ഇന്ത്യ 79ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ചരിത്രപരമായ നാഴികക്കല്ല് മാത്രമല്ല പിന്നിടുന്നത്, സാമ്പത്തിക രംഗത്ത് അതുല്യമായ വളർച്ച കൈവരിച്ച് ആഗോള നേതൃത്വത്തിലേക്ക് മുന്നേറുന്ന രാജ്യത്തെയാണ് നമ്മൾ ആദരിക്കുന്നത്. കഴിഞ്ഞ ദശകങ്ങളിലെ ഇന്ത്യയുടെ വളർച്ച ഏറെ പ്രചോദനപരമാണ്. ഒരു ഇന്ത്യൻ സംരംഭകനായി മാത്രമല്ല, നാലു ദശകങ്ങളായി യു.എ.ഇയിൽ താമസിക്കുന്ന ഒരാളെന്ന നിലയിലും ഈ ദിനം ഏറെ സുപ്രധാനമായി തോന്നുന്നു.
സ്വാതന്ത്ര്യം ഉറപ്പാക്കിയവരുടെ ബലിദാനങ്ങളെ ആദരിക്കുന്നതിനും, ഇന്ത്യയുടെ വളർച്ചക്ക് സംഭാവന നൽകിയവരെ ആഘോഷിക്കുന്നതിനും കൂടിയുള്ളതാണ് ഈ സ്വാതന്ത്ര്യ ദിനം. നമ്മുടെ ദേശീയ പതാക പ്രതിനിധീകരിക്കുന്ന ധൈര്യം, സമാധാനം, വളർച്ച എന്നീ മൂല്യങ്ങൾ വീണ്ടും പ്രതിബദ്ധതയോടെ നിറവേറ്റാനുളള സമയം കൂടിയാണിത്.കേരളം മുതൽ എമിറേറ്റ്സ് വരെ, നമ്മുടെ ഭൂതകാലം മുതൽ ഭാവി വരെ, നമ്മെ ഇവിടെ കൊണ്ടുവന്നവരെയും നമ്മെ മുന്നോട്ട് വഴി നടത്തുന്നവരെയും ആദരിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ ദിനമായി ഇത് തുടരട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസംകൾ. ജയ്ഹിന്ദ്
ഡോ. ആസാദ് മൂപ്പൻ, സ്ഥാപക ചെയർമാൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ
നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 78ാം വാർഷികം ആഘോഷിക്കുന്ന മഹത്തായ വേളയിൽ, എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. നമുക്ക് ലഭിച്ച വിലപ്പെട്ട സ്വാതന്ത്ര്യത്തിനായി ജീവനർപ്പിച്ച ധീര സൈനികരെയും രക്തസാക്ഷികളെയും സ്മരിക്കുകയും ആദരിക്കുകയും ചെയ്യാം. അവരുടെ ത്യാഗവും നിസ്വാർഥതയും അഗാധ ദേശസ്നേഹവുമാണ് ഇന്നുള്ള സ്വാതന്ത്ര്യം നേടിത്തന്നത്. അത് എക്കാലവും അഭിമാനത്തോടെ ചേർത്തുപിടിക്കാം. ‘ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്, ദേശസ്നേഹത്തിന്റെ ആത്മാവും ഉജ്ജ്വല ഭാവിയിലേക്കുള്ള പ്രതീക്ഷയും കൈവിടാതെ മുന്നോട്ടുപോകാം.ഇന്ത്യയുടെ ഭാവി കൂടുതൽ പ്രതീക്ഷയുള്ളതാകട്ടെ എന്നാഗ്രഹത്തോടെ, സ്വാതന്ത്ര്യദിനാഘോഷത്തിൽ ആത്മാർഥമായി പങ്കുചേരാം. രാജ്യത്തിന്റെ പുരോഗതിക്കായി ചേർന്നുനിൽക്കാം. ജയ് ഹിന്ദ്!
ഡോ. ഷരീഫ് അബ്ദുൽ ഖാദർ, ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, എ.ബി.സി കാർഗോ ഗ്രൂപ് ഓഫ് കമ്പനീസ്
ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനത്തിൽ സാങ്കേതികവിദ്യ, സമ്പദ്വ്യവസ്ഥ, ആഗോള സ്വാധീനം എന്നിവയിൽ മുന്നേറുന്ന രാഷ്ട്രത്തെയാണ് നാം ആഘോഷിക്കുന്നത്. ഇന്ത്യയുടെ ശബ്ദം ഇന്ന് എന്നത്തേക്കാളും ശക്തമായി പ്രതിധ്വനിക്കുകയാണ്. ഗൗരവമേറിയ ചർച്ചകൾ രൂപപ്പെടുത്തുകയും ലക്ഷ്യബോധത്തോടെ പുരോഗതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. ഈ മുന്നേറ്റം തുടരുകയും അഭിമാനത്തോടെ നയിക്കുകയും ചെയ്യാം.
