സെക്യൂരിറ്റി ഇൻഡക്സ്
അജ്മാന്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ ഏഴും ഗൾഫ് രാജ്യങ്ങളിൽ. സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ യു.എ.ഇയിലെ അഞ്ച് നഗരങ്ങൾ മുൻനിരയിൽ ഇടം നേടി. യു.എ.ഇ തലസ്ഥാനമായ അബൂദബി ഏറ്റവും സുരക്ഷിതനഗരമായി ഒന്നാമതെത്തിയപ്പോൾ അജ്മാനാണ് രണ്ടാം സ്ഥാനത്ത്. ദുബൈ, ഷാർജ, റാസൽഖൈമ എന്നീ നഗരങ്ങളും പട്ടികയിൽ മുൻനിരയിൽ ഇടംപിടിച്ചു. അന്താരാഷ്ട്ര റേറ്റിങ് വെബ്സൈറ്റായ നംബിയോയുടെ സേഫ്റ്റി ഇൻഡെക്സിലാണ് യു.എ.ഇ നഗരങ്ങളുടെ മുന്നേറ്റം.
സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയുടെ അടിസ്ഥാനത്തിൽ ജീവിക്കാൻ അനുയോജ്യമായ ഒരു സ്ഥലമെന്ന നിലയിലാണ് നഗരങ്ങൾക്ക് നേട്ടം കെവരിക്കാൻ സാധിച്ചത്. 2024ലെ ന്യൂസിലാൻഡിലെ ഇന്റർനാഷണൽ ബെസ്റ്റ് പ്രാക്ടീസസ് അവാർഡിൽ ഏറ്റവും മികച്ച ആഗോള രീതികളിൽ ഒന്നായി റാങ്ക് ചെയ്യപ്പെട്ട സ്മാർട്ട് സെക്യൂരിറ്റി മോണിറ്ററിങ് സിസ്റ്റം (അജ്മാൻ ദാർ അൽ അമൻ) വഴി സുരക്ഷാ ബോധം വർധിപ്പിക്കുന്നതിനുള്ള പൊലീസ് ശ്രമങ്ങളുടെ ഫലമായാണ് ഈ ഫലം കൈവരിക്കാൻ കഴിഞ്ഞതെന്ന് അജ്മാൻ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രി. ഖാലിദ് മുഹമ്മദ് അൽ നുഐമി പറഞ്ഞു.
പട്രോളിങ്, അമൻ പട്രോളിങ്, കെട്ടിടങ്ങളുടെയും സൗകര്യങ്ങളുടെയും സുരക്ഷക്കായുള്ള ‘പ്രൊട്ടക്റ്റ് യു’ പദ്ധതി, കുറ്റകൃത്യങ്ങൾ കുറക്കുന്നതിനുള്ള പരിപാടികള്‍, മയക്കുമരുന്നിനെതിരെ പോരാടുന്നതിനുള്ള സ്മാർട്ട് ഇലക്ട്രോണിക് പട്രോളിങ് എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ സംരംഭങ്ങൾക്ക് പുറമേയാണിത്. നിരവധി സംരംഭങ്ങളിലൂടെ സമൂഹവുമായും ഉപഭോക്താക്കളുമായും ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവ് വർധിപ്പിക്കുന്നതിൽ അജ്മാന്‍ പൊലീസ് സ്റ്റേഷനുകൾ ഫലപ്രദമായ പങ്ക് വഹിച്ചിട്ടുണ്ട്.
സമൂഹത്തിൽ സുരക്ഷിതത്വം വളർത്തുന്നതിൽ അജ്മാൻ പൊലീസിൽ പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് നന്ദി പറഞ്ഞു. പട്ടികയിൽ 85ാം സ്ഥാനത്തുള്ള വഡോദരയാണ് സുരക്ഷിതനഗരങ്ങളുടെ പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ നഗരം. കേരളത്തിൽ നിന്ന് തിരുവനന്തപുരം ആഗോളതലത്തിൽ 148 ാം സ്ഥാനത്തായി പട്ടികയിലുണ്ട്. കുറഞ്ഞ കുറ്റകൃത്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് നഗരങ്ങളുടെ സേഫ്റ്റി ഇൻഡെക്സ് തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.