ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ലോകം ഞെട്ടിയത് ചൈനീസ് എ.ഐ ചാറ്റ്ബോട്ട് ഡീപ്സീക്കിന്റെ അവതരണത്തോടെയായിരുന്നു. ഡീപ്സീക്ക്-ആർ1 എന്ന ഈ ചാറ്റ്ബോട്ട് ഒറ്റ രാത്രികൊണ്ട് ലോകമെങ്ങും ഡൗൺലോഡ് ചാർട്ടുകളിൽ ഒന്നാമതായി.
ചാറ്റ്ജി.പി.ടിക്കു സമാനമെന്നോ അതിനേക്കാൾ ഒരുപടി മുകളിലോ എന്ന് അവകാശപ്പെട്ട് അവതരിച്ച ഡീപ്സീക്ക്, അന്നുവരെ ഇറങ്ങിയ എ.ഐ ചാറ്റ്ബോട്ടുകളുടെ നിർമാണ ചെലവിന്റെ എത്രയോ കുറവിൽ നിർമിക്കപ്പെട്ടതായിരുന്നു. ഈയൊരു അവകാശവാദംകൊണ്ടുമാത്രം ടെക് ലോകം കലങ്ങിമറിയുകയുണ്ടായി. വിപണികൾ കുലുങ്ങി, ചിപ് ഭീമൻ എൻവിഡിയയുടെ വിപണി മൂല്യം ഒരു ദിവസത്തിനകം 600 ബില്യൺ ഡോളർ (17 ശതമാനം) കുറഞ്ഞു. മറ്റ് എ.ഐ ഓഹരികളും ഇടിഞ്ഞു.
ലാർജ് ലാംഗ്വേജ് മോഡലുകൾ (എൽ.എൽ.എം) വികസിപ്പിക്കുന്നതിൽ അമേരിക്കയുടെ കാതങ്ങൾ പിന്നിലാണ് ചൈനയെന്ന സങ്കൽപങ്ങളെ കീഴ്മേൽ മറിച്ച്, വെറും 5.6 മില്യൺ ഡോളർ ചെലവിലാണ് ഡീപ്സീക്ക് വികസിപ്പിച്ചതെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചു. ഇതോടെ, അഞ്ചു ബില്യൺ ചെലവിൽ ചാറ്റ്ജി.പി.ടി എ.ഐ നിർമിച്ച ഓപൺ എ.ഐയും അമേരിക്കതന്നെയും നാണിച്ചു. മാത്രമോ, ‘ചാറ്റ്ജി.പി.ടി 0’യെക്കാൾ മികവുറ്റതാണെന്ന അഭിപ്രായവും ഉയർന്നതോടെ എ.ഐ രംഗത്തെ ഗെയിംചേഞ്ചറായി ഡീപ്സീക്ക് മാറി. ‘വലിയ നിർമാണച്ചെലവുള്ളതെല്ലാം മികച്ചത്’ എന്ന സിലിക്കൺ വാലിയുടെ സിദ്ധാന്തവും തകർന്നു.
എ.ഐ രംഗത്തെ യു.എസ് മേധാവിത്വത്തെ ഡീപ്സീക്ക് ചോദ്യംചെയ്തതോടെ ലോകശക്തി വെറുതെയിരുന്നില്ല. ‘സുരക്ഷ ആശങ്കകൾ’ ഉടൻ പൊട്ടിപ്പുറപ്പെട്ടു. ചൈനീസ് സൈനിക-ഗൂഢാലോചന പ്രവർത്തനങ്ങൾക്ക് ഡീപ്സീക്ക് പിന്തുണ നൽകുന്നുവെന്ന് യു.എസ് അധികൃതർ ആരോപിച്ചു. കമ്പനിയുടെ സ്വകാര്യത നയവും സെർവറുകളും ചൈന അടിസ്ഥാനമാക്കിയാണെന്നും ആരോപണമുയർന്നു. ഇതേതുടർന്ന് പല അമേരിക്കൻ സ്ഥാപനങ്ങളിലും ഡീപ്സീക്ക് ഉപയോഗം നിരോധിച്ചു.
എന്നിരുന്നാലും യു.എസിൽ അടക്കം ചില സ്റ്റാർട്ടപ്പുകൾ ചെലവ് കുറക്കാനായി ഡീപ്സീക്ക് ഇന്നും ഉപയോഗിക്കുന്നുണ്ട്. ആറുമാസത്തിനിപ്പുറം, എ.ഐ വിപണിയിൽ ആഘാതമൊന്നും സൃഷ്ടിക്കാൻ കഴിയുന്നില്ലെങ്കിലും സ്വാധീനം കാര്യമായി കുറഞ്ഞിട്ടില്ലെന്നാണ് ടെക് ലോകത്തുനിന്നുള്ള വാർത്തകൾ. സൗജന്യ-ഓപൺ മോഡലുകൾ പുറത്തിറക്കാൻ ഓപൺ എ.ഐയെ നിർബന്ധിതമാക്കിയത് ഡീപ്സീക്ക് സ്വാധീനമാണെന്നും വിലയിരുത്തലുണ്ട്. എങ്കിലും ജി.പി.ടി-5 പുറത്തിറക്കിയതോടെ എ.ഐ മേഖലയിൽ ഓപൺ എ.ഐ തങ്ങളുടെ മേധാവിത്വം തിരിച്ചുപിടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
എൻവിഡിയ ഓഹരികൾ റെക്കോഡ് ഉയരത്തിലെത്തിയതും യു.എസ് ടെക് ഭീമന്മാർ ബില്യണുകൾ ചെലവഴിച്ച് എ.ഐ സെന്ററുകൾ ആരംഭിച്ചതുമെല്ലാം മാറിയ സാഹചര്യത്തിന്റെ അടയാളമാണെന്ന് വിലയിരുത്തലുണ്ട്. ഹൈ എൻഡ് ചിപ്പുകളുടെ ക്ഷാമംമൂലം ഡീപ്സീക്കിന്റെ അടുത്ത മോഡലായ R2 വൈകുകയാണെന്നതും ഇതോട് ചേർത്തുവായിക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തെ എത്രതവണയും ഞെട്ടിക്കാൻ പാകത്തിന് ചൈനീസ് എ.ഐ ലാബുകളിൽ പലതും നടക്കുന്നുവെന്ന് ടെക് പണ്ഡിറ്റുകൾ സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.