സലാല: ഖരീഫ് സീസണിൽ ദോഫാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ജൂൺ 21 മുതൽ ജൂലൈ 31വരെ ഏകദേശം 4,42,100 ആളുകളാണ് എത്തിയത്. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴു ശതമാനം വർധന ആണ് ഉണ്ടായിരിക്കുന്നത്. അന്ന് 4,13,122 ആയിരുന്നു സന്ദർശകർ.
ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. സന്ദർശകരിൽ 75.6 ശതമാനവും ഒമാനികളാണ്. പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 3,34,399 സ്വദേശി പൗരൻമാരാണ് ഇക്കാലയളവിൽ എത്തിയത്. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 69,801ഉം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ 37,900 ഉം ആയിരുന്നു.
ജൂലൈ അവസാനത്തോടെ ദോഫാർ ഗവർണറേറ്റിൽ കരമാർഗം ആകെ 334,846 സന്ദർശകർ എത്തി; വിമാനമാർഗം 107,254 സന്ദർശകരും.
2024 ജൂലൈ അവസാനം വിമാനമാർഗം എത്തിയവരെ അപേക്ഷിച്ച് 10.9 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. എന്നാൽ, ഈ വർഷത്തെ ഖരീഫ് സീസണിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി പുതിയ പരിപാടികളും നവീകരിച്ച സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
ഇത്തീൻ സ്ക്വയർ, അൽസാദ ഏരിയ, ഔഖാദ് പാർക്ക്, ഇത്തീൻ പ്ലെയിൻ, സലാല പബ്ലിക് പാർക്ക് എന്നിങ്ങനെ അഞ്ച് പ്രധാന സ്ഥലങ്ങളിലായാണ് പരിപാടികളും പ്രവർത്തനങ്ങളും പുരോഗമിക്കുന്നത്. പ്രദേശത്തിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത വ്യത്യസ്ത പരിപാടികളാണ് ഓരോ വേദിയിലും നടക്കുന്നത്. ഉയർന്ന നിലവാരവും വൈവിധ്യമാർന്ന ഉള്ളടക്കവും ഉറപ്പാക്കാൻ പിന്തുണക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വേദികൾ തയാറാക്കിയിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ഫ്രാങ്കിൻസെൻസ് മാർക്കറ്റ്, സലാല ഫാമിലെ ‘അൽ ഗർഫ്’ പരിപാടി, റൈസ്യൂത്ത് ബീച്ചിലെ പരിപാടികൾ, ആധുനിക ദൃശ്യ പ്രദർശനങ്ങൾ ഉപയോഗിച്ചുള്ള അൽ നഹ്ദ ടവറിലെ കലാപരമായ ചുവർചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
താഖ, മിർബത്ത്, സാദ എന്നീ വിലായത്തുകളിലും സലാലയിലെ അൽഹഫ ബീച്ച് മാർക്കറ്റിലും സംഹാര വില്ലേജിലും മറ്റ് പരിപാടികളും അരങ്ങേറുന്നുണ്ട്.
ചന്നം പിന്നം പെയ്യുന്ന മഴയിൽ പ്രകൃതിക്കും മനസ്സിനും കുളിരുപകരുന്ന ഖരീഫ് സീസൺ ജൂൺ 21മുതൽ സെപ്റ്റംബർ 21 വരെയാണ്. സുൽത്താനേറ്റിന്റെ മറ്റു ഭാഗങ്ങളും ഇതര ഗൾഫ് നാടുകളും വേനൽച്ചൂടിൽ വെന്തുരുകുമ്പോഴാണ് പ്രകൃതിയുടെ വരദാനമെന്നോണം സലാലയിൽ കുളിരണിയിച്ച് മഴയെത്തുക. പ്രകൃതിക്കു മാത്രം വശമുള്ള വിരുതാണിത്.
ഇടവേളകളില്ലാതെയുള്ള ചാറ്റൽമഴ ഗൾഫ് നാടുകളിൽ സലാലക്ക് മാത്രമാണ് സ്വന്തം. സീസണിന്റെ തുടക്കത്തിൽ സലാലയോടു ചേർന്ന മലനിരകളെ കുളിരണയിക്കുന്ന ചാറ്റൽ മഴ പിന്നീട് പ്രദേശമാകെ പടരും.
ഖരീഫ് സീസണിൽ ദോഫാറിൽനിന്നുള്ള കാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.