അക്കൗണ്ട് ഇല്ലാത്തവരുമായി വാട്‌സ്ആപ്പ് വഴി ചാറ്റ് ചെയ്യാൻ പറ്റിയാൽ എങ്ങനിരിക്കും? അതൊക്കെ നടക്കുമോ എന്ന് ചേോദിക്കാൻ വരട്ടെ, അത്തരമൊരു ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാക്കാനുള്ള പണിപ്പുരയിലാണ് മെറ്റ. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ വേർഷനിൽ ‘ഗസ്റ്റ് ചാറ്റ്’ എന്ന് വിളിക്കപ്പെടുന്ന പുത്തന്‍ ഫീച്ചർ അവതരിപ്പിക്കുമെന്ന് ഡബ്ല്യു.എ ബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. വാട്സ്ആപ്പ് അക്കൗണ്ടില്ലാത്ത ആളുകളുമായി പ്ലാറ്റ്‌ഫോം വഴി ആശയവിനിമയം നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണിത്.
വാട്‌സ്ആപ്പ് ബീറ്റ 2.25.22.13 പതിപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായി കണക്റ്റ് ചെയ്യുന്നതിന് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലളിതമായ മാർഗം വാഗ്‌ദാനം ചെയ്യുക എന്നതാണ് ഈ ഫീച്ചറിന്‍റെ ഉദ്ദേശ്യം. താൽക്കാലിക അതിഥികളുമായുള്ള സംഭാഷണങ്ങളാണ് ഗസ്റ്റ് ചാറ്റിൽ ഉണ്ടാകുക. തേർഡ് പാർട്ടി ചാറ്റുകൾക്ക് സമാനമാകുമിത്. ഗസ്റ്റ് ചാറ്റുകൾ പൂർണ്ണമായും വാട്ട്‌സ്ആപ്പിന്റെ സ്വന്തം ഇക്കോസിസ്റ്റത്തിനുള്ളിലാകും പ്രവർത്തിക്കുക എന്നതാണ് ഈ ഫീച്ചറിന്‍റെ പ്രധാന സവിശേഷത.
വാട്‌സ്ആപ്പ് 'ഗസ്റ്റ് ചാറ്റ്സ്' ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ അവരുടെ കോൺടാക്റ്റുകളിൽ നിന്നുള്ള ഒരാൾക്ക് ഒരു ഇൻവൈറ്റ് ലിങ്ക് അയയ്ക്കേണ്ടതുണ്ട്. ലിങ്ക് ലഭിക്കുന്ന വ്യക്തിക്ക് വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെയോ അക്കൗണ്ട് സൃഷ്ടിക്കാതെയോ ചാറ്റ് ആരംഭിക്കാൻ കഴിയും. ഉപയോക്താക്കൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ, ഇമെയിൽ അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഈ ലിങ്ക് പങ്കിടാം.
എങ്കിലും വാട്‌സ്ആപ്പ് 'ഗസ്റ്റ് ചാറ്റ്സ്' ഫീച്ചറിന് ചില പരിമിതികൾ ഉണ്ടാകും. അതായത് ഉപയോക്താക്കൾക്ക് ഫോട്ടോകൾ, വിഡിയോകൾ, ജിഫുകൾ തുടങ്ങിയ മീഡിയ ഫയലുകൾ പങ്കിടാൻ കഴിയില്ല. ഗസ്റ്റ് ചാറ്റുകൾ വോയ്‌സ് അല്ലെങ്കിൽ വിഡിയോ സന്ദേശങ്ങളെയും ഈ ഫീച്ചർ പിന്തുണയ്ക്കില്ല. ഈ സംഭാഷണങ്ങൾക്കുള്ളിൽ ഉപയോക്താക്കൾക്ക് വോയ്‌സ് അല്ലെങ്കിൽ വിഡിയോ കോളുകൾ നടത്താൻ കഴിയില്ല.
ഗസ്റ്റ് ചാറ്റുകൾ വഴി അയയ്ക്കുന്ന എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കും. ഇത് വാട്‌സ്ആപ്പിനു പുറത്തേക്ക് ആശയവിനിമയം നടത്തുമ്പോൾ പോലും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നു. അതേസമയം, ഫീച്ചറിന്‍റെ എൻക്രിപ്ഷൻ പ്രക്രിയയെക്കുറിച്ചുള്ള സാങ്കേതിക വിശദാംശങ്ങൾ വാട്‌സ്ആപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എപ്പോൾ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നതും വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.