ആമിർ ഖാന്റെ മകൾ ഇറ ഖാൻ തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് എപ്പോഴും വാചാലയാണ്. വിഷാദരോഗവുമായി ബന്ധപ്പെട്ട തന്റെ അനുഭവത്തെക്കുറിച്ച് ദീർഘനേരം ഇറ സംസാരിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ മകളുടെ അവസ്ഥയെ കുറിച്ച് ആമിർ ഖാനും സംസാരിച്ചിരുന്നു. മകളെ പിന്തുണക്കാൻ ശ്രമിച്ച രക്ഷിതാവ് എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ആമിർ ഖാൻ. കുടുംബത്തിന് ഇത് പ്രയാസകരമായ സമയമായിരുന്നു. ആംസ്റ്റർഡാമിലെ കോളജിൽ നിന്ന് ഇറ വിളിച്ചപ്പോൾ, അവളെ തിരികെ കൊണ്ടുവരാൻ ഉടൻ തന്നെ അവളുടെ അടുത്തേക്ക് പറന്നതായും അദ്ദേഹം ഓർമിച്ചു.
നിങ്ങളുടെ കുട്ടിയെ വേദനിപ്പിക്കുന്ന കാര്യത്തെ കൈകാര്യം ചെയ്യുന്നത് ഏതൊരു രക്ഷിതാവിനും ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്വയം അനുഭവിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതലാണത്. ആ വികാരം ആഴത്തിൽ പടരുന്നു. ഇറ വിഷാദത്തിലൂടെ കടന്നുപോയപ്പോൾ അത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടായിരുന്നു. എനിക്കും റീനക്കും മാത്രമല്ല, മുഴുവൻ കുടുംബത്തിനും. അവളെ പിന്തുണക്കാനും അവൾക്കൊപ്പം ഉണ്ടാകാനും ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്തു.
ഔപചാരിക വിദ്യാഭ്യാസം എനിക്ക് ഒരിക്കലും അനുകൂലമായിരുന്നില്ലെങ്കിലും ഇറയെ കോളജിൽ പോകുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തരുതെന്ന് എല്ലാവരും എന്നോട് പറഞ്ഞു. നെതർലാൻഡ്‌സിലെ ഉട്രെക്റ്റ് സർവകലാശാലയിൽ ചേരാൻ അവൾ തീരുമാനിച്ചിരുന്നു, പക്ഷേ പോകാൻ ആഗ്രഹിച്ചില്ല. റീനയുടെയും കിരണിന്‍റെയും അഭിപ്രായം മാനിച്ച് ഞാൻ ഇറയോട് പോകണമെന്ന് പറഞ്ഞു. അവളുടെ വിഷാദം തുടങ്ങിയത് അപ്പോഴാണ്.
രണ്ട് വർഷങ്ങൾക്ക് ശേഷം ഞാൻ സ്പെയിനിൽ ലാൽ സിങ്ങിൽ ജോലി ചെയ്തിരുന്നപ്പോൾ അവൾ എന്നെ വിളിച്ചു. ഞാൻ ഉടൻ തന്നെ ഉട്രെച്ചിലേക്ക് പറന്നു. അവളുടെ ബാഗുകൾ പാക്ക് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നു. മുംബൈയിലെ ജീവിതവും അവൾക്ക് കഠിനമായിരുന്നു. ഒരിക്കൽ വിഷാദം വന്നാൽ അത് കൈകാര്യം ചെയ്യാൻ പ്രയാസമാണ്. ദുഃഖകരമെന്ന് പറയട്ടെ ഇന്ന് ധാരാളം ചെറുപ്പക്കാർ വിഷാദരോഗം അനുഭവിക്കുന്നുണ്ട് ആമിർ ഖാൻ പറഞ്ഞു.
തന്റെ മാനസികാരോഗ്യ യാത്രയെക്കുറിച്ചും ആമിർ തുറന്നു പറഞ്ഞു. നാല് വർഷം മുമ്പ് താൻ തെറാപ്പി ആരംഭിച്ചതായും അതിനുശേഷം തന്റെ വൈകാരിക തലത്തിൽ മാറ്റം കണ്ടതായും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ വർഷം, താനും ഇറയും ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനായി ജോയിന്റ് തെറാപ്പി സെഷനുകളിൽ പങ്കെടുക്കാൻ പോലും തുടങ്ങി. തെറാപ്പി വളരെ സഹായകരമാണ്. അത് എനിക്കും ഇറക്കും വളരെയധികം ഗുണം ചെയ്തു ആമിർ ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.