തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) പ്രാഥമിക പരീക്ഷ ഇന്ന്. മൂന്ന് സ്ട്രീമുകളിലായി 1,86,932 ഉദ്യോഗാർഥികളാണ് 726 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുക. പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പി.എസ്.സി അറിയിച്ചു. കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ തിരുവനന്തപുരത്താണ്.
കെ.എ.എസിലേക്ക് പി.എസ്.സി നടത്തുന്ന രണ്ടാം പരീക്ഷയാണിത്. ആദ്യ കെ.എ.എസിൽ 4,01,379 പേരാണ് എഴുതിയത്. ഇത്തവണ ഒഴിവുകൾ കുറഞ്ഞതോടെ, അപേക്ഷകരുടെ എണ്ണവും വൻതോതിൽ ഇടിഞ്ഞു. നേരിട്ട് നിയമനമുള്ള സ്ട്രീം ഒന്നിലേക്ക് 1,80,307 പേരാണ് അപേക്ഷിച്ചത്. രാവിലെയും ഉച്ചക്കുമായി നടക്കുന്ന പരീക്ഷയിൽ 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണുള്ളത്. പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്നവരെ ഉൾപ്പെടുത്തി മുഖ്യപരീക്ഷ നടത്തും. മുഖ്യപരീക്ഷക്കുള്ള അര്‍ഹത നിര്‍ണയിക്കാന്‍ മാത്രമേ പ്രാഥമിക പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കൂ. പ്രാഥമിക പരീക്ഷയിലും മുഖ്യപരീക്ഷയിലും ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തമിഴ്, കന്നട പരിഭാഷയും ലഭ്യമാക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നടയിലോ ഉത്തരമെഴുതാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.