വെളിച്ചെണ്ണ വില കുറയുന്നു

നാളികേരോൽപ്പന്നങ്ങളുടെ വില കുതിപ്പിന്‌ സംസ്ഥാന സർക്കാർ മൂക്ക്‌ കയറിട്ടതോടെ വെളിച്ചെണ്ണ വിപണി സാങ്കേതിക തിരുത്തലിലേക്ക്‌ വഴുതി. ഓണവേളയിൽ താഴ്‌ന്ന വിലക്ക്‌ എണ്ണ ഉപഭോക്താക്കളിൽ എത്തിക്കുമെന്ന പ്രഖ്യാപനം തുടക്കത്തിൽ അയൽ സംസ്ഥാനങ്ങളിലെ കൊപ്രയാട്ട്‌ വ്യവസായികൾ കാര്യമായി ഗൗനിച്ചില്ല.

ആകർഷകമായ വിലക്ക്‌ വെളിച്ചെണ്ണ ഉത്സവ സീസണിൽ വിറ്റഴിച്ച്‌ വൻലാഭം കൈപിടിയിൽ ഒതുക്കാമെന്ന നിഗമനത്തിലായിരുന്നു‌ തമിഴ്‌നാട്‌ ലോബി. എന്നാൽ സ്ഥിതി പെടുന്നനെ മാറി മറിയുന്നത്‌ കണ്ട്‌ കൈവശമുള്ള വെളിച്ചെണ്ണ വിറ്റുമാറാനുള്ള തിടുക്കത്തിലാണ്‌ കാങ്കയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പല മില്ലുകളും. വാരാന്ത്യം കാങ്കയത്ത്‌ വെളിച്ചെണ്ണ ക്വിന്റലിന്‌ 31,675 ലേക്ക്‌ ഇടിഞ്ഞു. കൊച്ചിയിൽ 36,700 രൂപയായി താഴ്‌ന്നു.

****

വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സുഗന്ധവ്യഞ്‌ജന​ സ്‌റ്റോക്കിസ്‌റ്റുകൾ ഉത്സവ ആവശ്യത്തിനുള്ള കുരുമുളക്‌ സംഭരണം പുനരാരംഭിച്ചു. കുരുമുളകിന്‌ വിൽപ്പനക്കാർ കുറഞ്ഞതിനാൽ നിരക്ക്‌ ഉയർത്താതെ ചരക്ക്‌ ലഭിക്കില്ലെന്ന്‌ അവർക്ക്‌ വ്യക്തമായി. എന്നാൽ വില ഉയർത്തിയിട്ടും കൊച്ചിയിൽ മുളക്‌ വരവ്‌ നാമമാത്രമായിരുന്നു. വിപണി കൂടുതൽ മുന്നേറുമെന്ന നിഗമനത്തിലാണ്‌ ഉൽപാദന മേഖല. അൺ ഗാർബിൾഡ്‌ കിലോ 672 രൂപയായി ഉയർന്നു. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക്‌ ടണ്ണിന്‌ 8200 ഡോളറിന്‌ മുകളിലാണ്‌.

****

ഹൈറേഞ്ചിലെ അനുകൂല കാലാവസ്ഥ ഏലം ഉൽപാദനം ഉയർത്തുമെന്നാണ്‌ കർഷകരുടെ പ്രതീക്ഷ. ലേലത്തിന്‌ എത്തിയ ഏലക്ക പല അവസരത്തിലും വാങ്ങലുകാർ മത്സരിച്ച്‌ ശേഖരിച്ചു. ആഗസ്‌റ്റ്‌ രണ്ടാം പകുതിയിൽ വിളവെടുപ്പ്‌ ഊർജിതമാകുമെന്നാണ്‌ വിലയിരുത്തൽ. ഇന്ത്യയിൽ ഏലം സീസൺ സജീവമായ വിവരങ്ങളെ തുടർന്ന്‌ യുറോപിൽ നിന്നും അറബ്‌ രാജ്യങ്ങളിൽ നിന്നും പുതിയ അന്വേഷണങ്ങൾ എത്തുന്നുണ്ട്‌. ശരാശരി ഇനങ്ങൾ 2600 രൂപക്ക്‌ മുകളിലും മികച്ചയിനങ്ങൾ 3100 രൂപക്കും മുകളിലാണ്‌ ശനിയാഴ്‌ച വിറ്റത്.

*****

ചിങ്ങം മുതൽ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ ടാപ്പിങ്‌ രംഗം സജീവമാകും. റെയിൻ ഗാർഡ്‌ ഇട്ടതോട്ടങ്ങളിൽ ടാപ്പിങ്‌ ഇതിനകം പുനരാരംഭിച്ചു. അടുത്ത വാരം മുതൽ ഉൽപാദനം ഉയർത്താൻ കഴിയുമെന്നാണ്‌ ചെറുകിട കർഷകരുടെ വിലയിരുത്തൽ. രാജ്യാന്തര റബർ അവധി വിപണിയിൽ വിൽപന സമ്മർദ്ദം മൂലം ബാങ്കോക്കിൽ റെഡി മാർക്കറ്റിന്‌ മുന്നേറാനായില്ല. വിദേശത്തെ മാന്ദ്യം ഇന്ത്യൻ റബറിനെയും സ്വാധീനിച്ചതിനാൽ നാലാം ഗ്രേഡ്‌ കിലോ 202 രൂപയായി താഴ്‌ന്നു.

*****

സ്വർണം പുതിയ റെക്കോഡ്‌ സ്ഥാപിച്ചു. വാരത്തിന്റെ രണ്ടാം പകുതിയിൽ 75,760 രൂപയായി ഉയർന്ന ശേഷം ശനിയാഴ്‌ച പവൻ 75,560 രൂപയിൽ വ്യാപാരം അവസാനിച്ചു. അന്താരാഷ്‌ട്ര വിപണിയിൽ മഞ്ഞലോഹം ട്രോയ്‌ ഔൺസിന്‌ 3398 ഡോളറിലാണ്‌.

Tags:    
News Summary - Coconut oil price decreasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT