചെയ്യണം. നിറയെ അനുഭവങ്ങൾ ഉണ്ടാകണം. യാത്രയിലൂടെ ജീവിതങ്ങൾ പഠിക്കണം. മനുഷ്യരെ അടുത്തറിയണം.

സ്ത്രീകൾ തോന്നുന്ന ഇടങ്ങളിൽ ഒക്കെ യാത്ര പോണം എന്നാണ് എന്റെ ഒരിത്. കേരളത്തിലോ, ഇന്ത്യയിലോ, വിദേശത്തോ എവിടെയെങ്കിലും. സ്വർണമോ സ്വത്തോ കൈയിലുണ്ടെങ്കിൽ അത് വിറ്റിട്ട് ആയാലും യാത്രക്കുള്ള പണം കണ്ടെത്തണം.

ആകെ ഉള്ളതൊരു കുഞ്ഞു ജീവിതമാണ്. അതിന്റെ ഒരല്പഭാഗമെങ്കിലും അല്ലെങ്കിൽ അവസാനഭാഗമെങ്കിലും ഭംഗിയായി ജീവിച്ചു തീർക്കണം. അതിന് യാത്രകൾ കൊണ്ടു മാത്രമേ സാധിക്കൂ. സമ്പത്തും ആരോഗ്യവും ആയുസ്സും ഉണ്ടെങ്കിൽ ഇനിയുള്ള ജീവിതം യാത്രകൾക്കായി മാറ്റി വെക്കണം. സാഹചര്യങ്ങൾ, സൗകര്യങ്ങൾ നമുക്ക് ഉണ്ടാക്കാവുന്നതേ ഉള്ളൂ. ജീവിതത്തിലെ ബാക്കി പേജുകൾ കൂടി അതീവ ഉത്സാഹത്തോടെ വായിച്ചു തീർത്തിട്ട് മടക്കി വെച്ചാൽ മതി ഈ പുസ്തകം.

ഒന്നുകിൽ ഒറ്റക്ക് അല്ലെങ്കിൽ പ്രിയപ്പെട്ടവരോട് ഒപ്പം കൂടി, ഓരോ ചുവടും ആസ്വദിച്ചു ലോകം കാണണം. അതാണിനി ഞാൻ എനിക്ക് നൽകുന്ന സമ്മാനം. തണുത്ത ശ്വാസം ഉള്ളിലേക്കെടുത്തു മൗനമായി നടന്നുനീങ്ങുന്ന ആ യാത്രകൾ ആവും ഇനിയുള്ള ലക്ഷ്യം.

മുരുഡേശ്വറിലേക്ക് ...

അങ്ങനെ മനസ്സിൽ ഉണ്ടായ ചിന്തകളിൽ നിന്നും നടത്തിയ ഒരു ചെറിയ യാത്ര ആണ് മുരുഡേശ്വറിലേക്ക്. കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിച്ചു അവിടുന്ന് നേരെ കുടജാദ്രിയിലെ സൂര്യോദയം കണ്ടു തിരികെ പോരാം എന്ന് മാത്രമേ കുടജാദ്രി യാത്രക്കൊരുങ്ങുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.


എന്നാൽ യാത്രക്കിടയിൽ പരിചയപ്പെട്ട കോട്ടയം സ്വദേശികളായ അമ്മയും അച്ഛനും മൂന്നു പെൺകുട്ടികളും ഉൾപ്പെടുന്ന സഹയാത്രികരുടെ പ്ലാനിൽ മുരുഡേശ്വർ ഉൾപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞപ്പോൾ, മുരുഡേശ്വർ അതിമനോഹരമായ അനുഭവം പകരുന്ന യാത്ര ആണെന്ന് മുമ്പ് അവിടേക്ക് പോയ ഒരു കൂട്ടുകാരി പറഞ്ഞത് ഓർമ്മയിൽ വന്നതും, മുരുഡേശ്വർ പോകാൻ ഒരു പ്ലാനും മുൻകൂട്ടി ഇല്ലാതിരുന്നിട്ടും കൂടെയുള്ള ഫാമിലിയുടെ യാത്രാപ്ലാനിൽ ഉൾപ്പെട്ട മുരുഡേശ്വർ കൂടി കണ്ടിട്ടാവാം മടക്കം എന്ന് പെട്ടെന്ന് തീരുമാനമെടുത്തു.

