റിവർമാപ്പുമായി കീസ്റ്റോണിലെ ഗവേഷകർ ചിത്രങ്ങൾ: മുസ്തഫ അബൂബക്കർ
നീലഗിരിയുടെ മടിത്തട്ടിൽ നിശ്ശബ്ദമായി ഒഴുകുന്ന കരിമ്പുഴയുടെ ഓരത്ത്, ഒരു ചെറുപാറക്കെട്ടിൽ ചാഞ്ഞുകുത്തിയിരുന്ന് സുരേഷ് ഒരു പുഴയുടെ കഥ പറഞ്ഞു. ഭൂമിയിലെ ആദ്യ പുഴയുടെ കഥ! കാട്ടുനായ്ക്കരുടെ ചരിത്രവും വിശ്വാസവും ജീവിതവും ഇഴചേർന്നൊഴുകുന്ന ഈങ്ങാർപുഴയുടെ ആരംഭകഥ. ഒരു അണ്ണനും തങ്കിയും (അനുജത്തി) ദാഹജലം തേടി അലഞ്ഞകഥ.
ചേമ്പ്ക്കല്ല് മലയുടെ താഴ്വരയിൽ ചൂട് മൂടിത്തുടങ്ങിയിരുന്നു. അണ്ണനും തങ്കിയും മലയുടെ ചുവട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കളിക്കിടെ തങ്കിക്ക് ദാഹം തോന്നി. ‘അണ്ണാ, വെള്ളം!’ അവൾ തേങ്ങി. അണ്ണൻ ചുറ്റും നോക്കി. ഒരു തുള്ളി വെള്ളംപോലും അവിടെയെങ്ങുമില്ല.
മലയുടെ മുകളിലേക്ക് ഓടിക്കയറിയ അവനെത്തിയത് ഒരു ചൂരൽകാട്ടിൽ. ഒരു ചൂരൽകൂട്ടം ആഞ്ഞു വലിച്ചു. വേര് മണ്ണിൽനിന്ന് പറിഞ്ഞുമാറി ചൂരൽകൂട്ടമതാ അവന്റെ കൈയിൽ. മലയുടെ ചരിവിലൂടെ അവനത് വലിച്ചിറക്കി. മണ്ണിൽപതിഞ്ഞ ചൂരൽപാടുകളിൽനിന്ന് വെള്ളം ഉറപൊട്ടി. തങ്കി സന്തോഷത്തിൽ തുള്ളിച്ചിരിച്ചു. ദാഹം തീർത്ത ഇരുവരും ഒഴുകുന്ന നീരിനൊപ്പം പാഞ്ഞു. പലപല ഉറവകൾ ചേർന്നൊരു നീർച്ചാലായി, പിന്നെയൊരു തോട്, ഒടുവിലൊരു പുഴ അവരുടെ കൺമുന്നിൽ പരന്നൊഴുകി. അപ്പോഴതാ പുഴയിലൂടെ ഒരു തോണി തെന്നിവരുന്നു. അണ്ണനും തങ്കിയും അതിലേറി കടലറ്റം വരെ യാത്രതുടർന്നു...
കാടേറെ നടന്നാൽ ഈങ്ങാർപുഴയിലെത്താം. ഇന്നും ആ പുഴയുടെ തീരത്ത് നിന്ന് കേൾക്കാം –ഒരു കുഞ്ഞിന്റെ ചിരിയും ഒരു അണ്ണന്റെ സ്നേഹവും കലർന്ന ജലത്തിന്റെ മർമരം. നിലമ്പൂരിലെ കാട്ടുനായ്ക്കരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഇക്കഥ.
