സാഹിത്യ അക്കാദമി ലൈംഗിക പീഡകർക്കൊപ്പം, മന്ത്രിക്കും സർക്കാറിനും കത്ത് നൽകിയിട്ടും വിലവെച്ചില്ല, സാഹിത്യോത്സവം ബഹിഷ്കരിച്ച് ഇന്ദുമേനോൻ

തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ സാർവദേശീയ സാഹിത്യോത്സവം ബഹിഷ്‌കരിക്കുകയാണെന്ന് എഴുത്തുകാരി ഇന്ദുമേനോന്‍. ലൈംഗിക പീഡകരും കുറ്റവാളികളുമായ എഴുത്തുകാരെ ഇത്തരം പരിപാടികളിൽ നിന്നും മാറ്റി നിർത്തണമെന്ന് നിരവധി ആവശ്യപ്പെട്ടിട്ടും അതിന് തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് സാഹിത്യോത്സവം ബഹിഷ്ക്കരിക്കുന്നതെന്ന് ഇന്ദുമേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും സര്‍ക്കാരിനും അക്കാദമിക്കും പലതവണ കത്തുകള്‍ കൊടുത്തിട്ടും കേരള സാഹിത്യ അക്കാദമി അതൊന്നും വിലവെച്ചില്ല. പ്രതിഷേധം അറിയിച്ചപ്പോൾ അടുത്തവര്‍ഷം പരിഗണിക്കാം എന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മറ്റ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകള്‍ കാണിക്കുന്ന ഉത്തരവാദിത്വം, സ്ത്രീപക്ഷം ഒക്കെ എന്തുകൊണ്ടാണ് സാഹിത്യ അക്കാദമി കാണിക്കാത്തത് എന്നും ഇന്ദുമേനോൻ ചോദിച്ചു.

സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ച് നല്‍കാമെന്നും പുസ്തകം എഡിറ്റ് ചെയ്ത് നല്‍കാമെന്നും അവാര്‍ഡുകള്‍ വാങ്ങി തരാമെന്നും പറഞ്ഞുകൊണ്ട് സ്ത്രീകളോടും പെൺകുട്ടികളോടും മോശമായി പെരുമാറിയാലും കുഴപ്പമില്ല, നിങ്ങൾക്കൊപ്പം സാഹിത്യ അക്കാദമി നിലകൊള്ളുന്നുണ്ട് എന്ന്  ഇന്ദുമേനോൻ ഹരിഹസിച്ചു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

എത്രയും പ്രിയപ്പെട്ട കേരള സാഹിത്യ അക്കാദമിയ്ക്ക് കേരളസാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എനിക്ക് ഒരു സെഷനില്‍ ക്ഷണം ഉണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ചു കാണാം. സംസാരിക്കാന്‍ സന്തോഷമുള്ള നിമിഷങ്ങള്‍ പങ്കിടാം. അതാണ് ഫെസ്റ്റിവലുകളുടെ ആകെ സന്തോഷം. എനിക്കും സന്തോഷം തോന്നി. ആദ്യമേ എന്നെ ഉള്‍പ്പെടുത്തിയതില്‍ ഞാന്‍ നന്ദി പറയുന്നു. സര്‍ക്കാര്‍ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അതിനുണ്ട്. ഗ്രൂപ്പ് ഏഗന്‍സ്റ്റ് സെക്ഷ്വല്‍ വയലന്‍സ് എന്ന സംഘം കഴിഞ്ഞവര്‍ഷം അക്കാദമിക്ക് ഇതേ ഫെസ്റ്റിവലിന്റെ സമയത്ത് ഒരു കത്ത് നല്‍കി. ലൈംഗിക കുറ്റവാളികളെയും മീട്ടു ആരോപിതരെയും ഇത്തരം ഫെസ്റ്റിവലുകളില്‍ നിന്നും മാറ്റിനിര്‍ത്തി ഇരകളും അതിജീവിതകളുമായ വ്യക്തികളെ ഈ പരിപാടിക്ക് ഉള്‍പ്പെടുത്തുക എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം.

സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും സര്‍ക്കാരിനും അക്കാദമിക്കും എല്ലാം കത്തുകള്‍ കൊടുത്തിട്ടും അക്കാദമി കേരള സാഹിത്യ അക്കാദമി അതൊന്നും വില വയ്ക്കുകയുണ്ടായില്ല. അഞ്ചോ ആറോ ലൈംഗിക കുറ്റവാളികളും മീറ്റു ആരോപിതരും പരിപാടിയില്‍ പ്രതിഷേധത്തിനിടയിലും ആഹ്ലാദപൂര്‍വ്വം പങ്കെടുത്തതായി കണ്ടു. ഞാനൊക്കെ എന്ത് കുറ്റകൃത്യം ചെയ്താലും എന്നെയൊന്നും ആരും ഒന്നും ചെയ്യില്ല എന്ന ധാര്‍ഷ്ഠ്യത്തോടെ അവരെല്ലാം വേദിയുടെ വെള്ളി വെളിച്ചത്തിലേക്ക് വന്നു. അവരാല്‍ ആക്രമിക്കപ്പെട്ട സ്ത്രീകള്‍ ഏതോ വീട്ടക അറയില്‍ നിസ്സഹായരായി മുഖമില്ലാത്തവരായി നിന്നു.

കഴിഞ്ഞവര്‍ഷം പോകേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ പ്രിയപ്പെട്ട പലരും അങ്ങനെ ചെയ്യേണ്ട എന്ന് ഉപദേശിച്ചു. ശരി അവര്‍ പറഞ്ഞതുപോലെ നേരിട്ട് ചെന്ന് പ്രതിഷേധിക്കാം എന്ന് കരുതി. പ്രതിഷേധം അറിയിച്ചു അടുത്തവര്‍ഷം പരിഗണിക്കാം എന്നും നിങ്ങള്‍ ബന്ധപ്പെട്ടവര്‍ പറയുകയുണ്ടായല്ലോ. ഈ വര്‍ഷം നേരത്തെ തന്നെ ആളുകളെ വിളിച്ചു പോയല്ലോ ഇനി എങ്ങനെ വരണ്ട എന്ന് പറയും തുടങ്ങി പലതരം വൈകാരികമായ പ്രതിസന്ധികള്‍ ഉത്തരവാദിത്തപ്പെട്ടവരായ നിരത്തി. അടുത്ത ഒരു ഫെസ്റ്റിവലിന് കുറ്റാരോപിതരെ ഉറപ്പായും മാറ്റിനിര്‍ത്തും എന്ന് നിങ്ങള്‍ പറഞ്ഞു.

ഈ വര്‍ഷം രാവിലത്തെ സെഷന്‍ ആയതുകൊണ്ട് എത്തിച്ചേരാന്‍ ഒരു ബുദ്ധിമുട്ട് ഉണ്ട്. സര്‍ക്കാര്‍ പരിപാടി ആയതുകൊണ്ട് ഓഡി കിട്ടും. രണ്ടുദിവസം അവിടെ ചെലവാക്കാം. എന്നിട്ടും പോകണോ വേണ്ടയോ എന്ന ഒരു കണ്‍ഫ്യൂഷനില്‍ നില്‍ക്കുകയായിരുന്നു. സുഹൃത്തുക്കളെയൊക്കെ കാണാം ഒരു വര്‍ഷത്തിനപ്പുറത്ത് അക്കാദമിയില്‍ പോകാം. എല്ലാവരോടും വര്‍ത്തമാനം പറയാം പലതരം സന്തോഷങ്ങളുണ്ട്. മനസ്സ് രണ്ടുതട്ടില്‍ നില്‍ക്കുകയാണ്.

അപ്പോഴാണ് ബ്രോഷര്‍ വന്നത്. രണ്ടു ലൈംഗിക പീഡകര്‍ നല്ല ഉഷാറായി കവിത വായിക്കാന്‍ വന്നിട്ടുണ്ട്. പുറത്തുവരാന്‍ പോകുന്ന രണ്ട് പൊട്ടന്‍ഷ്യല്‍ ലൈംഗിക പീഡകര്‍ വേറെയുമുണ്ട്. ഇത്തരം ആളുകള്‍ വരുന്ന ഒരു പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നത് ശരിയല്ല. എന്നെയും ലൈംഗിക കുറ്റവാളികളെയും നിങ്ങള്‍ അക്കാദമി ഒരേ തട്ടില്‍ സമീകരിക്കുകയാണ്. ഒരു അവസരം ഉണ്ട് എന്ന് കരുതി എനിക്ക് ഇത്രയും മോശമായ വ്യക്തികള്‍ക്കൊപ്പം വേദി പങ്കിടാന്‍ വയ്യ. എന്തായാലും പോകണ്ട എന്ന് ഞാന്‍ തീരുമാനിക്കയാണ്.

