മിസ് ഇന്ത്യ സമയത്ത് ഞാൻ ഐശ്വര്യ റായിയുടെ റൂംമേറ്റായിരുന്നു; ഞാൻ മിസ് ഇന്ത്യ ഏഷ്യാ പസഫിക്കിൽ പോയി, പക്ഷേ...-ശ്വേത മേനോൻ

ഐശ്വര്യ റായ്, സുസ്മിത സെൻ എന്നിവർ മിസ് വേൾഡ്, മിസ് യൂണിവേഴ്സ് എന്നീ അന്താരാഷ്ട്ര മത്സരങ്ങൾ നേടിയ വർഷമായിരുന്നു 1994. എന്നാൽ ഈ രണ്ട് അഭിനേതാക്കൾക്കൊപ്പം ഒരു മലയാളി നടിയും മിസ് ഇന്ത്യ പട്ടത്തിനായി മത്സരിച്ചിരുന്നു. 1994 ൽ സുസ്മിത മിസ് ഇന്ത്യ കിരീടം നേടി. ഐശ്വര്യ റായ് ഫസ്റ്റ് റണ്ണറപ്പായി. എന്നാൽ ശ്വേത മേനോനും അതേ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ മിസ് ഇന്ത്യയിൽ പങ്കെടുത്തതിനെ കുറിച്ച് ശ്വേതയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'ഒരു ദിവസം ഞാൻ സ്കൂളിൽ നിന്ന് തിരിച്ചെത്തിയപ്പോൾ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ കോയമ്പത്തൂരിൽ നിന്ന് ഒരു കത്ത് വന്നിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞു. അച്ഛനോട് പറയാതെ അപേക്ഷ അയച്ചതിൽ നീരസമുണ്ടായിരുന്നെങ്കിലും മത്സരത്തിൽ പങ്കെടുക്കാൻ അദ്ദേഹം എനിക്ക് അനുമതി നൽകി. എന്നെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. മത്സരത്തിൽ ഞാൻ ഫസ്റ്റ് റണ്ണറപ്പായി. എന്റെ ഫോട്ടോകൾ കേരളത്തിലെ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഫസ്റ്റ് റണ്ണറപ്പായ എനിക്ക് ഫൈനലിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടായിരുന്നെങ്കിലും എന്റെ പ്രായം 18 വയസ്സിന് താഴെയായതിനാൽ എനിക്ക് അനുമതി ലഭിച്ചില്ല. മിസ് യങ്ങ് ഇന്ത്യ എന്ന ടൈറ്റിൽ ആണ് അന്ന് നേടിയത്.

1994ലാണ് സുസ്മിത സെൻ മിസ് ഇന്ത്യ കിരീടം നേടിയത്. ഐശ്വര്യ റായി രണ്ടാം സ്ഥാനത്തായിരുന്നു. ഫ്രാൻസെസ്ക ഹാർട്ട് മൂന്നാം റണ്ണറപ്പായിരുന്നു. ആ മത്സരത്തില്‍ നാലാം സ്ഥാനത്ത് ഞാൻ എത്തിയിരുന്നു. ഞാൻ ഐശ്വര്യ റായിയുടെ റൂംമേറ്റായിരുന്നു. ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന മിസ്സ് യൂണിവേഴ്സ് മത്സരത്തില്‍ സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുകയും വിജയം വരിക്കുകയും ചെയ്തു. ഇതേ വര്‍ഷം തന്നെ മിസ്സ് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പായ ഐശ്വര്യ മിസ്സ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. രണ്ട് പദവികളും ഇന്ത്യയില്‍ ഒരുമിച്ച് എത്തുന്നത് ആദ്യമായിരുന്നു.

ഞാൻ മിസ് ഇന്ത്യ ഏഷ്യ പസഫിക്കിലേക്ക് പോയി. പക്ഷേ ആരുടെയും പിന്തുണയില്ലാതെ മൂന്നാം റണ്ണറപ്പാകാൻ കഴിഞ്ഞു. ഞങ്ങൾക്ക് ഉണ്ടായിരുന്ന ആവേശം ഇപ്പോൾ എല്ലാവരിലും എന്റെ മകളിലും എനിക്ക് കാണാൻ കഴിയും. ഇന്ന് എല്ലാവരും ഒരു മോഡലാണെന്ന് ഞാൻ കരുതുന്നു ശ്വേത പറഞ്ഞു. 

Tags:    
News Summary - Shweta Menon about miss india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.