പുഴയൊരു ചെമ്മം
ഈങ്ങാർപുഴ, കരിമ്പുഴ, കൂറാമ്പുഴ... നിലമ്പൂരിലെ വിവിധ ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതം ഓരോ പുഴകളുമായി ഇഴചേർന്നുനിൽക്കുന്നു. അവരുടെ ജീവിതം മുതൽ മരണം വരെ പുഴകളുമായി ബന്ധപ്പെട്ടതാണ്. പുഴകേന്ദ്രീകൃതമായ ഒരു ആവാസവ്യവസ്ഥയും ജീവലോകവുമാണ് അവർക്കുള്ളത്. പുഴയാണ് പല വിഭാഗങ്ങളുടെയും ‘ചെമ്മം’ (സമുദായമായി ജീവിക്കുന്ന പ്രദേശം) അതിര്. ഓരോ ഗോത്രവും അതത് ചെമ്മത്തിൽ ഒതുങ്ങി, അതിനുള്ളിലെ വിഭവങ്ങൾ മാത്രം ഉപയോഗിച്ച് ജീവിതം നയിക്കുന്നു.
പുഴ കേന്ദ്രീകരിച്ചാണ് ഓരോ ചെമ്മവും. വർഷത്തിൽ ആറുമാസവും പുഴയുടെ ഓരത്ത് ‘കുത്തന ചാളമന’ (താൽക്കാലിക ടെന്റ്) കെട്ടിയാണ് കാട്ടുനായ്ക്കർ താമസിക്കുക. പുഴ വിശുദ്ധമായതിനാൽ ഒരിക്കലും മലിനമാക്കില്ല. മലമൂത്ര വിസർജനത്തിന് പുഴയെ ഉപയോഗിക്കില്ല. പുഴയിലെ വെള്ളമാണ് കുടിവെള്ളത്തിന് ഉപയോഗിക്കുന്നത്. പുഴമത്സ്യമാണ് മുഖ്യ ആഹാരം. വർഷാവർഷം കുംഭമാസത്തിൽ നടക്കുന്ന ആട്ടം ഉത്സവത്തിന്റെ മുഖ്യവേദിയും പുഴ തന്നെ. മരണാനന്തര ചടങ്ങുകളും പുഴവക്കത്ത് തന്നെ.
പ്രളയം കുടഞ്ഞെറിഞ്ഞപ്പോൾ
മലയോര, കാനന ജീവിതത്തെ കീഴ്മേൽ മറിച്ച 2018ലെയും 2019ലെയും രണ്ട് പ്രളയങ്ങൾ കരിമ്പുഴ, പുലിമുണ്ട, മുണ്ടക്കടവ് ഭാഗങ്ങളിലെ കാട്ടുനായ്ക്ക സെറ്റിൽമെന്റുകൾ പൂർണമായും തകർത്തു. അഞ്ച് വീടുകൾ പൂർണമായും തകരുകയും നൂറ്റാണ്ടുകളായി ജീവിച്ച മണ്ണിൽനിന്ന് 54 കുടുംബങ്ങൾ പിഴുതെറിയപ്പെടുകയും ചെയ്തു. പ്രളയത്തിന്റെ ആഘാതത്തിൽനിന്ന് പതിയെ കരകയറിയ ആ മനുഷ്യർ രണ്ടു വർഷം മുമ്പ് വീണ്ടും അവരുടെ പരമ്പരാഗത അധിവാസ കേന്ദ്രങ്ങളിലെത്തി. സർക്കാർ പിന്തുണയോടെ വീടുകൾ ഒരു പരിധി വരെ പുനർനിർമിക്കാൻ അവർക്ക് സാധിച്ചു. എന്നാൽ, നികത്താനാവാത്ത വലിയ നഷ്ടങ്ങൾ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.
അവരുടെ പുഴകേന്ദ്രീകൃത ആവാസവ്യവസ്ഥ കീഴ്മേൽ മറിഞ്ഞു. പുഴകൾ പലതും ഗതി മാറി ഒഴുകി. അരുവികളും ചെറുതോടുകളും പലതും ഇല്ലാതായി. വനത്തിനകത്തെ ചതുപ്പുനിലങ്ങൾ പലതും കാണാതായി. ഉരുൾപൊട്ടിയൊലിച്ച് വന്ന മണ്ണും കല്ലും നിറഞ്ഞ് കടവുകളും കയങ്ങളും നശിച്ചുപോയി. ചുരുക്കത്തിൽ, അവർ വൈകാരികമായി ചേർത്തുനിർത്തിയ പുഴയിടങ്ങളെല്ലാം ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമായി.
