ഇനിയൊരു പ്രണയലേഖനം എന്ന് ഇതിനെ കുറിക്കാൻ പറ്റുമോ മാഷേ, അറിയില്ല എങ്കിലും കുത്തിക്കുറിക്കട്ടെ ഇപ്പോൾ സമയം ഏതാണ്ട് സന്ധ്യയോട് അടുത്തു. മുറ്റത്തെ തുളസിത്തറയിൽ വിളക്ക് കത്തിച്ചുവെച്ച് ഞാൻ ഈ വരാന്തയിൽ ഇരിക്കുകയാണ്. പുറത്ത് നല്ല മഴയുണ്ട്. കാറ്റ് എന്റെ വിളക്കിനെ കെടുത്താതിരിക്കാൻ തിരിതാഴ്ത്തിയാണ് ഞാൻ വിളക്ക് വെച്ചിരിക്കുന്നത്. കാണുന്നില്ലെങ്കിലും മുറ്റത്തെ ഏതോ ചെടിയിൽ ഇരുന്ന് ചീവീട് മൂളുന്നുണ്ട്, റോഡിനുതാഴെ എന്റെ ഏട്ടൻ നട്ടുവെച്ച റെമ്പുത്താന്റെ ഇലയിൽ വെള്ളം വീണിട്ട് ഭൂമിയിലേക്ക് അത് പതിക്കുന്ന ശബ്ദം കേൾക്കാം.
പണ്ട് ഈ വരാന്തയിൽ ഇരുന്ന് വെളിയിലേക്ക് നോക്കിയാൽ ഈ സമയത്ത് റോഡിൽക്കൂടെ ഒരുപാട് ആളുകൾ വീട്ടിലേക്ക് പോകുന്നത് കാണാമായിരുന്നു എന്നാൽ ഇപ്പോൾ എല്ലാം ശാന്തമാണ്. ഏറക്കുറെ എല്ലാ വീട്ടിലും വണ്ടികൾ എത്തിയതോടെ നടന്നുപോകുന്നവർ കുറഞ്ഞു.പെട്ടെന്ന് ആരോ ഈ റോഡിൽക്കൂടെ ഒരു വെള്ള മുണ്ടും ക്രീം കളർ ഷർട്ടും ഇട്ടുകൊണ്ട് നടന്നുപോയപ്പോഴാണ് മാഷേ നിങ്ങളെ എനിക്ക് ഓർമ വന്നത്. ഇന്നലെയായിരുന്നു പിറന്നാൾ അല്ലേ. നാൽപതിൽ എത്തിയെന്ന് ഞാൻ പറയുമ്പോൾ ആ കഴിഞ്ഞുപോയ നമ്മുടെ ചെറുപ്പകാലത്തിന്റെ ഓരോ ദിവസങ്ങളെ ഇന്ന് എനിക്ക് ഓർക്കുമ്പോൾ എന്തോ ഒരു വിങ്ങൽപ്പോലെയാണ്. ഒന്നിക്കാൻ വിധിയില്ലാതെ പോയ നമ്മൾ ഇന്നും ആ ഓർമകളെ സ്നേഹിച്ച് കഴിയുന്നു എന്ന് ഈ മനസ്സ് പറയുമ്പോൾ പെട്ടന്ന് ഒരു കൊള്ളിയാൻ മാനത്ത് വന്നുപോയി മാഷേ.
