കോഴിക്കോട്: അടുക്കളക്ക് ആശ്വാസം പകർന്ന് വെളിച്ചെണ്ണ വില താഴുന്നു. ചൊവ്വാഴ്ച ക്വിന്റലിന് 1500 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഇരുനൂറും മുന്നൂറും രൂപ നിരക്കിൽ കൂടുകയും കുറയുകയുംചെയ്ത വില നിലവാരത്തിൽനിന്നാണ് 1500 രൂപ താഴ്ന്നത്. ഇതോടെ വെളിച്ചെണ്ണ വില ക്വിന്റലിന് 39,000 രൂപയിലെത്തി. ലിറ്ററിന് 390 രൂപയിൽ നിന്ന് 375 രൂപയായാണ് കുറഞ്ഞത്.രണ്ടാഴ്ച മുമ്പ് വെളിച്ചെണ്ണയുടെ വില ക്വിന്റലിന് 44,000 രൂപയിലെത്തിയിരുന്നു.
രണ്ടാഴ്ചകൊണ്ട് കൊപ്ര ക്വിന്റലിന് 7000 രൂപയോളമാണ് കുറഞ്ഞത്. ചൊവ്വാഴ്ച കൊപ്രയുടെ വില 20,500 രൂപയിലെത്തി. കൊപ്ര മാർക്കറ്റിൽ എത്തിയിട്ടും വാങ്ങാൻ ആളില്ലാത്തതാണ് വില കുത്തനെ കുറയാൻ കാരണം.ദൗർലഭ്യകാലത്ത് കൂടിയ വിലക്ക് കൊപ്ര സംഭരിച്ച വെളിച്ചെണ്ണ മിൽ ഉടമകൾക്ക് വൻ നഷ്ടമാണുണ്ടാകുന്നത്. തമിഴ്നാട് ലോബിയുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണ് വെളിച്ചെണ്ണ വില കുതിപ്പിന് ഇടയാക്കിത്.
വില കുറയുമെന്ന ആശങ്കയിൽ, പൂഴ്ത്തിവെച്ച വെളിച്ചെണ്ണയും കൊപ്രയും മാർക്കറ്റിൽ വൻതോതിൽ എത്തിത്തുടങ്ങി. പൊതുവിപണിയിൽ സർക്കാർ ഇടപെടലുകളും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വിളവെടുപ്പിലെ പുതിയ കൊപ്ര വരവുമാണ് വില കുറയാനുള്ള മറ്റൊരു കാരണം. ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വില നിയന്ത്രിക്കാനാവശ്യമായ നടപടികൾ ഇതിനകം സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഓണത്തിന് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.