അലനല്ലൂർ: കോട വിരിച്ച് വിരുന്നൊരുക്കി സഞ്ചാരികളുടെ മനം കവരുകയാണ് ഉപ്പുകുളം മലനിരകൾ. പാലക്കാട്-മലപ്പുറം ജില്ലാതിർത്തിയിലാണ് ഈ മനോഹരയിടം. മലനിരകളുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ പ്രകൃതി ഒരുക്കിയ സമ്മാനമാണ് ഉപ്പുകുളത്തുള്ള ആനപ്പാറ. മഴ പെയ്യുന്നതോടെ അടിഭാഗത്തു നിന്നും ഉയരങ്ങളിലേക്ക് എത്തുന്ന കോടമഞ്ഞാണിവിടുത്തെ പ്രധാന ആകർഷണീയത.
മുണ്ടകുളം ആനപ്പാറയിൽനിന്ന് നോക്കിയാൽ പച്ചപ്പട്ട് പോലെ തോന്നിപ്പിക്കുന്ന ഉപ്പുകുളം, പൊൻപാറ, കിളയപ്പാടം, പിലാച്ചോല തുടങ്ങിയ പ്രദേശങ്ങൾ കണ്ടാസ്വദിക്കാം. ഇടമലയിൽ കേറി നിന്നാൽ ചുറ്റുപ്പാടുമുള്ള ഉയർന്ന കോട്ടമല, ചിത്തമല, വട്ടമല, ചൂളി, അന്താവ്, ചോലമണ്ണ്, ഓലപ്പാറ, മുണ്ടകുളം, മല നിരകളും നോക്കത്താ ദുരത്തെ കാഴ്ചകളും കണ്ണിന് കുളിർമയേകുന്നു. ഇതിന് പുറമെ മരുഭൂമിയിൽ മാത്രം കാണുന്ന ഒരു തരംചെടി ഇടമലയിലെ പാറകെട്ടുകളിൽ തഴച്ച് വളരുന്ന കാഴ്ചയും കാണാം. സാഹസിക യാത്രക്കാർക്ക് ഏറ്റവും ഉല്ലസിക്കാൻ പറ്റിയ ഒരു ഇടം കൂടിയാണ് ഇടമല.
രാവിലെയും വൈകുന്നേരവും വീശിയടിക്കുന്ന ഇളം തണുപ്പുള്ള കാറ്റ് ഏവരുടെയും മനംകുളിർപ്പിക്കും. ഉപ്പുകുളം ചൂളിയിൽനിന്ന് അരമണിക്കൂറിൽ നടന്ന് ആനപ്പാറയിലെത്താം. മുളക്കാടുകൾക്കിടയിലൂടെയുള്ള നടത്തവും ആസ്വദിക്കാം. മുൻകാലത്ത് പാറക്കൂട്ടം നിറഞ്ഞ ചവിട്ടുപാതകൾ ഭൂരിഭാഗവും അലനല്ലൂർ ഗ്രാമപഞ്ചായത്ത് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. റോഡിന്റെ കുറച്ച് ഭാഗവും കൂടി ഗതാഗതയോഗ്യമാക്കിയാൽ വാഹനങ്ങൾക്ക് യാതൊരു പ്രയാസവുമില്ലാതെ ആനപ്പാറയിലെത്താം. വെള്ളചാട്ടപ്പാറയിൽ വെള്ളചാട്ടം കാണാൻ രണ്ട് കിലോമീറ്ററോളം നടന്ന് പോകണം.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2500 അടി ഉയരത്തിലാണ് ഇടമലയും ആനപ്പാറയും സ്ഥിതി ചെയ്യുന്നത്. ഉപ്പുകുളം മലയോരത്തെക്കുറിച്ച് കേട്ടറിഞ്ഞവർ സമീപ പ്രദേശങ്ങളിൽനിന്നും ദൂരെ ദിക്കുകളിൽനിന്നും സംഘം ചേർന്നും മറ്റും ഇവിടെ എത്തുന്നത് പതിവ് കാഴ്ചയാണ്. എടത്തനാട്ടുകരയുടെ ‘മിനി മൂന്നാർ’ എന്നാണ് നാട്ടുകാർ ആനപ്പാറയെ വിശേഷിപ്പിക്കുന്നത്. ടൂറിസത്തിനുള്ള വമ്പിച്ച സാധ്യതയാണ് ഉപ്പുകുളം മലയോര മേഖല. ഏതാനും കിലോമീറ്ററുകൾ വ്യത്യാസത്തിലുള്ള വെള്ളച്ചാട്ടപ്പാറയും ഇടമലയും ഓലപ്പാറയും ആനപ്പാറയും ബന്ധിപ്പിച്ചുള്ള വിനോദ സഞ്ചാര മേഖലക്ക് ഏറെ സാധ്യതയുണ്ട്. സംസ്ഥാന സർക്കാറിന് കൂടുതൽ പണം ചെലവഴിക്കാതെ നല്ല വരുമാനമുണ്ടാക്കാൻ ഉപ്പുകുളത്തെ അതിമനോഹര കാഴ്ചയായി ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.