കൊച്ചി: ഇന്ത്യക്കുമേൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഇരട്ടിത്തീരുവ കേരളത്തിന് വൻ തിരിച്ചടിയാകുമെന്ന് ആശങ്ക. കയർ, കശുവണ്ടി, റബർ, സമുദ്രോൽപന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കയറ്റുമതി മുതൽ സ്വർണാഭരണ മേഖലയെവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
രാജ്യത്തുനിന്ന് അമേരിക്കയിലേക്ക് കയറ്റിയയക്കുന്ന ഉൽപന്നങ്ങളിൽ നല്ലൊരു പങ്കും കേരളത്തിൽനിന്നാണെന്നതാണ് ട്രംപിന്റെ നടപടിയുടെ ആഘാതം ഇതര സംസ്ഥാനങ്ങളേക്കാൾ കൂടാൻ കാരണം. ഇറക്കുമതി തീരുവ 25 ശതമാനമാക്കിയപ്പോൾതന്നെ ആശങ്കയിലായ കേരളത്തിന്റെ കയറ്റുമതി മേഖല, 50 ശതമാനമാക്കി ഉയർത്തിയതോടെ നട്ടെല്ലിന് അടിയേറ്റ അവസ്ഥയിലാണ്.
ഏഷ്യയിലെ ഏറ്റവും വലിയ വ്യാപാരച്ചുങ്കം കൂടുതൽ പ്രതികൂലമായി ബാധിക്കുക മത്സ്യബന്ധന-സംസ്കരണ കയറ്റുമതി മേഖലയെയാണ്. ഇന്ത്യയിൽനിന്നുള്ള ചെമ്മീന് 2.49 ശതമാനം ആൻറി ഡബ്ബിങ് ഡ്യൂട്ടിയും 5.77 ശതമാനം കൗണ്ടർ വെയ്ലിങ് ഡ്യൂട്ടിയും ചേർത്തുള്ള വർധനയാണ് ഇതുവരെ നടപ്പാക്കിയിരുന്നത്. ഇപ്പോൾ ഇത് 58.26 ശതമാനം ആയി വർധിച്ചു. കടലാമ സംരക്ഷണത്തിന്റെ പേരിൽ നടപ്പാക്കിയ സമുദ്രജല ചെമ്മീനുകളുടെ നിരോധനത്തിന്റെ പേരിൽ അഞ്ചുവർഷത്തിനകം രാജ്യത്തിന് 500 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായി എന്നാണ് കണക്ക്.
പുതിയ നിരക്ക് വർധനയിലൂടെ ഇന്ത്യയിൽനിന്നുള്ള ചെമ്മീൻ കയറ്റുമതിയിൽ 30 ശതമാനമെങ്കിലും ഇടിവുണ്ടാകും. നാലുവർഷം മുമ്പ് 3000 രൂപയായിരുന്ന റീഫർ കണ്ടെയ്നറുകളുടെ കപ്പൽ ചാർജ് ഇപ്പോൾ 6500ഉം സെപ്റ്റംബറാകുമ്പോൾ 12,500 രൂപയും അധികം നൽകേണ്ടതുണ്ട്. ചുരുക്കത്തിൽ ഒരുകിലോ ചെമ്മീന്റെ കയറ്റുമതി ചെലവ് 16 രൂപയിൽനിന്ന് 60 രൂപയായി വർധിച്ചു.
അമേരിക്കയിലെ ചെമ്മീൻ ഉപഭോഗത്തിൽ 94 ശതമാനവും ഇറക്കുമതി ചെമ്മീനാണ്. ഇതിൽ ഇന്ത്യയുടെ വിഹിതം 46ഉം ഗ്വാട്ടിമാലയുടേത് 26ഉം ശതമാനമാണ്. ആന്ധ്രയിൽ മാത്രം മൂന്ന് ലക്ഷത്തോളം ഉൽപാദകരും കേരളത്തിൽ അരൂർ കേന്ദ്രീകരിച്ച് മുപ്പതിനായിരത്തോളം സംസ്കരണ തൊഴിലാളികളുമുണ്ട്. അമേരിക്കക്ക് തൊട്ടടുത്ത് കിടക്കുന്ന ഗ്വാട്ടിമാലയും മെക്സികോയും ഇന്തോനേഷ്യയും വിയറ്റ്നാമും അമേരിക്കൻ വിപണി കീഴടക്കുന്ന സാഹചര്യത്തിൽ ഇന്ത്യ പിന്തള്ളപ്പെടുമെന്ന് കേരള ഫിഷറീസ് കോഓഡിനേഷൻ കമ്മിറ്റി കൺവീനർ ചാൾസ് ജോർജ് പറഞ്ഞു.
യു.എസിന്റെ 50 ശതമാനം തീരുവ സ്വർണവ്യാപാര മേഖലക്കും കനത്ത പ്രഹരമാണ്. അതിജീവനത്തിനായി കയറ്റുമതി മേഖലയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കരകൗശല വിദഗ്ധരുടെ ഉപജീവനമാർഗത്തെ ഇത് അപകടത്തിലാക്കും. ഇന്ത്യയുടെ ആഭരണ ആവാസ വ്യവസ്ഥയുടെ നട്ടെല്ലാണ് ഈ കരകൗശല വിദഗ്ധർ.
