കേരളടൂറിസത്തിന്‍റെ അനന്ത സാധ്യതകളെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടുന്ന ഒരു എ.ഐ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അന്യഗ്രഹത്തിൽനിന്ന് ഒരു കുടുംബം തങ്ങളുടെ അവധിക്കാലം ആസ്വദിക്കാനായി കേരളത്തലെത്തുന്നതാണ് വിഡിയോയുടെ പ്രമേയം. കോഴിക്കോട് ആസ്ഥാനമായുള്ള പരസ്യ ഏജന്‍സിയായ ക്യാപ്പിയോ ഇന്ററാക്റ്റീവ് ആണ് 'കെ.എൽ കിനാവ്' എന്ന വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.
വിഡിയോയുടെ തുടക്കത്തിൽ ഭൂമിയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന കുടുംബം കേരളത്തിൽനിന്ന് സിഗ്നൽ കിട്ടുന്നതോടെ കേരളം തെരഞ്ഞെടുക്കുകയാണ്. കേരളത്തിൽ ഇറങ്ങുന്ന അന്യഗ്രഹജീവികൾ ഒരു ടൂറിസ്റ്റ് ഗൈഡിന്‍റെ സഹായത്തോടെ കേരളം എക്സപ്ലോർ ചെയ്യുകയാണ്.
അന്യ ഗ്രഹത്തിൽനിന്ന് എത്തിയ അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങിയ കുടുംബം കേരളത്തിന്‍റെ സ്വന്തം ആനവണ്ടിയിലാണ് യാത്ര ആരംഭിക്കുന്നത്. അങ്ങ് തെക്ക് പത്മനാഭന്‍റെ മണ്ണിൽ നിന്ന് തുടങ്ങി വടക്ക് തെയ്യത്തിന്‍റെയും തിറയുടെയും നാട്ടിലൂടെയെല്ലാം കുടുംബം സഞ്ചരിക്കുന്നു.
കേരളത്തിന്‍റെ തനത് ഗ്രാമീണ മനോഹാരിതയും പച്ചപ്പും ഹരിതാപവുമെല്ലാം അത്രയേറെ ഹൃദയ സ്പർശമായി വിഡിയോയിൽ അവതരിപ്പിക്കുന്നുണ്ട്. തേയിലതോട്ടങ്ങളുടെ പച്ച പുതച്ച് മഞ്ഞുമൂടി കിടക്കുന്ന മൂന്നാറിന്‍റെ ദൃശ്യ ഭംഗിയും കാടിന്‍റെ വശ്യതയും അവിടിത്തെ വിനോദ സഞ്ചാര മേഖലാ സാധ്യതയുമെല്ലാം കാണിക്കുന്നു. ആലപ്പുഴയിൽ കായലിലൂടെയുള്ള ഹൗസ്ബോട്ട് എക്സ്പീരിയൻസും കപ്പയും കരിമീനുമെല്ലാം വിഡിയോയുടെ ഭാഗമാണ്.
തെയ്യവും തിറയും വള്ളം കളിയും തൃശൂർ പൂരവുമുൾപ്പെടെ കേരളത്തിന്‍റെ തനത് സാംസ്കാരിക പൈതൃകങ്ങളെയും ഉത്സവങ്ങളെയുമെല്ലാം ഉൾപ്പെടുത്തിയാണ് വിഡിയോ നിർമിച്ചിരിക്കുന്നത്. അവയെല്ലാം കണ്ടും അതിൽ പങ്കെടുത്തും ആസ്വദിക്കുന്ന അന്യഗ്രഹ ജീവികൾ കൗതുകമുണർത്തുന്നു.
ചരിത്രവും ആധുനികതയും പഴമയും വ്യത്യസ്ത സംസ്കാരങ്ങളും ഒന്നിച്ച നഗരത്തിന്‍റെ മുഖവും കാണിക്കുന്നു. മലബാറിന്‍റെ സ്നേഹവും ഫുട്ബോളുനോടുള്ള പ്രേമവും കടലും കലയും സാഹിത്യവും ഒന്നിക്കുന്ന മനോഹരമായ കാഴ്ചകളും വ്യത്യസ്ത രുചിക്കൂട്ടുകളെയുമെല്ലാം ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കുന്നു.
ഏറ്റവും പ്രധാനമായി ദുരന്തങ്ങൾക്കും മഹാമാരികൾക്കും മുന്നിൽ പതറാതെ നിൽക്കുന്ന കേരളക്കരയുടെ ഐക്യവും എടുത്തുകാണിക്കുന്നു. 04:50 മിനിറ്റ് നീണ്ടുനിൽക്കുന്ന വിഡിയോ പൂര്‍ണ്ണമായും എ.ഐ സാങ്കേതിക വിദ്യയിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.