ഷംലാൽ അഹമ്മദ്, മാനേജിങ് ഡയറക്ടർ, ഇന്റർനാഷനൽ ഓപറേഷൻസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
79ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ നേരുന്നു. രാജ്യത്തിന്റെ ശ്രദ്ധേയമായ യാത്ര ആഘോഷിക്കുന്നതിനൊപ്പം സമൃദ്ധിയുടെയും സമാധാനത്തിന്റെയും വിളക്കുമാടമായി ഇന്ത്യയെ മാറ്റുന്നതിനുള്ള നമ്മുടെ പ്രതിജ്ഞ പുതുക്കുന്നതിനുള്ള ദിവസമാണിത്. ആഗോളതലത്തിൽ നമ്മുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും വളർച്ചയിൽ പ്രചോദനമാകുകയും ചെയ്യുന്ന സമർപ്പണ ബോധമുള്ള ഇന്ത്യൻ സർക്കാറിനും ദീർഘവീക്ഷണമുള്ള നേതാക്കൾക്കും ഹൃദയത്തിൽ തൊട്ടുള്ള നന്ദി അറിയിക്കുന്നു.
ഡോ. ജോയ് ആലുക്കാസ്, ചെയർമാൻ, ആലുക്കാസ് ഗ്രൂപ്
ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യ ദിനത്തിൽ ഉന്നതമായ പൈതൃകവും പാരമ്പര്യവും കൊണ്ട് മാത്രമല്ല, നൂതനാശയങ്ങൾ കൊണ്ടും പ്രതിരോധശേഷി കൊണ്ടും നേതൃമികവ് കൊണ്ടും ആഗോളതലത്തിൽ ബന്ധങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്ന രാജ്യത്തെയാണ് ഞങ്ങൾ ആദരിക്കുന്നത്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ, നമുക്ക് ലക്ഷ്യബോധത്തോടെ ഒരുമിച്ച് മുന്നേറാം. നമ്മുടെ വൈവിധ്യങ്ങൾ ആഘോഷിക്കുകയും വരും തലമുറകൾക്ക് പ്രചോദനമാകുന്ന ശോഭനമായ ഭാവി കെട്ടിപ്പടുക്കുകയും ചെയ്യാം. എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ.
കെ.പി. അബ്ദുസലാം, വൈസ് ചെയർമാൻ, മലബാർ ഗ്രൂപ്
ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ അത് നേടിയെടുക്കാൻ സഹായിച്ച ത്യാഗങ്ങളെ നമുക്ക് അനുസ്മരിക്കാം. നിരവധി പേരാണ് സ്വാതന്ത്ര്യത്തിനായി പോരാടുകയും മരണം വരിക്കുകയും ചെയ്തത്. അവരുടെ ത്യാഗങ്ങള്‍ ഒരിക്കലും മറക്കാന്‍ പാടില്ല. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് ചിന്തിക്കേണ്ട ദിവസമാണിത്. സ്വാതന്ത്ര്യത്തിന് ശേഷം വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക വികസനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.
എങ്കിലും ഇനിയും ഒരുപാട് ജോലികള്‍ ചെയ്യാനുണ്ട്. ഇന്ത്യ ജനാധിപത്യ രാജ്യമാണ്, എല്ലാ പൗരന്മാര്ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉണ്ടായിരിക്കണം. മതേതരത്വത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണ്, അതായത് മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ല. സ്വാതന്ത്ര്യം അതിന്റെ പൂര്‍ണാര്‍ഥത്തില്‍ അനുഭവവേദ്യമാകണമെങ്കില്‍ സമൂഹത്തെ സാംസ്കാരികമായും സദാചാരപരമായും ധാർമികമായും മുന്നോട്ടു ചലിപ്പിക്കേണ്ടതുണ്ട്. വ്യക്തികളില്‍ ഉണ്ടാകുന്ന ശരിയായ മാറ്റങ്ങളിലൂടെ മാത്രമേ ഇത് കൊണ്ടുവരാൻ സാധ്യമാകൂ. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.
കെ. സൈനുൽ ആബിദീൻ, സഫാരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.