50 ശതമാനം താരിഫ് വർധിക്കുന്നത് വ്യാപക തൊഴിൽനഷ്ടത്തിന് ഇടയാക്കും. സ്വർണാഭരണ നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ള കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാംസ്ഥാനത്താണ് അമേരിക്ക. കഴിഞ്ഞ സാമ്പത്തിക വർഷം 1,25,663 ടൺ സുഗന്ധവ്യഞ്ജനങ്ങളാണ് അമേരിക്കയിലേക്ക് ഇന്ത്യ കയറ്റിയയച്ചത്. 3,42,893 ടൺ ഇറക്കുമതിചെയ്ത ചൈനയാണ് ഒന്നാം സ്ഥാനത്ത്. കുരുമുളക്, ഏലം, ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഇങ്ങനെ കയറ്റിയയച്ചതിൽ 700 കോടിയോളം രൂപയുടെ സുഗന്ധവ്യഞ്ജന ഉൽപന്നങ്ങൾ കേരളത്തിൽനിന്നാണ്. ഇവയുടെ മൂല്യവർധിത ഉൽപന്നങ്ങളാണ് കൂടുതലും കയറ്റുമതി ചെയ്യുന്നത്. ഇറക്കുമതിത്തീരുവ ഇരട്ടിയാക്കിയത് വ്യപാരമേഖലയെ സമ്മർദത്തിലാക്കുകയും ഇന്ത്യയിലും അമേരിക്കയിലും വിലവർധനവിന് വഴിവെക്കുകയും ചെയ്യും. അതുവഴി ഡിമാന്റ് കുറയുന്നത് കയറ്റുമതി ഇടിയാൻ ഇടയാക്കും.
എന്നാൽ, സുഗന്ധവ്യഞ്ജന കയറ്റുമതി അമേരിക്കയെ മാത്രം ആശ്രയിച്ചല്ല നിലനിൽക്കുന്നതെന്നും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യത പരമാവധി പ്രയോജനപ്പെടുത്തി പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നും ഇന്ത്യൻ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടിവ് ചെയർമാനുമായ വിജു ജേക്കബ് പറയുന്നു. സുഗന്ധവ്യഞ്ജന ഇറക്കുമതി അമേരിക്കയുടെകൂടി ആവശ്യമാണെന്നും ഇത് വലിയ തിരിച്ചടിയായി കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരുവ ഉയർത്തിയ യു.എസ് നടപടി രാജ്യത്തിന്റെ റബർ ഉൽപന്ന കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തുനിന്ന് പ്രതിവർഷം 7630.22 കോടിയുടെ റബർ ഉൽപന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റിയയക്കുന്നത്.
പത്ത് ശതമാനമായിരുന്ന തീരുവയാണ് ഒറ്റയടിക്ക് 50 ശതമാനമാകുന്നത്. റബർ മാറ്റുകൾ, ഉറകൾ, കൺവെയർ ബെൽറ്റുകൾ, വാഹനങ്ങളിൽ ഉപയോഗിക്കുന്ന റബർ ഉൽപന്നങ്ങൾ എന്നിവയുടെയെല്ലാം പ്രധാന വിപണിയാണ് അമേരിക്ക. തീരുവ 50 ശതമാനമാക്കിയ പ്രഖ്യാപനം വന്നതോടെ ചില കമ്പനികൾ ഉൽപാദനവും കയറ്റുമതിയും താൽക്കാലികമായി നിർത്തിയിട്ടുമുണ്ട്. ബദൽവിപണി കണ്ടെത്തുക എന്ന കനത്ത വെല്ലുവിളിയാണ് മുന്നിലുള്ളത്.
സംസ്ഥാനത്തുനിന്ന് പ്രകൃതിദത്ത കയർ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കമ്പനികൾ യു.എസ് തീരുമാനത്തെ വലിയ ആശങ്കയോടെയാണ് കാണുന്നത്. അമേരിക്കയിൽ വില ഉയരുമ്പോൾ ഉപഭോക്താക്കൾ മറ്റ് രാജ്യങ്ങളിൽനിന്നുള്ള സിന്തറ്റിക് റബർ ഉൽപന്നങ്ങളിലേക്ക് തിരിയുകയും കേരളത്തിൽ നിന്നുള്ളവക്ക് ഡിമാൻഡ് ഇടിയുകയും ചെയ്യും.
കയർ ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ നിലവിലുണ്ടായിരുന്ന പത്ത് ശതമാനം തീരുവ പരസ്പരധാരണ പ്രകാരം ഇന്ത്യയിലെ കയറ്റുമതിക്കാരും യു.എസിലെ ഇറക്കുമതിക്കാരും അഞ്ച് ശതമാനം വീതം പങ്കിടുകയായിരുന്നു. തീരുവ 50 ശതമാനമായി ഉയരുമ്പോൾ ഇത്തരമൊരു ക്രമീകരണം അപ്രായോഗികമാകും.
ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കശുവണ്ടി കയറ്റുമതി പത്ത് ശതമാനത്തിൽ താഴെയാണ്. അതുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങളിൽ സമാന്തര വിപണി കണ്ടെത്താൻ പ്രയാസമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, അമേരിക്കൻ വിപണി മാത്രം ലക്ഷ്യമിട്ട് കശുവണ്ടിയുടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന കേരളത്തിലെ കമ്പനികൾക്ക് തീരുവവർധന പ്രതിസന്ധി സൃഷ്ടിക്കും. തുണിത്തരങ്ങളുടെ കയറ്റുമതിയിൽ യു.എസ് തീരുമാനം ദീർഘകാലത്തേക്ക് ബാധിക്കില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.