ഒരു ടാക്സി 2000 കൊടുത്തു ഏർപ്പാടാക്കി. മുരുഡേശ്വർ കണ്ടു കറങ്ങിയ ശേഷം വൈകീട്ട് മംഗലാപുരം ട്രെയിനിൽ തിരിച്ചു പോരാൻ പ്ലാൻ ചെയ്തു. റൂമിൽ എത്തി ഫ്രഷ് ആയപ്പോഴേക്കും ടാക്സി എത്തി. മുരുഡേശ്വർ യാത്രയിൽ അവരുടെ കുട്ടികൾ എല്ലാവരും നല്ല ഉറക്കമായിരുന്നു. മുരുഡേശ്വർ (Murudeshwar) കർണാടകയിലെ ഉത്തർ കന്നഡ ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ തീരദേശ ഗ്രാമമാണ്. അത് മഹാദേവന്റെ ആരാധനാലയമായ മുരുഡേശ്വർ ക്ഷേത്രത്തിനും ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ ശിവ പ്രതിമക്കും പ്രശസ്തമാണ്.

പോകുന്ന വഴി മുരുഡേശ്വർ എത്താൻ ആകുമ്പോൾ അറബിക്കലിന് ഓരം ചേർന്ന് ആ മഹാ ശിവപ്രതിമ കാണാം. 37 മീറ്റർ നീളമുള്ള ഈ പ്രതിമയാണ് ലോകത്തെ മൂന്നാമത്തെ വലിയ ശിവ പ്രതിമ. ശ്രീ മുരുഡേശ്വര ദേവ ക്ഷേത്രം, ശിവക്ഷേത്രം എന്നിവയുടെ കാഴ്ച്ച അതീവ ഹൃദ്യമായിരുന്നു. 20 നിലകളുള്ള ഗോപുരവും ഇവിടത്തെ അമ്പലത്തിന്റെ പ്രത്യേകതയാണ്. അതിന്റെ മുകളിൽ നിന്നുള്ള ശിവ പ്രതിമയുടെ കാഴ്ച അതിമനോഹരമാണ്.

249 അടി ഉയരമുള്ള രാജഗോപുരം ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ക്ഷേത്ര ഗോപുരങ്ങളിൽ ഒന്നാണ്. ഇവിടത്തെ ദർശന സമയം രാവിലെ മൂന്നു മുതൽ ഒരുമണി വരെയും വൈകീട്ട് മൂന്നു മുതൽ എട്ടു വരെയും ആണ്. മഹാശിവരാത്രിയും കാർത്തിക പൂർണിമയും വലിയ ആഘോഷങ്ങളോടെ ആഘോഷിക്കുന്നു. ചുരുക്കത്തിൽ മുരുഡേശ്വർ ആധ്യാത്മികതയും പ്രകൃതിഭംഗിയും കൈകോർത്ത് നിൽക്കുന്ന അതുല്യസ്ഥലമാണ്. ശിവഭക്തരും തീർത്ഥാടകരും, കൂടാതെ സമുദ്രം സ്നേഹിക്കുന്നവർക്കും ഇതൊരു അത്യന്തം അനുഗ്രഹീതമായ അനുഭവമായിരിക്കും.


മൂകാംബികയിൽ നിന്ന് കേവലം 60 കി.മീ മാത്രമേ ദൂരമുള്ളൂ ഇവിടേക്ക്. അതുകൊണ്ട് മൂകാംബിക പോകുന്നവർ ഈ മനോഹര കടൽത്തീര ക്ഷേത്രം കൂടി കാണാനായി സമയം കണ്ടെത്തണം. അത്‌ യാത്രക്ക് ഇരട്ടി മധുരം പകരുമെന്നത് ഉറപ്പാണ്. റെയിൽവേ സ്റ്റേഷൻ വളരെ അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ മുരുഡേശ്വറിൽ ട്രെയിൻ വഴിയും എത്തിപ്പെടാം. കുട്ടികൾ ബീച്ചിൽ ഇറങ്ങണം എന്ന് ആഗ്രഹം പറഞ്ഞപ്പോ കുറച്ചു സമയം അതിനും ചെലവഴിച്ചു. ഷാർപ് 5.10 ന് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ട്രെയിൻ എപ്പോ വരുമെന്നോ ഏതു പ്ലാറ്റ്ഫോമിൽ വരുമെന്നോ പറഞ്ഞു തരാൻ എൻക്വയറിയിൽ ഇരിക്കുന്ന ആളിന് പോലും അറിഞ്ഞു കൂടായിരുന്നു. അത്രയും ദുരവസ്ഥയാണ് അവിടെ കണ്ടത്.