മറ്റ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകള്‍ കാണിക്കുന്ന ഉത്തരവാദിത്വം, സ്ത്രീപക്ഷം ഒക്കെ എന്തുകൊണ്ടാണ് സാഹിത്യ അക്കാദമി കാണിക്കാത്തത് എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടുന്നു. ഇപ്പോഴും അത്ഭുതപ്പെടുന്നു. ന്യായങ്ങള്‍ നിര്‍ത്താന്‍ നിങ്ങള്‍ക്ക് ആയിരം കാരണങ്ങളുണ്ട്. ലൈംഗികാരോ വിതരും കുറ്റവാളികളും അല്ലാത്ത അനവധി പേര്‍ പുറത്തുനില്‍ തിരഞ്ഞെടുക്കാവുന്നതാണ്. പക്ഷേ നിങ്ങള്‍ ചെയ്യുന്നില്ല. എന്നാല്‍ മാധവിക്കുട്ടി അനുസ്മരണത്തിന് ലൈംഗിക പീഡകനായ ഒരാളെ തിരഞ്ഞെടുത്തപ്പോള്‍ ഹരിതാ സാവിത്രി തന്റെ വിയോജിപ്പ് രേഖപ്പെടുത്തുകയും നിങ്ങള്‍ ലൈംഗിക പീഡകനെ പരിപാടിയില്‍ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.

സാര്‍വദേശീയ പരിപാടി വരുമ്പോള്‍ വീണ്ടും എങ്ങനെയാണ് ഇവര്‍ കയറിവരുന്നത് എന്ന് മനസ്സിലാകുന്നില്ല. സച്ചി മാഷോടും രാജേട്ടനോടും ഈ വിഷയം സംസാരിച്ചു. ലൈംഗിക പീഡകര്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. എന്റെ അവസരവും എന്റെ ഇടവും ആണ് നഷ്ടപ്പെടുന്നത് എന്ന് എനിക്കറിയായ്കല്ല. മനസ്സ് സമ്മതിക്കുന്നില്ല. എഴുത്തിന്റെ മത്സരവും അവസരവും എല്ലാം ഉള്ള ഇടങ്ങളില്‍ നിന്നാല്‍ മാത്രമേ എഴുത്തുവളരു എന്നൊക്കെയുള്ള തോന്നലുകള്‍ ഇല്ലാഞ്ഞിട്ടല്ല. ഒരുപാട് പെണ്‍കുട്ടികളുടെ കരച്ചിലുകള്‍ ചെവിയില്‍ ഉണ്ട്. വീണ്ടും കോളജ് അധ്യാപകനും കടലിന്റെ കവിയുമായ ഒരു പരക്കൂതറ ഊളയുടെ അഞ്ചാറ് ഫോണ്‍ സംഭാഷണങ്ങള്‍ കേട്ടു. അമ്മ തന്ന മുലപ്പാല്‍ പോലും ഓര്‍ക്കാനിച്ച കളയാന്‍ തോന്നുന്ന ഒരു വെറുപ്പ് ലൈംഗിക പീഡകരോട് ഉള്ളില്‍ തോന്നി.

എന്റെ അവസരങ്ങളൊക്കെ പൊയ്‌ക്കോട്ടെ കുഴപ്പമില്ല. ഇതില്‍ കുറഞ്ഞ അവസരങ്ങള്‍ മതി. എനിക്ക് ഇരയാക്കപ്പെട്ട മനുഷ്യര്‍ക്കൊപ്പം നിന്നാല്‍ മതി. നിങ്ങളുടെ വേദിയില്‍ തെളിഞ്ഞുനിന്ന് പ്രസംഗിക്കണമെന്നില്ല. പ്രിയപ്പെട്ട അക്കാദമി നിങ്ങള്‍ നില്‍ക്കേണ്ടത് അതിജീവിതകള്‍ ആക്കപ്പെട്ട ഇരകളാക്കപ്പെട്ട നിലവിളിക്കുന്ന നിസ്സഹായരും ദുഃഖിതനുമായ സ്ത്രീകള്‍ക്കൊപ്പം ആണ്. അവര്‍ക്കാണ് വേദി കൊടുക്കേണ്ടത്. അല്ലാതെ സാഹിത്യത്തിന്റെ പേര് പറഞ്ഞു തരം കിട്ടുമ്പോള്‍ സ്ത്രീയെ ആക്രമിക്കുകയും പ്ലാന്‍ ചെയ്തു പരിപാടിയുണ്ട് എന്ന് പറഞ്ഞ് ഹോട്ടലില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന തരം കവികള്‍ക്ക് അല്ല. അക്കാദമി സെക്രട്ടറിയായും പ്രസിഡണ്ടായി സ്ത്രീകള്‍ വരുന്ന ഒരു കാലത്തെങ്കിലും ഇത്തരത്തിലുള്ള അനൈതികതകള്‍ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം.