ഒരു പുഴയില്ലാണ്ടായാൽ
കാട്ടുനായ്ക്കരുടെ പ്രധാന ഉത്സവമാണ് ആട്ടം. ഏഴു ദിവസം നീണ്ടുനിൽക്കുന്ന കാടിന്റെ ആഘോഷം. ഓരോ തറവാടും തങ്ങളുടെ ദൈവങ്ങളെ കുട്ടയിലാക്കി ഊരുകളിൽ സംരക്ഷിക്കും. വനാന്തർഭാഗത്ത് ഈങ്ങാർപുഴയോരത്ത് ചടങ്ങുകൾക്ക് മുന്നോടിയായി ദൈവങ്ങളെ കുളിപ്പിക്കുന്ന ചടങ്ങുണ്ട്. പരമ്പരാഗതമായി അതിന് നിശ്ചിത കടവുകളുണ്ട് –ദേവുന്നമുക്ക് കടവ്. എന്നാൽ, ഇന്ന് കരിമ്പുഴയിൽ അങ്ങനെയൊരു കടവില്ല. പ്രളയത്തിൽ കല്ലുകൾ അടിഞ്ഞുകൂടി അവ നശിച്ചുപോയി.
മീൻപിടിത്തം കാട്ടുനായ്ക്കരുടെയും ചോലനായ്ക്കരുടെയും മുഖ്യതൊഴിലാണ്. പരമ്പരാഗത മീനറിവുകളുടെ കലവറയാണ് അവർ. മഴക്കാലം കഴിഞ്ഞാൽ വനാന്തർഭാഗത്തുനിന്ന് അവർ പുഴയോരങ്ങളിൽ വന്നു പാർക്കും. മുമ്പ് കരിമ്പുഴ പലതരം കല്ലങ്കരി മീനുകളാൽ സമ്പന്നമായിരുന്നു: ചുണ്ടൻ, ആരൽ, കടന്ന, കടന്ത്, മലങ്ക്, അരച്ചൊട്ടെ, കൊയ്ത്തി, നെള്ളി... പലതരം മീൻരുചികളുടെ ബാല്യകാലം സുരേഷ് ഓർത്തുപറഞ്ഞു.
മീൻ പിടിക്കാൻ പലതരം രീതികളുണ്ട്. മീൻകൈ കെട്ടലാണ് അതിൽ ഏറ്റവും പ്രധാനം. ഒരു കൂട്ടർ ചാലുള്ള ഭാഗത്ത് നിശ്ചിത അളവിലും ഉയരത്തിലും ചെരിവിലും കല്ലുവെച്ച് കെട്ടുണ്ടാക്കും. അതിൽ മണ്ണിട്ട് മുകളിൽ ഇല മൂടും. ചെറുകല്ലുകൾകൊണ്ട് ഓട്ടകൾ അടച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും. അപ്പോൾ മറ്റൊരു കൂട്ടർ കാടുകയറി നായ്ക്കുരുമുളക്, മരോട്ടിക്കുരു, ചീനിക്ക, പലതരം ഇലകൾ തുടങ്ങിയ പലവിധ മരുന്നുകൾ ശേഖരിക്കും. ഇവ കല്ലിലരച്ച് മുളങ്കുറ്റിയിലാക്കി ശേഖരിച്ച് ഒഴുക്ക് കുറഞ്ഞ ഭാഗത്ത് ഒഴുക്കും. ഇതുവഴി മത്സ്യങ്ങളെ കൂട്ടത്തോടെ പിടിക്കാൻ സാധിക്കും.
