തുടരുന്ന വംശഹത്യ; ഇസ്രായേൽ ചലച്ചിത്ര സ്ഥാപനങ്ങൾ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് അഭിനേതാക്കളും സംവിധായകരും

ലണ്ടൻ: ഫലസ്തീൻ ജനതക്കെതിരെയുള്ള വംശഹത്യയിൽ പ്രതിഷേധിച്ച് ഇസ്രായേലി ചലച്ചിത്ര സ്ഥാപനങ്ങളുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചുള്ള പ്രതിജ്ഞയിൽ നൂറുകണക്കിന് അഭിനേതാക്കളും സംവിധായകരും മറ്റ് ചലച്ചിത്ര വിദഗ്ധരും ഒപ്പുവെച്ചു. ചലച്ചിത്ര നിർമാതാക്കൾ, അഭിനേതാക്കൾ, വ്യവസായ പ്രവർത്തകർ, സ്ഥാപനങ്ങൾ എന്നീ നിലകളിൽ കാഴ്ച്ചപ്പാടുകളെ രൂപപ്പെടുത്തുന്നതിൽ സിനിമക്ക് വലിയ പ്രാധാന്യമു​ണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നുവെന്ന് പ്രതിജ്ഞയിൽ ഇവർ വ്യക്തമാക്കി.

ഗസ്സ വംശഹത്യ അതിന്റെ മൂർച്ചയിൽ എത്തിനിൽക്കുന്നതിൽ നമ്മുടെ സർക്കാരുകൾക്കും പങ്കുണ്ട്. ഈ ഘട്ടത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന പരമാവധി പിന്തുണ ഗസ്സയിലെ ജനങ്ങൾക്ക് നൽകണമെന്ന് പ്രതിജ്ഞ ആഹ്വാനം​ ചെയ്തു. ബഹിഷ്‍കരണം പ്രഖ്യാപിച്ച് ഒപ്പിട്ടവരിൽ അഭിനേതാക്കളായ ഒലിവിയ കോൾമാൻ, മാർക്ക് റുഫലോ, ടിൽഡ സ്വിന്‍റൺ, ജാവിയർ ബാർഡെം, അയോ എഡെബിരി, റിസ് അഹമ്മദ്, ജോഷ് ഒ കോണർ, സിന്തിയ നിക്സൺ, ജൂലി ക്രിസ്റ്റി, ഇലാന ഗ്ലേസർ, റെബേക്ക ഹാൾ, ഐമി ലൂ വുഡ്, ഡെബ്ര വിംഗർ എന്നിവരും, ചലച്ചിത്ര നിർമാതാക്കളായ യോർഗോസ് ലാന്തിമോസ്, അവാ ഡു വെർണേ, ആസിഫ് കപാഡിയ, ബൂട്ട്സ് റിലൈ, ജോഷ്വ ഒപ്പൻഹൈമർ എന്നിവരുമടക്കം 1,200 ലധികം പേരാണ് ഒപ്പുവെച്ചത്.

വംശഹത്യയെയും വർണ്ണവിവേചനത്തെയും വെള്ളപൂശുകയും ന്യായീകരിക്കുകയും ചെയ്യുന്നവർ, അല്ലെങ്കിൽ അവരുമായി പങ്കാളിത്തം സ്ഥാപിക്കുന്ന സർക്കാറുകൾ തുടങ്ങിയവരുടെ ഫെസ്റ്റിവലുകൾ, പ്രക്ഷേപണം, നിർമാണ കമ്പനികൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിക്കരുതെന്ന് ഫിലിം വർക്കേർസ് ഫോർ ഫലസ്തീൻ ആവശ്യപ്പെട്ടു. കൂടാതെ അന്താരാഷ്ട്ര ചലച്ചിത്ര വ്യവസായത്തോട് വംശീയത, മനുഷ്യത്വരഹിതവൽക്കരണം എന്നിവ നിരസിക്കാനും അവരുടെ അടിച്ചമർത്തലുകളിൽ പങ്കാളികളാകുന്നത് അവസാനിപ്പിക്കാൻ മാനുഷികമായി സാധ്യമായതെല്ലാം ചെയ്യാനും സംഘടന ആഹ്വാനം ചെയ്തു.

ഹോളോകോസ്റ്റിനെ അതിജീവിച്ചവരുടെ പിൻഗാമി എന്ന നിലയിൽ ഇസ്രായേൽ ഭരണകൂടത്തിന്റെ നടപടികളിൽ ഞാൻ ദുഃഖിതനും രോഷാകുലനുമാണെന്ന് ഒപ്പിട്ടവരിൽ ഒരാളായ തിരക്കഥാകൃത്ത് ഡേവിഡ് ഫാർ പറഞ്ഞു. പതിറ്റാണ്ടുകളായി അവർ കൈവശപ്പെടുത്തിയ ഫലസ്തീൻ ജനതയുടെ മേൽ ഇപ്പോൾ വംശഹത്യയും വംശീയ ഉന്മൂലനവും തുടരുകയാണ്. ഈ സാഹചര്യത്തിൽ എന്റെ കൃതികൾ ഇസ്രായേലിൽ പ്രസിദ്ധീകരിക്കുന്നതിനെയും അവതരിപ്പിക്കുന്നതിനെയും എനിക്ക് പിന്തുണക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

മനസ്സാക്ഷിയുള്ള എല്ലാ കലാകാരന്മാരും ഇതിനെ പിന്തുണക്കണമെന്നും ഡേവിഡ് ഫാർ അഭിപ്രായപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ അഞ്ച് വയസ്സുകാരിയെക്കുറിച്ചുള്ള ‘ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ എന്ന സിനിമ വെനീസ് ഫിലിം ഫെസ്റ്റിവൽ പ്രീമിയറിൽ 23 മിനിറ്റ് സ്റ്റാൻഡിങ് ഒവേഷൻ നേടിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രതിജ്ഞ.

Tags:    
News Summary - Actors and directors to boycott Israeli film institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.