ഞാന്‍ കേരള സാഹിത്യ അക്കാദമിയുടെ സാര്‍വ്വദേശീയ സാഹിത്യോത്സവം 2025 ബഹിഷ്‌കരിക്കുന്നു. ലൈംഗിക പീഡകരും കുറ്റവാളികളുമായ ആളുകളെ പരിപാടിക്ക് വിളിച്ചത് കൊണ്ടാണ് ഞാന്‍ ബഹിഷ്‌കരിക്കുന്നത്. അതുകൊണ്ട് അക്കാദമിക്കും ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് തോന്നിയതുകൊണ്ട് അല്ല. ഞാന്‍ വന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്ത് പ്രശ്‌നം തോന്നാനാണ്? ഒരാള്‍ ഒഴിഞ്ഞു അത്രതന്നെ. പക്ഷേ എഴുതാന്‍ പരിശ്രമിക്കുന്ന ഒരുവള്‍ എന്ന നിലയില്‍ എന്റെ അവസരം തന്നെയാണെന്ന് ഞാന്‍ നഷ്ടപ്പെടുത്തുന്നത്.

എന്നാലും എനിക്ക് ഇരയാക്കപ്പെട്ട മനുഷ്യരോടുള്ള സ്‌നേഹവും സഹവര്‍ത്തിത്വവും ഉണ്ട്.. എന്റെ അവസരങ്ങള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല അവര്‍ക്കൊപ്പം നില്‍ക്കണം എന്ന നീതി ബോധം ഉണ്ട്. ഒരു പ്രസംഗവേദിയെക്കാളും മഹത്തരമാണ് അതിജീവിതകളായ പെണ്‍കുട്ടികള്‍ക്ക് ഒപ്പം നിലകൊള്ളാന്‍ കഴിയുന്നത്. ഇനി ലൈംഗിക പീഡകര്‍ ഇല്ലാത്ത പരിപാടിയുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ തീര്‍ച്ചയായും വിളിക്കണം ഞാന്‍ ഹൃദയപൂര്‍വ്വം അതില്‍ പങ്കെടുക്കും എന്ന് അറിയിക്കുന്നു.

ഇനി സര്‍വലോക പീഡകരെ സാഹിത്യത്തെ സാക്ഷ്യം വെച്ച് സംഘടിക്കുവിന്‍. സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ച് നല്‍കാമെന്ന് പറയും പുസ്തകം എഡിറ്റ് ചെയ്ത് നല്‍കാമെന്ന് പറയും അവാര്‍ഡുകള്‍ വാങ്ങി തരാം തരാമെന്നും അവസരം നല്‍കാമെന്നും പറയിന്‍ . എന്നിട്ട് ആ സ്ത്രീകളെയും കുട്ടികളെയും കേറി പിടിക്കിന്‍ ' നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ നൈതികതയോ മനുഷ്യപക്ഷമോ നെറിയോ നേരോ ഒന്നും തന്നെയില്ല. നിങ്ങള്‍ക്കൊപ്പം സാഹിത്യ അക്കാദമി നിലനില്‍ക്കുന്നുണ്ട് നിലകൊള്ളുന്നുണ്ട് ഓര്‍ക്കുവിന്‍ എഴുത്തുകാരോട് നിങ്ങളില്‍ എത്രപേര്‍ക്ക് ലൈംഗിക കുറ്റവാളികള്‍ക്കൊപ്പം വേദി പങ്കിടുവാന്‍ കഴിയുകയില്ല പരിപാടിയില്‍ അവരെ പങ്കെടുപ്പിക്കുകയാണെങ്കില്‍ ഞാന്‍ പങ്കെടുക്കുകയില്ല എന്ന് അറിയിക്കാനുള്ള ആര്‍ജ്ജവം ഉണ്ട് എന്ന് എനിക്കറിയില്ല. നിങ്ങളും അതിജീവിതകളായ ഇരകളായ പാവപ്പെട്ട സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

Tags:    
News Summary - Kerala Sahithya Academi stands with sexual abusers, despite writing to the minister and the government, they did not pay any attention, Indu Menon boycotts the literary festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-01 04:40 GMT
access_time 2025-07-27 08:32 GMT
access_time 2025-07-27 08:31 GMT