സ്കൂൾ സമയമാറ്റം: മതസംഘടനകളുമായി സർക്കാറിന്‍റെ ചർച്ച വെള്ളിയാഴ്ച

തിരുവനന്തപുരം: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മതസംഘടനകളുമായി സർക്കാർ വെള്ളിയാഴ്ച വൈകിട്ട് ചർച്ച നടത്തും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചേംബറിൽവെച്ച് നാലരക്കാണ് ചർച്ച. ബുധനാഴ്ച നടത്താനിരുന്ന ചർച്ചയാണ് നാളത്തേക്ക് മാറ്റിയത്. സമസ്തയടക്കം വിവിധ സംഘടനകള്‍ സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിര്‍ത്തിരുന്നു. സമരപ്രഖ്യാപനം ഉള്‍പ്പെടെ ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്താൻ തയാറായത്. സമസ്ത ഏകോപന സമതിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കും.

പഠന സമയം രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം കൂട്ടിയതാണ് സംസ്ഥാനത്ത് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങള്‍ എന്ന ഹൈകോടതി നിര്‍ദേശ പ്രകാരമാണ് ദിവസം അര മണിക്കൂർ പഠനസമയം ദീർഘിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് പുതിയ സമയക്രമം തീരുമാനിച്ചത്. സ്കൂൾ സമയമാറ്റത്തിൽ ബുദ്ധിമുട്ടുണ്ടെന്ന് സമസ്ത അറിയിച്ചിരുന്നു. ബദൽ നിർദേശങ്ങളും സമർപ്പിച്ചിരുന്നു.

സ്‌കൂൾ സമയമാറ്റം സംബന്ധിച്ച് സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കാനും അനുകൂലമായ നടപടിയുണ്ടാകുന്നില്ലെങ്കിൽ സമരം ശക്തമാക്കാനും സമസ്തയുടെയും പോഷകസംഘടനകളുടെയും സംയുക്ത ഏകോപനസമിതി യോഗം തീരുമാനിച്ചിരുന്നു. രാവിലെ 15 മിനിറ്റ് വർധിപ്പിക്കുന്നതിനുപകരം വൈകീട്ട് അര മണിക്കൂർ വർധിപ്പിക്കാം. പാദ വാർഷിക പരീക്ഷ, അർധ വാർഷിക കഴിഞ്ഞുള്ള അവധി ദിവസങ്ങൾ പ്രവൃത്തി ദിനമാക്കാം. മറ്റ് സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ള നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കാനും സമസ്ത നിർദേശിച്ചു.

സ്‌കൂൾ സമയം രാവിലെയും വൈകുന്നേരവുമായി അരമണിക്കൂർ വർധിപ്പിക്കുന്നത് മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ സമയമാറ്റം പുനഃപരിശോധിക്കണമെന്നഭ്യർഥിച്ച് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് സർക്കാർ ചർച്ചക്ക് വിളിച്ചില്ലെന്ന് പരാതിയും ഉയർന്നിരുന്നു. ഭൂരിപക്ഷം രക്ഷിതാക്കളും സ്‌കൂള്‍ സമയമാറ്റത്തെ അംഗീകരിക്കുന്നെന്ന പഠനറിപ്പോര്‍ട്ടിലെ എതിര്‍പ്പ് സമസ്ത ഉന്നയിക്കുമെന്നാണ് സൂചന. സര്‍വേ നടത്തിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ഉണ്ടാക്കേണ്ടതെന്നും ആറ് ജില്ലകളില്‍ മാത്രം നടത്തിയ സര്‍വേ പര്യാപ്തമല്ലെന്നുമുള്ള അഭിപ്രായമാണ് സമസ്തക്കുള്ളത്.

സമയമാറ്റമെന്ന തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സമയമാറ്റത്തിൽനിന്ന് പിന്നോട്ടില്ല എന്ന നിലപാടായിരുന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്വീകരിച്ചത്.നിമിഷപ്രിയ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെ കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുമായി സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ സ്കൂൾമാറ്റവുമായി ബന്ധപ്പെട്ട് ചർച്ച നടന്നു. ഇതിനു പിന്നാലെയാണ് ചർച്ച നടത്താൻ തീരുമാനമായത്.

News Summary - Government to hold talks with religious organisations on school time change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.