കൊച്ചി: സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും അടുത്ത നിരക്ക് വർധനക്ക് ഒരുങ്ങുന്നതായി സൂചന. ഈവർഷം അവസാനത്തിന് മുമ്പ് രണ്ട് കമ്പനികളും നിരക്ക് കൂട്ടിയേക്കുമെന്ന് ടെലികോം മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. അതേസമയം, ഇപ്പോഴും 4ജി സംവിധാനമില്ലാത്ത ബി.എസ്.എൻ.എല്ലും പ്രതിസന്ധികളിൽ നീങ്ങുന്ന വോഡഫോൺ ഐഡിയയും (വിഐ) നിരക്ക് വർധിപ്പിക്കാനിടയില്ല.
കഴിഞ്ഞ വർഷം ജൂലൈയിൽ എയർടെലാണ് ആദ്യം നിരക്ക് വർധിപ്പിച്ചത്. പിന്നാലെ ജിയോയും വിഐയും വർധിപ്പിച്ചു. 27 ശതമാനം വരെയാണ് അന്ന് കൂട്ടിയത്. അടുത്ത വർധന 12 ശതമാനംവരെ ആയിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷം നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ഏതാനും മാസം വൻതോതിൽ ഉപഭോക്താക്കൾ കൊഴിഞ്ഞുപോയെങ്കിലും രണ്ട് കമ്പനികളും അതെല്ലാം തിരിച്ചുപിടിച്ചു.
അന്ന് ജിയോയും എയർടെലും ഉപേക്ഷിച്ചവർ നിരക്ക് കൂട്ടാത്ത ബി.എസ്.എൻ.എല്ലിനെയാണ് ആശ്രയിച്ചത്. 2024 ഏപ്രിലിൽ 86.8 ദശലക്ഷം ഉപഭോക്താക്കൾ ഉണ്ടായിരുന്ന ബി.എസ്.എൻ.എല്ലിന് സെപ്റ്റംബർ അവസാനിക്കുമ്പോൾ അത് 91.8 ദശലക്ഷമായി ഉയർന്നു. എന്നാൽ 4ജിയുടെ അഭാവത്തിൽ വേഗതയില്ലാത്ത ഡേറ്റയുമായി ഇഴയുന്ന ബി.എസ്.എൻ.എല്ലിനെ ഉപേക്ഷിക്കുന്നതാണ് പിന്നീട് കണ്ടത്. വരിക്കാരുടെ കൊഴിഞ്ഞുപോക്ക് ബി.എസ്.എൻ.എല്ലിനെ അലട്ടുന്നുണ്ട്. ഈ പ്രശ്നം വിഐയും നേരിടുന്നുണ്ട്.
ഒരു ഉപഭോക്താവിൽനിന്നുള്ള വരുമാനത്തിന്റെ (ആവറേജ് റവന്യൂ പെർ യൂസർ) കാര്യത്തിൽ എയർടെലാണ് മുന്നിൽ. ജിയോ പിന്നാലെയുണ്ട്. രണ്ട് സ്ഥാപനങ്ങളും 5ജിയിൽ മുന്നേറുകയാണ്. ഇനി നിരക്ക് വർധിപ്പിച്ചാലും ഉപഭോക്താക്കൾ ഉപേക്ഷിച്ച് പോകാനിടയില്ലെന്നാണ് രണ്ട് കമ്പനികളുടെയും കണക്കുകൂട്ടൽ. ബി.എസ്.എൻ.എൽ ഒരു ലക്ഷം 4ജി ടവറുകൾ ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും സെപ്റ്റംബർ അവസാനത്തോടെ ഡൽഹി ഉൾപ്പെടെ ഏതാനും നഗരങ്ങളിൽ 5ജി അവതരിപ്പിക്കുമെന്നും അവകാശപ്പെടുന്നുണ്ട്. നിലവിൽ ജിയോയും എയർടെലും നേർക്കുനേർ മത്സരിക്കുന്ന സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.