പ്രണയം അറിയാത്തവനെ പ്രേമിക്കാനും പിന്നെ ഓർത്തിരിക്കുമ്പോൾ വിളിക്കാനും ആ വിളി കാത്തിരിക്കാൻ ഒരു പെണ്ണും പിന്നെ അവൾ അല്ല ഫോൺ എടുക്കുന്നതെങ്കിൽ ശബ്ദം കേട്ടിട്ട് കട്ടാക്കി വീണ്ടും കാത്തിരുന്ന നമ്മുടെ പഴയ കാലം ഇന്ന് ഒരുപാട് ദൂരെ അല്ലേ മാഷേ. എന്റെ ശബ്ദത്തെ പ്രണയിച്ചവൻ, എന്റെ കണ്ണിൽ നോക്കി സ്വയം കാണാൻ അരികിലേക്ക് വന്നവൻ, ചന്ദനക്കുറിയിൽ ചെറിയ സിന്ദൂരം തൊടാനും കറുത്ത പൊട്ടുകൾ വരച്ചുവരാനും എന്നെ പഠിപ്പിച്ച മാഷേ അന്ന് നിങ്ങൾ എന്നെ കാണാൻ കാത്തുനിൽക്കുന്ന സ്ഥലങ്ങൾ ഓർമയുണ്ടോ? വീടിനുമുമ്പുള്ള ആ റോഡിന്റെ രണ്ടാമത്തെ വളവും പിന്നെ അവധിദിവസങ്ങളിൽ രാവിലെ അമ്പലത്തിൽ തൊഴാൻ പോയി തിരിച്ചുവരുമ്പോൾ ഇറക്കം കഴിഞ്ഞുള്ള കലുങ്കിൽ ഒറ്റമുണ്ടും വെള്ള ജുബ്ബായും നെഞ്ചുവിരിച്ചുള്ള നടത്തവും. ഇന്നും ഖദറിനെ ഇഷ്ടമാണോ മാഷേ അതോ കാലം മാറിയപ്പോൾ ജീവിതത്തിൽ തിരക്കുകൾ കൂടിയപ്പോൾ എല്ലാം വെറുത്തോ.
നമ്മുടെ പ്രണയം ഞാനിതൊന്നും ഒരിക്കലും എന്റെ നഷ്ടങ്ങളുടെ കൂട്ടത്തിൽ കൂട്ടത്തില്ല, പിരിഞ്ഞുപോയി എന്നോർത്ത് വെറുപ്പിന്റെ പക്ഷത്തിലേക്ക് തള്ളിക്കളയില്ല. ഇനിയും വിരിയാൻ എവിടെയോ മൊട്ടിട്ട് സൂര്യൻ മറഞ്ഞുപോയ പൂവിന്റെ അനുഭവത്തിലും കാണില്ല മറിച്ച് നിറങ്ങൾ മങ്ങാത്ത ഓർമകൾക്ക് പണ്ട് മാഷ് ഒരു പദം ഉപയോഗിച്ചിരുന്നു. അത് മറന്നോ എങ്കിൽ ഞാൻ തന്നെ ഓർമിപ്പിക്കാം വെറും മോഹങ്ങൾ. അത് നമ്മുടെ അസ്ഥികൾ മണ്ണിൽ പൊടിയായി തീരുംവരെ തെന്നലിൽ അലഞ്ഞുതിരിയും എന്ന് എനിക്കറിയാം.ചെറിയ മഴ മുറ്റത്ത് പൊടിയുന്നുണ്ടെങ്കിലും ആകാശത്ത് പൂർണചന്ദ്രനാണ് ഉള്ളത്. അതുകൊണ്ട് ഇനിയും പറയാൻ ബാക്കിവെച്ചത് ഞാൻ എങ്ങനെ കാണണം. ഹൃദയത്തിലെ നൊമ്പരമായാണോ, അതോ ചിന്തിക്കാൻ വേണ്ടി എനിക്ക് മാറ്റിവെച്ച ഇന്ന് എഴുതുന്ന കവിതകളുടെ വരികളാണോ. എഴുതണം എന്ന് പറഞ്ഞിട്ടും എഴുതാതെപോയ പ്രണയവാക്കുകളെ കഥകളായി സമ്മാനിച്ചത് ആർക്കുവേണ്ടിയാണ്.
എന്നോടുള്ള വാശി തീർക്കുകയാണോ? ചോദിക്കണമെന്ന് പറഞ്ഞ് പടിവാതിൽക്കൽ എത്തിയിട്ട് എന്തേ ആരോടും ഒന്നും ചോദിക്കാതെ തിരിഞ്ഞു നടന്നത്. മനസ്സ് അനുവദിച്ചില്ല അല്ലേ? എന്നിട്ട് എന്നെ കുറ്റം പറഞ്ഞ് ഉരുകി എരിയുന്ന മെഴുകുതിരി നിന്നെയാണല്ലോ ഞാൻ പ്രണയിച്ചതെന്ന് ഓർക്കുമ്പോൾ ഉള്ള് പിടയുന്നുണ്ട്.വിശ്വാസത്തിന്റെ പിന്നാലെ കണ്ടുമറഞ്ഞ സ്വപ്നങ്ങൾ സമ്മാനിച്ചത് എല്ലാം വെറും തോന്നലിൽ പിറവി കൊണ്ട പാഴ്ജന്മങ്ങൾക്ക് സമം അല്ലേ മാഷേ. ആയിരം ഇതളിട്ട മോഹങ്ങൾ ഏതോ കടലിന്റെ ആഴങ്ങളിൽ മുങ്ങിമരിച്ചു, പുതിയ കനവുകൾ ചോദിക്കുന്നു എന്തിനാണ് വെറുതെ വെറുക്കാൻ വേണ്ടി ഇനിയും ഹൃദയത്തിലേക്ക് എത്തണോ എന്ന്. നടക്കണം മാഷേ കാലുകൾ ഇടറാതെ. മിഴികൾ നനയാതെ, ശരീരം തളരാതെ ഇനിയും ബാക്കിയാണ് നമ്മുടെ ദിനങ്ങൾ.