ചൂണ്ടലാണ് മറ്റൊന്ന്. ഓരോ മീനിനും വെവ്വേറെ കൊളുത്തുള്ള പലവിധ ചൂണ്ടലുകൾ അവർക്കുണ്ട്. പലതരം വലകളും വീശൽരീതികളും അവരുടെ പരമ്പരാഗത അറിവുകളിൽ പെട്ടതാണ്. പ്രളയം പുഴയുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ഇല്ലാതാക്കിയതോടെ മത്സ്യസമ്പത്തിലും വലിയ കുറവുണ്ടായി. ‘മലിഞ്ഞിക്കല്ല്’ എന്ന് പേരുള്ള കല്ലുകൾ പുഴയുടെ പല ഭാഗത്തായി ഉണ്ടായിരുന്നു. വർഷത്തിൽ നിശ്ചിത സമയത്ത് മഞ്ഞിൽ പോലുള്ള മീനുകൾ അവിടെനിന്ന് ലഭിച്ചിരുന്നു. ഓരോ കുടുംബത്തിനും ഇങ്ങനെ ജന്മാവകാശം പോലുള്ള കല്ലുകൾ ഉണ്ടായിരുന്നു. എന്നാൽ, പ്രളയം ഈ കല്ലുകളെയും കൊണ്ടുപോയി. തണുപ്പ് കാലങ്ങളിൽ പുഴയിലെ പ്രത്യേക ഭാഗങ്ങളിൽ ചിലയിനം മീനുകളുണ്ടാകും. പ്രജനനകാലത്ത് മീനുകൾ കൂട്ടമായി തോടുകളിലേക്കും ചതുപ്പുകളിലേക്കും വരും. എന്നാൽ, ചതുപ്പുകളും തോടുകളും പലതും നശിച്ചുപോയി.
പ്രളയം കൊണ്ടുപോയ വനവിഭവങ്ങൾ
വനവിഭവങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് കാട്ടുനായ്ക്കരും ചോലനായ്ക്കരും പണിയ, മലമുത്തൻ ആദിവാസി വിഭാഗങ്ങളും. ഇതിൽ കാടിന്റെ ഏറ്റവും ഉള്ളിൽ, ഏറ്റവും ഉയരത്തിൽ ചോലവനങ്ങളിൽ താമസിക്കുന്നവരാണ് ചോലനായ്ക്കർ. അതിനുതാഴെ ഇലപൊഴിയും കാടുകളിൽ കാട്ടുനായ്ക്കർ, പിന്നെ പണിയ, മലമുത്തൻ വിഭാഗക്കാർ. പ്രളയം ഏറ്റവും പ്രതിസന്ധിയിലാക്കിയത് അവരുടെ വനകേന്ദ്രീകൃതവും പുഴകേന്ദ്രീകൃതവുമായ ജീവിതമാർഗങ്ങളെയാണ്.
പ്രളയത്തിനൊപ്പം ഒഴുകിയെത്തിയ വഴുവഴുപ്പുള്ള മണ്ണ് കാട്ടിലേക്ക് അടിഞ്ഞുകയറി ധാരാളം സ്വാഭാവിക ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നശിച്ചു. ധാന്യം സമൃദ്ധമായി നൽകിയിരുന്ന മുളങ്കൂട്ടങ്ങൾ പാടെ നശിച്ചു. ‘ചുരുളി’ എന്ന ചീരപോലുള്ള ഇല വർഗങ്ങളും വിവിധയിനം കൂണുകളും പൂർണമായും ഇല്ലാതായി. ഒരു മരത്തിൽ തന്നെ 50ഓളം തേൻകൂടുകൾ സമ്മാനിക്കാറുള്ള ‘പെര’ പോലുള്ള മരങ്ങൾ കാടിന് അന്യമായി. തേൻ ശേഖരണം വഴിമുട്ടിയത് അവരുടെ ജീവിതത്തെ ചെറുതല്ലാത്ത പ്രതിസന്ധിയിലേക്ക് നയിച്ചു. ഔഷധസസ്യ ശേഖരണമായിരുന്നു മറ്റൊരു ജീവനോപാധി. ഊരില, മുഖയില, പുഴമഞ്ഞി, കല്ലൂർ മഞ്ഞി പോലുള്ള അപൂർവ സസ്യഗണങ്ങൾ പ്രളയാനന്തരം കാട്ടിൽനിന്ന് അപ്രത്യക്ഷമായവയിൽപെടും.
