ശാപങ്ങൾ മുതൽ ചുഴലിക്കാറ്റുകൾ വരെ: ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ, ചരിത്രം ഒളിപ്പിക്കുന്ന ചില 'പ്രേത നഗരങ്ങൾ'

ഒരുകാലത്ത് ആളനക്കമുണ്ടായിരുന്ന പല സ്ഥലങ്ങളും പിന്നീട് ആളൊഴിഞ്ഞ് പോകുന്ന അവസ്ഥയാണ്. ഇങ്ങനെ ആളൊഴിഞ്ഞുപോകുന്ന സ്ഥലങ്ങൾ 'പ്രേത നഗരം' എന്നാണ് അറിയപ്പെടുന്നത്. ഉപേക്ഷിക്കപ്പെട്ടതും ജനവാസമില്ലാത്തതുമായ സ്ഥലങ്ങളെയാണ് പ്രേതനഗരങ്ങൾ എന്ന് വിളിക്കുന്നത്. പ്രകൃതിക്ഷോഭം, സാമ്പത്തിക തകർച്ച, സാമൂഹികപരമായ കാരണങ്ങൾ എന്നിവ മൂലം ആളുകൾ ഇവിടം വിട്ടുപോവുകയും പിന്നീട് ആ സ്ഥലങ്ങൾ ആളൊഴിഞ്ഞു കിടക്കുകയും ചെയ്യും.

ഇന്ത്യയിലും ഇത്തരത്തിലുള്ള പല പ്രേത നഗരങ്ങളുമുണ്ട്. കുൽധാര, ഭംഗർ കോട്ട, ധനുഷ്കോടി, ലഖ്പത്, ഷോപ്റ്റ എന്നിവ അവയിൽ ചിലതാണ്. ഭൂതകാലത്തിന്റെ കഥകൾ വഹിക്കുന്ന ഈ പട്ടണങ്ങളിലേക്ക് സഞ്ചരിക്കാൻ ആളുകൾ നിരവധിയാണ്. ലോകമെമ്പാടുമുള്ള ഇത്തരം സ്ഥലങ്ങൾ പഴയ കഥകളോടൊപ്പം ചരിത്രവും രഹസ്യവും പ്രകൃതി ഭംഗിയും കാത്തുസൂക്ഷിക്കുന്നു.

കുൽധാര, രാജസ്ഥാന്‍

ശപിക്കപ്പെട്ട ഗ്രാമമായാണ് കുൽധാരയെ ഗ്രാമവാസികൾ തന്നെ കാണുന്നത്. ഒരുകാലത്ത് പലിവാൾ ബ്രാഹ്മണർ മാത്രം അധിവസിച്ചിരുന്ന സമ്പന്നമായ ഗ്രാമം. ഒരിക്കൽ ഗ്രാമവാസികളിൽ ഒരാളുടെ മകളിൽ അവിടുത്തെ രാജാവ് സലിം സിങിന് ആകർഷണം തോന്നി. അവളെ നിർബന്ധിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചു. രാജാവിന്റെ കൈയിൽ നിന്ന് രക്ഷയില്ല എന്ന് കണ്ട ബ്രാഹ്മണർ അന്നു രാത്രി സംഘം ചേർന്ന് ഹോമം നടത്തുകയും ആ സ്ഥലം ഇനിമുതൽ ആർക്കും താമസ യോഗ്യമല്ലാതാവട്ടെ എന്ന് ശപിക്കുകയും ചെയ്തു.

80 ഓളം കുടുംബങ്ങൾ അടങ്ങുന്ന ഗ്രാമവാസികൾ ഒറ്റരാത്രികൊണ്ടാണ് അവിടെ നിന്ന് പലായനം ചെയ്തത്. ഇന്ന് കുൽധാര രാജസ്ഥാനിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. മേൽക്കൂരകളില്ലാതെയും തകർന്നുവീഴാറായ ഭിത്തികളുമുള്ള മൺ വീടുകളുടെ നീണ്ട നിരകൾ ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയും. ഭയാനകമായ ഒരു നിശബ്ദത അന്തരീക്ഷത്തെ വലയം ചെയ്യുന്നു. ലോകമെമ്പാടുമുള്ള ആളുകൾ പ്രേത അനുഭവങ്ങൾ തേടി ഇവിടെയെത്താറുണ്ട്.