ഏതാണ്ട് ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ എത്തിച്ചേർന്നത്. 10ന് മംഗലാപുരം എത്തിച്ചേർന്നു. തിരിച്ചു കണ്ണൂർക്ക് ബസ് നോക്കാം എന്ന് ധൃതിപ്പെട്ടപ്പോഴാണ് ഒന്നിച്ചു ഫുഡ്‌ കഴിച്ചിട്ട് പിരിയാം എന്ന് കൂടെ ഉള്ളവർ നിർബന്ധിച്ചത്. അവരുടെ പ്ലാൻ അന്ന് മംഗലാപുരം തങ്ങിയിട്ട് പിറ്റേന്ന് യാത്ര തിരിക്കാൻ ആയിരുന്നു. മക്കളെയും കൊണ്ട് ആകെ ക്ഷീണിതരായിരുന്നു അവർ. ഭക്ഷണം കഴിച്ചു കൂടെയുള്ളവരോട് യാത്ര പറഞ്ഞു. കണ്ണൂർക്ക് ബസ് കിട്ടിയത് 11.30ന്. ബസ് എത്തിയപ്പോൾ റിസർവേഷൻ ഇല്ലാത്തതുകൊണ്ട് സീറ്റില്ല എന്ന്പറഞ്ഞു, വരുന്നവരെ മടക്കിയ കണ്ടക്ടർ ലിസ്റ്റ് നോക്കിയിട്ട് ഒരാൾ കയറാൻ ഉണ്ട്. വന്നില്ലേൽ സീറ്റ് കിട്ടും എന്ന് പറഞ്ഞു. ഭാഗ്യത്തിന് അയാൾ വന്നില്ല. അങ്ങനെ ഒരുവിധം ബസിൽ കയറി പറ്റി.


ഡ്രൈവറുടെ അടുത്തുള്ള ഒരു കുഞ്ഞു സീറ്റിൽ ഇരിക്കാൻ പറ്റുമെങ്കിൽ കണ്ണൂരിൽ വരെ പോന്നോളൂ എന്നും സ്നേഹം കാട്ടി. എവിടെ ഇരുന്നായാലും എങ്ങനേലും വീട്ടിൽ എത്തിയാ മതി എന്നായിരുന്നു അപ്പഴേക്കും മനസ്സിൽ ചിന്ത. പകൽ ചൂടും യാത്രയും കൊണ്ട് അത്രക്ക് ക്ഷീണിച്ചിരുന്നു. ഇടക്ക് ഒരാൾ ഇറങ്ങിയതുകൊണ്ട് നല്ല സീറ്റ് തരപ്പെടുകയും ക്ഷീണം മൂലം സുഖമായി ഇരുന്നുറങ്ങുകയും ചെയ്തു. ആ പാതിരാത്രി എന്നോട് സൗഹൃദവും ദയവും കാണിച്ച ഡ്രൈവറോടും കണ്ടക്ടറോടും ഒത്തിരി നന്ദിയും സ്നേഹവും പറഞ്ഞു. തിങ്കളാഴ്ച അതിരാവിലെ മൂന്നിന് വീടെത്തി.

ഒരു ചെറിയ യാത്ര ആണെങ്കിലും എന്റെ വേവുന്ന മനസ്സിനെ ചെറുതായി ഒന്ന് തണുപ്പിക്കാൻ, അല്പം ഉന്മേഷം നിറക്കാൻ അതിനായി. യാത്ര ചെയ്യാൻ തോന്നുന്ന നിമിഷം ഒരു കുഞ്ഞു ബാഗ് പാക് ചെയ്തങ്ങു ഇറങ്ങിയേക്കുക. വെറുതെ ബസിലും ട്രെയിനിലും ഒക്കെ ആയി കാടും കുന്നും മലകളും കോടമഞ്ഞും കൺകുളിർക്കേ ആസ്വദിക്കുക. മനസ്സിന്റെ ഉന്മേഷം വീണ്ടെടുത്തു കൊണ്ട്, യാത്രയിൽ പരിചയപ്പെടുന്ന പുതിയ മനുഷ്യരെ കൂടെ കൂട്ടികൊണ്ട്, സൗഹൃദത്തിന്റെ ലിസ്റ്റിൽ അവരെയും ഉൾപ്പെടുത്തികൊണ്ട് തിരിച്ചു പോരുക. ജീവിതം അങ്ങിനെ എന്തൊക്കെ രീതിയിൽ നമുക്ക് മനോഹരമാക്കാം അതൊക്കെ ചെയ്യുക !

Tags:    
News Summary - Murudeshwar specials: About journeys that first silence you and then turn you into a storyteller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.