അബൂദബി: നിർമ്മിതബുദ്ധി സാങ്കേതികവിദ്യയിൽ ആഗോളതലത്തിലെ പ്രധാനകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന അബൂദബി കഴിഞ്ഞ ഒരു വർഷത്തിനിടെ മേഖലയിൽ നേടിയത് വൻകുതിപ്പ്. അബൂദബി ചേംബർ പുറത്തുവിട്ട കണക്കുപ്രകാരം നിർമ്മിതബുദ്ധി മേഖലയിൽ 637കമ്പനികളുമായി 61ശതമാനം വളർച്ചയാണ് 2023 ജൂണിനും 2024 ജൂണിനുമിടയിൽ എമിറേറ്റ് കൈവരിച്ചത്. 2024 ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ ഏകദേശം 90,904 എ.ഐ കമ്പനികളാണുള്ളത്. ഇതിൽ അബൂദബിയിൽ ശ്രദ്ധേയമായ എണ്ണം കമ്പനികൾ പ്രവർത്തിക്കുന്നത് നേട്ടത്തെ അടയാളപ്പെടുത്തുന്നു.
2025 ജനുവരി മുതൽ ജൂൺ വരെ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മാത്രം 150 പുതിയ എ.ഐ കമ്പനികൾ എമിറേറ്റിൽ ആരംഭിച്ചിട്ടുണ്ട്. അബൂദബിയിലെ നിക്ഷേപം, വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, ക്രോസ് സെക്ടർ ഡിമാൻഡ് എന്നിവ ഇതിന് കാരണമായിട്ടുള്ളത്. അബൂദബിയുടെ ആർടിഫിഷ്യൽ ഇന്റലിജൻസ് രംഗം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അബൂദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ സെക്കൻഡ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശാമിസ് അലി ഖൽഫാൻ അൽ ദാഹിരി പറഞ്ഞു.
മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക (മെന) മേഖലയിൽ ഏറ്റവും വേഗത്തിൽ വളരുന്ന നിർമ്മിതബുദ്ധി കേന്ദ്രമാണ് എമിറേറ്റ്. അതോടൊപ്പം നിർമ്മിത ബുദ്ധി അധിഷ്ഠിത സംരംഭങ്ങൾ, നവീകരണം, ഗവേഷണം എന്നിവയിൽ ആഗോളതലത്തിൽ മുൻപന്തിയിലാണ് അബൂദബിയുള്ളത്.
യു.എ.ഇയിൽ എ.ഐ രംഗത്ത് മുന്നേറ്റത്തിന് വഴിയൊരുക്കുന്ന അഞ്ച് ജിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ആർടിഫിഷ്യൽ ഇന്റലിജൻസ് കാമ്പസ് അബൂദബിയിൽ നിർമിക്കുന്നതിന് യു.എ.ഇയും യു.എസും ധാരണയിലെത്തിയിട്ടുണ്ട്. യു.എസിന് പുറത്തുള്ള ഏറ്റവും വലിയ എ.ഐ കാമ്പസായിരിക്കുമിത്. യു.എ.ഇ ആസ്ഥാനമായ ജി ഫോർട്ടി ടുവും മൈക്രോസോഫ്റ്റും ചേർന്നാണ് കാമ്പസ് നിർമിക്കുന്നത്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ അതിവേഗത്തിൽ സ്വീകരിക്കുന്ന രാജ്യത്ത് വിവിധ മേഖലകളിൽ എ.ഐ നിലവിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. സർക്കാർ വിദ്യഭ്യാസത്തിന്‍റെ കെ.ജി മുതൽ 12ാംക്ലാസ് വരെയുള്ള തലങ്ങളിൽ എ.ഐ ഉൾപ്പെടുത്തുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപനം പുറത്തുവന്നിരുന്നു. പുതിയ എ.ഐ കാമ്പസ് കൂടി നിലവിൽ വരുന്നതോടെ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന നിർമ്മിതബുദ്ധി കേന്ദ്രമായി എമിറേറ്റ് മാറും.
2017ൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പേരിൽ ഒരു ദേശീയ എ.ഐ നയം ആരംഭിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ആഗോള എ.ഐ ഹബ്ബായി മാറാനുള്ള പാതയിൽ രാജ്യം പ്രവേശിച്ചിട്ട് വർഷങ്ങളായി. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗതാഗതം, ഊർജ്ജം എന്നിവയുൾപ്പെടെ നിർണായക മേഖലകളിലുടനീളം എ.ഐ സാങ്കേതികവിദ്യ സംയോജിപ്പിക്കാൻ മുൻഗണന നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.