ലഖ്പത്, ഗുജറാത്ത്

സിന്ധ് വ്യാപാരികളുടെ പ്രധാന കേന്ദ്രവും തിരക്കേറിയ നഗരവുമായിരുന്നു ഒരു കാലത്ത് ലഖ്പത്. എന്നാൽ 1819 ലുണ്ടായ ഭൂകമ്പത്തെ തുടർന്ന് ഒറ്റരാത്രികൊണ്ട് അനാഥപ്പെട്ടുപോവുകയായിരുന്നു ഈ നഗരം. 18-ാം നൂറ്റാണ്ടിൽ പണികഴിച്ച ഏഴ് കിലോമീറ്റർ നീളമുള്ള കോട്ടയാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ പ്രദേശം പണ്ട് മനോഹരമായ കോട്ടകളും കൊട്ടാരങ്ങളും നിറഞ്ഞതായിരുന്നു. എന്നാൽ ഇന്ന് പഴയ കെട്ടിടങ്ങളും തകർന്ന കോട്ടകളും മാത്രമാണ് അവശേഷിക്കുന്നത്. കോട്ടമതിലിനുള്ളിൽ ഇപ്പോഴും വിരലിലെണ്ണാവുന്ന ആളുകൾ താമസിക്കുന്നുണ്ടെന്നതാണ് കൗതുകമുണ്ടാക്കുന്ന മറ്റൊരു കാര്യം.

ധനുഷ്ക്കോടി, തമിഴ്‌നാട്

പാമ്പൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗോസ്റ്റ് ടൗണാണ് ധനുഷ്ക്കോടി. വിജനമായ ഈ പട്ടണം ഒരുകാലത്ത് സന്തോഷകരവും മനോഹരവുമായ തീരദേശ നഗരമായിരുന്നു. എന്നാൽ 1964ലെ മാരകമായ ചുഴലിക്കാറ്റ് ഈ നഗരത്തെ മുഴുവൻ ബാധിച്ചു. എന്നാൽ ഇന്ന് അതിപുരാതനമായ ഒരു പള്ളിയും റെയിൽവേ സ്റ്റേഷനും വാട്ടർ ടാങ്കും ഇവിടത്തെ മികച്ച ടൂറിസ്റ്റ് സ്പോട്ടാണ്. അവിടുത്തെ കടൽത്തീരത്തുകൂടെ നടക്കുമ്പോഴുള്ള കാറ്റും വിശാലമായ വെളുത്ത മണലും നിശബ്ദ്തയും നിങ്ങളെ ഭയപ്പെടുത്തും.

ഫത്തേപൂർ സിക്രി, ആഗ്ര

ആഗ്രയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ഫത്തേപൂർ സിക്രി, മുഗൾ ചക്രവർത്തിയായ അക്ബർ 1569ൽ സ്ഥാപിച്ചതാണ്. ഈ നഗരം മനോഹരമായ കോട്ടകളും കൊട്ടാരങ്ങളും നിറഞ്ഞതായിരുന്നു. പക്ഷേ പ്രദേശത്തെ ആളുകൾക്ക് ജീവിക്കാൻ വെള്ളം ലഭിക്കാത്തതിനാൽ ഈ നഗരം വിട്ടുപോവുകയായിരുന്നു. ഭീമാകാരമായ കവാടങ്ങളും മുഗൾ വാസ്തുവിദ്യയും കൊണ്ട് ചുറ്റപ്പെട്ട ഫത്തേപൂർ സിക്രി ഇന്ന് പ്രേത നഗരമാണ്.

ഭംഗർ കോട്ട -രാജസ്ഥാൻ

രാജസ്ഥാനിലെ മറ്റൊരു പ്രേത നഗരമാണ് ഭംഗർ കോട്ട. ഇന്ത്യയിലെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളിൽ ഒന്നായിട്ടാണ് ഈ കോട്ട അറിയപ്പെടുന്നത്. ദുഷ്ടനായ ഒരു താന്ത്രികന്റെ ശാപം ഈ കോട്ടക്ക് കിട്ടിയെന്നും അതുകൊണ്ടാണ് ഈ കോട്ട ആളൊഴിഞ്ഞുപോയതെന്നുമാണ് കഥ. അമാനുഷിക ശക്തികൾ ഇവിടെ നിലനിൽക്കുന്നുണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. സൂര്യാസ്തമയത്തിന് ശേഷമുള്ള പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നു.

Tags:    
News Summary - You need to visit these famous ghost towns in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.