മാഷേ ഒരുകാര്യം കൂടെ എഴുതി അവസാനിപ്പിക്കട്ടെ. കഴിഞ്ഞദിവസം നമ്മുടെ പഴയ ഓർമകൾ ഓടിയെത്തുന്ന ആ സ്കൂളിൽ ഞാൻ പോയി. അവിടത്തെ മണ്ണിൽ ചവുട്ടിയപ്പോൾ എന്തോ നിരാശയുടെ മണൽത്തരികൾ എന്റെ കാലിനെ സ്പർശിച്ചു. പണ്ട് നമ്മൾ സംസാരിച്ചു നിന്ന സൗന്ദര്യം തേച്ചുമിനുക്കിയ ഭിത്തികൾ ഇന്ന് നിറം മങ്ങി പലയിടവും വിണ്ടുകീറി മാറുമറയ്ക്കാൻ മറന്നവളെപ്പോലെ എന്നെ നോക്കി ലജ്ജിച്ചു തലതാഴ്ത്തി നിൽക്കുന്നു. അന്ന് പറഞ്ഞ പല വാക്കുകളും ഇന്ന് ശലോമോന്റെ സംഗീതം പോലെ ചെവിയിൽ കേട്ടു. നിർത്തട്ടെ മാഷേ ഈ ജീവിതം ഒരിക്കലും അവസാനിക്കാത്ത ഒരു മായക്കാഴ്ച്ചയായി നമ്മുടെ മനസ്സിൽ നിലനിൽക്കട്ടെ അല്ലേ..
എന്റെ ഈ കുഞ്ഞുലേഖനം കിട്ടുമ്പോൾ വായിക്കണം. കാഴ്ച മങ്ങിത്തുടങ്ങിയെങ്കിൽ പറയണം. ജീവിതത്തിൽ ഇന്നും ഒരുപാട് നമ്മൾ സ്നേഹിക്കുന്നു എന്ന് ഞാൻ ഈ മഴയോട് പറഞ്ഞു. സത്യം മനസ്സിലാക്കിയ മഴ പോലും പിന്നെയും പിന്നെയും ചാറിക്കൊണ്ട് നിൽക്കുന്നു. അതിന്റെ അർഥം നമ്മൾ ഹൃദയത്തിൽ അത്രമാത്രം പ്രണയിച്ചുപോയി. ഞാൻ എഴുതിയതിൽ കുറവുകളുണ്ടോ അതോ എന്റെ പാഴ്കിനാവുകളെ വീണ്ടും നിദ്രയിലേക്ക് സ്വാഗതം ചെയ്യുകയാണോ? ഹൃദയമുറിവുകളിൽ പലപ്പോഴും ഞാൻ അറിയുന്നുണ്ട് വല്ലാത്ത ഒരുനീറ്റൽ. മാഷേ മരണം ഒരിക്കലേ ഉള്ളൂ, സത്യം എങ്കിലും അറിഞ്ഞുകൊണ്ട് തമ്മിൽ പിരിയുന്നതും അറിയാതെ ഏറെക്കാലം കഴിയുന്നതും ഒരു മരണമാണ് എന്നാണ് എനിക്ക് തോന്നുന്നത്. എവിടെയാണോ സന്തോഷം ലഭിക്കുക അവിടം സ്വർഗമാണ്. ഇന്നെന്റെ കണ്ണിൽനിന്ന് ചോർന്നൊലിക്കുന്ന കണ്ണീരിന് മാഷ് എന്താണ് വിളിക്കുക എഴുതാൻ അവസരം കിട്ടിയാൽ എഴുതുക. നമ്മുടെ പ്രണയത്തിന് ഒരു നല്ല ചുംബനം നൽകിക്കൊണ്ട് നിർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.