‘നേപ്പാളിലെ ഇരുണ്ട ദിനം’: യുവാക്കൾക്കെതിരായ പൊലീസ് നടപടിയെ അപലപിച്ച് മനീഷ കൊയ്‌രാള

കാഠ്മണ്ഡു: നേപ്പാളിലെ പ്രതിഷേധിക്കുന്ന യുവാക്കൾക്കെതിരായ പൊലീസ് നടപടിയെ അപലപിച്ച് നേപ്പാളിയായ ബോളിവുഡ് നടി മനീഷ കൊയ്‌രാള. സെപ്റ്റംബർ 8 രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു ‘ഇരുണ്ട ദിന’മെന്ന് അവർ വിശേഷിപ്പിച്ചു.

‘ഇന്ന് നേപ്പാളിന് ഇരുണ്ട ദിനമാണ്. ജനങ്ങളുടെ ശബ്ദത്തിനും, അഴിമതിക്കെതിരായ അവരുടെ രോഷത്തിനും, നീതിക്കായുള്ള അവരുടെ ആവശ്യത്തിനും വെടിയുണ്ടകൾ കൊണ്ട് മറുപടി ലഭിച്ചപ്പോൾ’ എന്ന് രക്തം പുരണ്ട വെള്ള ഷൂവിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടുകൊണ്ട് മനീഷ എഴുതി.

സോഷ്യൽ മീഡിയക്ക് സർക്കാർ വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധിച്ച യുവാക്കൾക്കെതിരെ ഭരണകൂടം കർശന നടപടികൾ സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അവരുടെ പ്രസ്താവന. തിങ്കളാഴ്ച നേപ്പാളിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിൽ കുറഞ്ഞത് 19 പേർ മരിക്കുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാർലമെന്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ തടയാൻ പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു.

തിങ്കളാഴ്ച തലസ്ഥാനമായ കാഠ്മണ്ഡുവിലും ഹിമാലയൻ രാജ്യത്തെ മറ്റ് നഗരങ്ങളിലും പ്രതിഷേധിക്കാൻ ആയിരക്കണക്കിന് നേപ്പാളി യുവാക്കൾ ഒത്തുകൂടി. പ്രതിഷേധക്കാരിൽ പലരും വിദ്യാർഥികളായിരുന്നു, സ്കൂൾ, കോളേജ് യൂനിഫോമുകളിൽ പ്രകടനങ്ങളിൽ പങ്കുചേർന്നു. കാഠ്മണ്ഡുവിലെ പ്രതിഷേധക്കാർ പാർലമെന്റ് സമുച്ചയത്തിലേക്ക് അതിക്രമിച്ചു കയറി ആംബുലൻസ് കത്തിച്ചു. പ്രതിഷേധം മരണത്തിൽ കലാശിച്ചതോടെ നേപ്പാൾ സർക്കാർ സോഷ്യൽ മീഡിയയിലെ വിലക്ക് നീക്കി.

ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ രജിസ്ട്രേഷൻ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നേപ്പാൾ ബ്ലോക്ക് ചെയ്തത്. വിദ്വേഷം, വ്യാജ വാർത്തകൾ, വഞ്ചന എന്നിവ പ്രചരിപ്പിക്കാൻ വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് സർക്കാർ വാദം. 

Tags:    
News Summary - ‘Dark day for Nepal’: Manisha Koirala condemns police action against protesting youths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.