കൂറാൻപുഴയെ (കുറുവാൻപുഴ) നശിപ്പിച്ചത് മുഖ്യമായും ടൂറിസമാണ്. കക്കാടംപൊയിൽ-നായാടംപൊയിൽ പാത വന്നതോടെ വിനോദസഞ്ചാരികളുടെ വരവ് കൂടി. പുഴയിലിറങ്ങിയും പ്ലാസ്റ്റിക് എറിഞ്ഞും പുഴ മലിനമാക്കി. പ്രദേശവാസികളുെട കൃഷിസ്ഥലങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന രാസവസ്തുക്കൾ പുഴയിലെ മത്സ്യസമ്പത്തിനെ കാര്യമായി ബാധിച്ചു. അതോടെ ആദിവാസികൾ പുഴയോരത്തുനിന്ന് പിൻവാങ്ങാൻ നിർബന്ധിതരായി.
പുഴയെ തിരിച്ചുപിടിക്കാൻ
പുഴയുടെ ഘടന മാറിയതോടെ ആദിവാസികളുടെ സ്വാഭാവിക ജീവിതക്രമത്തിലും വലിയ മാറ്റങ്ങളുണ്ടായി. അവരുടെ പുഴ കേന്ദ്രീകൃത ജീവിതതാളത്തിൽ തന്നെ മാറ്റങ്ങളുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഒരു കൂട്ടം ആദിവാസി ചെറുപ്പം, ഇല്ലാതായി പോകുന്ന തങ്ങളുടെ പുഴ കേന്ദ്രീകൃത ആവാസവ്യവസ്ഥയെ രേഖപ്പെടുത്താൻ ഒരു ശ്രമം തുടങ്ങിയത്. ആദിവാസി ഗോത്രവർഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന കോത്തഗിരി ആസ്ഥാനമായുള്ള ‘കീസ്റ്റോൺ’ എന്ന എൻ.ജി.ഒ അവർക്ക് ഉറച്ചപിന്തുണ നൽകിവരുന്നു.
ആദ്യഘട്ടത്തിൽ ‘ഇലസ്ട്രേറ്റഡ് റിവർ മാപ്പിങ്’ ആണ് നടത്തിയത്. കീസ്റ്റോണിന് കീഴിൽ ആറു പേരാണ് റിസർച് ഓഫിസർമാരായുള്ളത്. മലമുത്തൻ വിഭാഗത്തിൽനിന്നുള്ള, എംഫിലുകാരനായ ശ്യാംജിത്ത് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സുരേഷ്, സുമിത്ര (കാട്ടുനായ്ക്ക), അമൽ (മലമുത്തൻ), ഗീത, നന്ദന (പണിയ), വിനോദ് (ചോലനായ്ക്ക) എന്നിവരാണ് റിവർ മാപ്പിങ്ങിനും തുടർ ഗവേഷണങ്ങൾക്കും ചുക്കാൻപിടിക്കുന്നത്. ഓരോരുത്തരും അവരവരുടെ ഗോത്രജീവിതത്തെ സൂക്ഷ്മമായി പഠിക്കുകയും അടയാളപ്പെടുത്തുകയും ചെയ്തു.
ഗവേഷണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായിരുന്നു റിവർ മാപ്പിങ്. പുഴ കേന്ദ്രീകരിച്ചുള്ള ഓരോ ഗോത്രത്തിന്റെയും ചെമ്മത്തെയാണ് ഇതിലൂടെ അടയാളപ്പെടുത്തുന്നത്. ആ ചെമ്മത്തിനുള്ളിലെ പുഴകൾ, നീരുറവകൾ, അരുവികൾ, തോടുകൾ, ചതുപ്പുകൾ, മറ്റു ജലസ്രോതസ്സുകൾ, വാസസ്ഥലങ്ങൾ, കൃഷിയിടങ്ങൾ, വഴികൾ, തേനിടങ്ങൾ, മീനിടങ്ങൾ, ഔഷധസസ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, ആനത്താരകൾ തുടങ്ങി അതിസൂക്ഷ്മമായ ജൈവ രജിസ്ട്രി ആണത്.
നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഡിവിഷനിൽ പെട്ട കാട്ടുനായ്ക്കരുടെ കരിമ്പുഴ കേന്ദ്രീകരിച്ചുള്ള ചെമ്മത്തിന്റെ മാപ്പ് തയാറാക്കിയത് സുരേഷാണ്. നന്ദു പുലിമുണ്ടയാണ് ഇത് വരച്ചത്. കൂറാമ്പുഴ കേന്ദ്രീകരിച്ചുള്ള പന്തീരായിരം മലവാരത്തിലെ മലമുത്തൻ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളുടെ ചെമ്മം തയാറാക്കിയത് അമലാണ്. നിലമ്പൂർ നോർത്ത് ഡിവിഷൻ പരിധിയിലെ വാളംതോട്, വെണ്ണക്കോട്, അമ്പുമല, വെറ്റിലക്കൊല്ലി, പാലക്കയം തുടങ്ങിയ ഊരുകളിലെ ആദിവാസികൾ കൂറാൻപുഴയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അഭിജിത് പാലക്കയം ആണ് ഇത് വരച്ചത്. ഈ റിവർ മാപ്പുകളെ ഡിജിറ്റൈസ് ചെയ്യലായിരുന്നു അടുത്ത ഘട്ടം. ഗൂഗിൾ എർത്തിൽ എല്ലാവർക്കും ലഭ്യമാകുന്ന വിധം ഈ മാപ്പുകളെ ഇവർ മാറ്റിയിട്ടുണ്ട്.
അക്കാദമിക ചുവടുവെപ്പുകൾ
‘ബീസൽ’ എന്നാണ് ഗവേഷണസംഘത്തിന്റെ പേര്. കാട്ടുനായ്ക്ക ഭാഷയിൽ തേനീച്ചകൾ കുഞ്ഞുങ്ങളെ പറക്കാൻ പഠിപ്പിക്കുന്ന പ്രക്രിയയാണ് ‘ബീസൽ’. തങ്ങളുടെ പുഴയെ അക്കാദമികമായി രേഖപ്പെടുത്താനാണ് ഈ ചെറുപ്പക്കാർ ശ്രമിക്കുന്നത്. പുഴയെ തിരിച്ചുപിടിക്കുക, തങ്ങളുടെ ഗോത്രത്തിൽപെട്ട അടുത്ത തലമുറക്കായി അറിവുകൾ സംരക്ഷിക്കുക, എന്നതിനൊപ്പം, ആദിവാസികളെക്കുറിച്ച് അക്കാദമിക അന്വേഷണങ്ങൾക്ക് വരുന്നവർക്ക് പിന്തുണ നൽകുക എന്നതും അതിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിൽ ഈ ചെറുപ്പക്കാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൂട്ടത്തിൽപെട്ട ചോലനായ്ക്ക വിഭാഗത്തിൽനിന്നുള്ള വിനോദ് കുസാറ്റിൽ അപ്ലൈഡ് ഇക്കണോമിക്സിൽ പിഎച്ച്.ഡി ചെയ്യുകയാണ്.
എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സുരേഷ് സുമിത്രക്കൊപ്പം ചേർന്ന് രചിച്ച ‘ബീസൽ’ എന്ന പുസ്തകം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. കാട്ടുനായ്ക്ക വിഭാഗത്തിന്റെ ജീവിതം, അറിവുകൾ എന്നിവ സംബന്ധിച്ച സമഗ്ര രേഖപ്പെടുത്തലാണ് ഈ പുസ്തകം. കീസ്റ്റോണിന്റെ മുൻകൈയിൽ ഇവർ ഇതിനകം സമ്പാദിച്ച അറിവുകൾ സമാഹരിച്ച ഒരു മ്യൂസിയവും ഹെറിറ്റേജ് സെന്ററും ഒരുക്കുന്നുണ്ട്. മലയാളം സർവകലാശാലയിൽ പിഎച്ച്.ഡി ചെയ്യുന്ന അശ്വതിക്കാണ് അതിന്റെ ചുമതല.
ഒരോ കടവിനും കയത്തിനും കാടിടങ്ങൾക്കും കഥകളുണ്ട്, പാട്ടുകളുണ്ട്, ചൊല്ലുകളുണ്ട്. കേവല കഥകൾക്കപ്പുറം ആദിവാസികളുടെ പാരമ്പര്യ ജ്ഞാനത്തിന്റെ കൈമാറ്റവഴികൾ കൂടിയാണ് അക്കഥകൾ. ‘ബീസൽ’ ടീം തയാറാക്കിയ ഡിജിറ്റൽ മാപ്പിൽ അത്തരം കഥകളും പാട്ടുകളുമെല്ലാം ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
പിരിയാൻ നേരം അമൽ ഒരു പാട്ട് പാടി തന്നു. മലമുത്തൻ സമുദായത്തിന്റെ അടിയന്തിരപ്പാട്ട്. കൂറാൻപുഴയിലെ ഒരു കയത്തിന്റെ കഥയാണത് –മുണ്ടിയൂർ മാതയുടെ കഥ. ഏഴ് മുറച്ചെക്കന്മാരുടെയും അവരുടെ ഒരേയൊരു മുറപ്പെണ്ണ് മാതയുടെയും കഥാപാട്ട്. മാത കുളിക്കാൻ പോകുമ്പോൾ, കുളിക്കടവിൽ എന്നും ഒരു വലിയ കടന്ന മീൻ അവളെ നോക്കി നിൽക്കും. മീനിന് മാതയോട് പെരുത്ത ഇഷ്ടം. പോകെപ്പോകെ മാതക്കും മീനിനോട് ഇഷ്ടമായി. അരിശംമൂത്ത മുറച്ചെക്കന്മാർ ആ മീനിനെ പിടിക്കാൻ വേണ്ടി ആ കയത്തിൽ നഞ്ഞു കലക്കി. മീനുകൾ വെള്ളത്തിനടിയിൽ നിന്ന് മുകളിലേക്ക് പൊങ്ങാൻ തുടങ്ങി. കൂട്ടത്തിൽ, മാതയെ ഇഷ്ടപ്പെട്ട കടന്ന മീനും ഇടക്കിടെ പൊങ്ങിവന്നു. കത്തികൊണ്ട് മീനിനെ വെട്ടാൻ ശ്രമിക്കുമ്പോൾ അത് വെള്ളത്തിൽ മുങ്ങും. കയത്തിന്റെ പലഭാഗങ്ങളിലും പൊങ്ങിയും താഴ്ന്നും പിടികൊടുക്കാതെ രക്ഷപ്പെട്ടു. ഒടുവിൽ, മാത അവിടേക്കെത്തി. മീനിനെ കണ്ട് നടുക്കയത്തിലേക്ക് അവൾ മുങ്ങാംകുഴിയിട്ടു. പിന്നെയവൾ വന്നില്ല. മാതയെ കാണാതായ ആ കയം മുണ്ടിയൂർ കയമായി.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.