വിമാന യാത്രയിലെ പുതിയ തരംഗമായി മാറുകയാണ് നേക്കഡ് ഫ്ലൈയിങ്. അധിക ലഗേജില്ലാതെ വിമാനയാത്ര നടത്താൻ യാത്രക്കാരെ സഹായിക്കുന്ന പുതിയ ട്രെൻഡാണിത്. പരമാവധി കുറവ് സാധനങ്ങളുമായി വിമാന യാത്രചെയ്യുകയെന്നതാണ് നേക്കഡ് ഫ്ലൈയിങ്. ബാഗുകളുടെ എണ്ണം കുറക്കുകയും സാധനങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നത് വഴി പലവിധ ഗുണങ്ങളാണുള്ളത്. ഇതാണ് കൂടുതല്‍ പേരെ ഈ രീതി പിന്തുടരാന്‍ പ്രേരിപ്പിക്കുന്നത്.
വിമാനയാത്രകളിലെ ഏറ്റവും വലിയ തലവേദനയായി ലഗേജ് പലപ്പോഴും മാറാറുണ്ട്. പരിശോധനകള്‍ക്കിടെയാവും ഭാരം കൂടുതലാണെന്ന് പലപ്പോഴും അറിയുക. ചിലർ പിഴ തുക നൽകി യാത്ര ചെയ്യും. മറ്റ് ചിലരാകട്ടെ പല ലെയറുകളായി വസ്ത്രം ധരിച്ചും അത്യാവശ്യമില്ലാത്തവ ഉപേക്ഷിച്ചുമെല്ലാം അവസാന നിമിഷം പിഴ ഒഴിവാക്കാന്‍ ശ്രമിക്കും. എന്നാൽ നേക്കഡ് ഫ്ലൈയിങ് ഒന്ന് പരീക്ഷിച്ചു നോക്കൂ... പരമാവധി കുറവ് സാധനങ്ങളുമായി യാത്ര ചെയ്യുകയെന്നതാണ് നേക്കഡ് ഫ്ലൈയിങ്ങിന്‍റെ ലക്ഷ്യം. ചെറിയൊരു ബാഗും ഫോണും ചാര്‍ജറുമടക്കമുള്ള പോക്കറ്റില്‍ കൊള്ളാവുന്ന സാധനങ്ങളുമായി യാത്ര ചെയ്യുന്നതാണ് ഈ രീതി.
എയര്‍ലൈനുകള്‍ യാത്രക്കാരുടെ ലഗേജ് ഫീ ഇനത്തില്‍ മാത്രം 2023ൽ 33 ബില്യണ്‍ ഡോളറാണ് (ഏകദേശം 2.90 ലക്ഷം കോടി രൂപ) നേടിയത്. നേക്കഡ് ഫ്ലൈയിങ്ങിലൂടെ പണവും ലാഭിക്കാം. സമയവും ലാഭിക്കാം. എത്രത്തോളം കുറവ് ലഗേജാണോ അത്രയും എളുപ്പത്തിലും വേഗത്തിലും ചെക്ക് ഇന്‍ കഴിയുമെന്നതാണ് ഗുണം. ഇതുവഴി സമ്മര്‍ദവും കുറയും. ചെക്ക് ഇന്നിലെ പ്രതിസന്ധികളും സാധനങ്ങള്‍ നശിക്കാനും നഷ്ടപ്പെടാനുമുള്ള സാധ്യതയും വലിയ ബാഗ് കൈകാര്യം ചെയ്യുന്നതിലെ പ്രശ്‌നങ്ങളുമെല്ലാം നേക്കഡ് ഫ്ലൈയിങ് വഴി ഒഴിവാക്കാനാവും.
ദോഷങ്ങളില്ലാത്ത രീതിയാണ് നേക്കഡ് ഫ്ലൈയിങ് എന്ന് പറയാനാവില്ല. എല്ലാവര്‍ക്കും യോജിച്ച യാത്ര രീതിയല്ല ഇത്. എല്ലാവർക്കും ഇത് പ്രായോഗികമല്ല. കുടുംബമായൊക്കെ യാത്ര ചെയ്യുമ്പോള്‍ സാധനങ്ങളും കൂടും. ചില സാധനങ്ങളുടെ ലഭ്യതയും വിലയും കാരണം എത്തിപ്പെടുന്നിടത്ത് സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ട് നേരിടാം. അത്തരം സാഹചര്യങ്ങളിൽ നേക്കഡ് ഫ്ലൈയിങ് ഗുണം ചെയ്യില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.