സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിൽ 2025-26 വർഷത്തെ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ ഓൺലൈനിൽ ആഗസ്റ്റ് 12 വരെ അപേക്ഷ സ്വീകരിക്കും.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസിലെ വ്യവസ്ഥകൾക്ക് വിധേയമായി 16 കോഴ്സുകളിലേക്കാണ് പ്രവേശനം. വിജ്ഞാപനം, പ്രോസ്പെക്ടസ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്.
ഡിപ്ലോമ കോഴ്സുകൾ: ഫാർമസി (ഡി.ഫാം), ഹെൽത്ത് ഇൻസ്പെക്ടർ (ഡി.എച്ച്.ഐ), ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.ടി), റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറപ്പി ടെക്നോളജി (ഡി.ആർ.ആർ.ടി), റേഡിയോളജിക്കൽ ടെക്നോളജി (ഡി.ആർ.ടി), ഓഫ്താൽമിക് അസിസ്റ്റന്റ് (ഡി.ഒ.എ), ഡെന്റൽ മെക്കാനിക്സ് (ഡി.എം.സി), ഡെന്റൽ ഹൈജീനിസ്റ്റ് (ഡി.എച്ച്.സി), ഓപറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി (ഡി.ഒ.ടി.എ.ടി), കാർഡിയോ വാസ്കുലർ ടെക്നോളജി (ഡി.സി.വി.ടി), ന്യൂറോ ടെക്നോളജി (ഡി.എൻ.ടി), ഡയാലിസിസ് ടെക്നോളജി (ഡി.ഡി.ടി), എൻഡോസ്കോപിക് ടെക്നോളജി (ഡി.ഇ.ടി), ഡെന്റൽ ഓപറേറ്റിങ് റൂം അസിസ്റ്റന്റ് (ഡി.എ), റെസ്പറേറ്ററി ടെക്നോളജി (ഡി.ആർ), സെൻട്രൽ സ്റ്റേറൈൽ സപ്ലൈ ഡിപ്പാർട്മെന്റ് ടെക്നോളജി (ഡി.എസ്.എസ്).
പ്രവേശന യോഗ്യത: കേരളീയർക്കും കേരളീയേതര വിഭാഗങ്ങളിൽപെടുന്നവർക്കും അപേക്ഷിക്കാം. ഫാർമസി ഡിപ്ലോമ കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സ് ഐച്ഛിക വിഷയങ്ങളായി ഹയർ സെക്കൻഡറി / പ്ലസ്ടു/ തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. മാർക്ക് നിബന്ധനയില്ല.
ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 40 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പാരാ മെഡിക്കൽ കോഴ്സുകൾക്ക് (ഡി.ഫാം ഒഴികെ) ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 40 ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. പട്ടിക വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്കിളവുണ്ട്.
പ്രായം 31.12.2025ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എന്നാൽ, സർവിസ് ക്വോട്ട അപേക്ഷകർക്ക് 49 വയസ്സ് കവിയാൻ പാടില്ല.
അപേക്ഷ ഫീസ്: 600 രൂപ. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് 300 രൂപ. എല്ലാ കോഴ്സുകൾക്കും കൂടി ഓൺലൈനിൽ ഒറ്റ അപേക്ഷ നൽകിയാൽ മതി. www.lbscentre.kerala.gov.in ൽ ഇതിന് സൗകര്യമുണ്ട്. പ്രോസ്പെക്ടസിലെ നിർദേശ പ്രകാരം വിവിധ ഘട്ടങ്ങളായി അപേക്ഷ പൂർത്തിയാക്കണം. വെബ്സൈറ്റിലെ New Candidate ബട്ടൺ ക്ലിക്ക് ചെയ്ത് അടിസ്ഥാന വിവരങ്ങൾ രജിസ്റ്റർ ചെയ്ത് അതുവഴി ലഭിക്കുന്ന അപേക്ഷ നമ്പർ ഉപയോഗിച്ച് ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷ നമ്പറും രജിസ്ട്രേഷൻ ഐ.ഡിയും പാസ്വേഡും സൂക്ഷിച്ച് വെക്കണം. കൺഫർമേഷൻ നൽകി അപേക്ഷയുടെ പ്രിന്റ് സൂക്ഷിക്കണം.
സ്പോർട്സ് ക്വോട്ടയിലേക്ക് അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ തിരുവനന്തപുരം 695001ന് അപേക്ഷ നൽകണം.
സെലക്ഷൻ: പ്രവേശന പരീക്ഷയില്ല. യോഗ്യതാ പരീക്ഷയിൽ രണ്ടാംവർഷത്തെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക്ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം. രണ്ട് റാങ്ക്ലിസ്റ്റുകളുണ്ടാവും. ഒന്നാമത്തെ റാങ്ക്ലിസ്റ്റ് ഡി.ഫാം കോഴ്സിനും രണ്ടാമത്തെ റാങ്ക്ലിസ്റ്റ് ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള മറ്റു പാരാ മെഡിക്കൽ കോഴ്സുകൾക്കും.
റാങ്ക്ലിസ്റ്റിലുള്ളവർക്ക് യഥാസമയം സ്ഥാപന/കോഴ്സ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഇതുസംബന്ധിച്ച അറിയിപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മെറിറ്റും ഓപ്ഷനും പരിഗണിച്ചാകും സീറ്റ് അലോട്ട്മെന്റ്. കോഴ്സുകളെപ്പറ്റിയുള്ള സമഗ്ര വിവരങ്ങളും പ്രവേശന നടപടികളും സംവരണവുമെല്ലാം പ്രോസ്പെക്ടസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.