വിനോദ സഞ്ചാരിയെ കാട്ടാന ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ
ബന്ദിപൂർ (കർണാടക): കാട്ടാനയുടെ മുമ്പിൽ അകപ്പെട്ട കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം കർണാടകയിലെ ബന്ദിപൂർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നത്. കാട്ടാനയുടെ കാലിനടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടാന ഓടിക്കുന്നതിനിടെ യുവാവ് റോഡിൽ വീഴുന്നതിന്‍റെയും ആനയുടെ കാലിനടിയിൽ കുടുങ്ങുന്നതിന്‍റെയും വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് കർണാടക വനം വകുപ്പ് അറിയിച്ചു.
ബന്ദിപൂർ ദേശീയപാതയിൽ കാട്ടാനയെ കണ്ടതോടെ ഇരുവശത്ത് കൂടി കടന്നു പോകാനെത്തിയ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇതിനിടെ ഒരു കാർ മറികടന്നു പോകാൻ ശ്രമിക്കവെ പ്രകോപിതനായ ആന എതിർവശത്തെ ചെറിയ കുന്നിന് മുകളിൽ നിന്ന യുവാവിന്‍റെ സമീപത്തേക്ക് പാഞ്ഞടുത്തു. തുടർന്ന് യുവാവ് ഓടി റോഡിൽ കയറിയെങ്കിലും കാൽതെറ്റി നെഞ്ചടിച്ച് വീണു. പിന്നാലെ എത്തിയ ആന യുവാവിനെ ചവിട്ടുകയും മറികടന്നു പോവുകയും ചെയ്യുകയായിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ സെൽഫി എടുക്കാൻ ശ്രമിച്ച രണ്ട് വിനോദ സഞ്ചാരികളെ കാട്ടാന വിരട്ടിയോടിച്ചിരുന്നു. ചാമരാജ് നഗർ ജില്ലയിലെ ദേശീയ പാർക്കിലാണ് സംഭവം. എന്നാൽ, കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിനോദ സഞ്ചാരികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
2023 ഡിസംബറിൽ കടുവ സംരക്ഷണ കേന്ദ്രത്തിലെ കുണ്ടക്കരെ റേഞ്ചിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ ബന്ദിപ്പൂരിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നാമത്തെ ആളായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.