ആദ്യമായി ഒരു ഇന്ത്യൻ സംവിധായകന്റെ സിനിമ മറ്റൊരു രാജ്യത്തിന്റെ ഔദ്യോഗിക ഓസ്കർ എൻട്രിയാകുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ നേടി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ മലയാളി സംവിധായകൻ ഡോ. ബിജുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'പപ്പ ബുക്ക'. പാപ്വ ന്യൂഗിനിയയുടെ ആദ്യ ഓസ്കർ എൻട്രിയാണിത്. രണ്ടാം ലോകയുദ്ധവുമായി ബന്ധപ്പെട്ട ഈ ചിത്രം ഇന്ത്യ-പാപ്വ ന്യൂഗിനിയ സംയുക്ത നിർമാണത്തിലാണ് ഒരുക്കിയിരിക്കുന്നത്.
നാല് വർഷം മുമ്പ് ചർച്ചയിലുണ്ടായിരുന്ന ഒരു ആശയമാണ് ഇന്ന് ഓസ്കറിലേക്ക് ചുവടുറപ്പിക്കുന്നത്. നയതന്ത്രപരമായ ചില പ്രശ്നങ്ങൾ കാരണം ഇപ്പോഴാണ് ട്രാക്കിലായതെന്ന് സംവിധായകൻ ഡോ. ബിജു പറയുന്നു. ഇരു രാജ്യങ്ങളിലെയും എംബസികളുമായി നിരന്തര ബന്ധം പുലർത്തിയാണ് സിനിമയുടെ നിർമാണം പൂർത്തിയാക്കിയത്. പാപ്വ ന്യൂഗിനിയന്‍ നിര്‍മാണ കമ്പനിയായ നാഫയാണ് ആദ്യം സമീപിച്ചത്. നോലെൻ തൗല വുനം (നാഫ പ്രൊഡക്ഷൻസ്), അക്ഷയ്കുമാർ പരിജ (അക്ഷയ് പരിജ പ്രൊഡക്ഷൻസ്), പ്രകാശ് ബാരെ (സിലിക്കൺ മീഡിയ) എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ സിനിമയിൽ തമിഴ് സംവിധായകൻ പാ രഞ്ജിത്തും (നീലം പ്രൊഡക്ഷന്‍സ്) പങ്കാളിയാവുന്നുണ്ട്.
ജീവിതത്തിൽ ഇന്നുവരെ സിനിമയിൽ അഭിനയിക്കുകയോ സിനിമ കാണുകയോ ചെയ്തിട്ടില്ലാത്ത സിനെ ബൊബോറോ എന്ന 85 വയസ്സുള്ള ഗോത്ര തലവനാണ് ഇതിലെ പപ്പ ബുക്ക. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിൽനിന്ന് പാപ്വ ന്യൂഗിനിയയിലേക്ക് പോയ പട്ടാളക്കാരുടെ കഥ അന്വേഷിച്ച് എത്തുന്ന രണ്ട് ചരിത്രാന്വേഷകരുടെ വഴികാട്ടിയായാണ് സിനെ ഈ സിനിമയിൽ വേഷമിടുന്നത്. പപ്പുവയിൽ നിന്നുള്ള ഒട്ടേറെ ആളുകൾ പപ്പ ബുക്കക്ക് കൂട്ടായിട്ടുണ്ട്. കൂടുതൽ പേരും അവിടത്തെ ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണ്. ഏറ്റവും വലിയ പ്രത്യേകത ഇവരെല്ലാവരും ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്. ബംഗാളിലെ റിതാഭാരി ചക്രബർത്തി, മലയാള നടൻ പ്രകാശ് ബാരെ, ജോൺ സൈക് എന്നിവരും ഇവർക്കൊപ്പം ഉണ്ട്.
2025ൽ പാപ്പുവ ന്യൂ ഗിനിയ സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ ആദ്യമായി ഒരു സിനിമ ഓസ്കറിന് അയക്കാന്‍ സാധിക്കുന്നു എന്നത് പാപ്വ ന്യൂഗിനിയിലെ സിനിമാ മേഖലക്ക് ഉണര്‍വ് ഏകുന്നതാണ്. ഇവിടെ ഔദ്യോഗികമായി അംഗീകാരമുള്ള ഭാഷകൾ ടോക് പിസിൻ, ഇംഗ്ലീഷ്, ഹിരി മോട്ടു, പാപ്വ ന്യൂഗിനിയൻ ആംഗ്യഭാഷ എന്നിവയാണ്. രാജ്യത്ത് 800ലധികം ഭാഷകൾ സംസാരിക്കുന്നതിനാൽ ലോകത്തിലെ ഏറ്റവും കൂടുതൽ ഭാഷാ വൈവിധ്യമുള്ള രാജ്യം എന്ന പേരും പാപ്വ ന്യൂഗിനിയക്കാണ്. ഇവയിൽ ടോക് പിസിൻ ആണ് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതും രാജ്യത്തിന്റെ പ്രധാന ഭാഷാ ഭാഷയായി വർത്തിക്കുന്നതും. ടോക് പിസിന് ഒപ്പം ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും ഉൾപ്പെടുത്തിയാണ് പപ്പാ ബുക്ക ചിത്രീകരിച്ചിരിക്കുന്നത്.
ഡോ. ബിജു
2024ൽ ഷൂട്ടിങ് കഴിഞ്ഞ ചിത്രം പൂർണ്ണമായും പാപ്വ ന്യൂഗിനിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 30 ദിവസത്തെ ഷൂട്ടിന്റെ പോസ്റ്റ് പ്രൊഡക്ഷനൊക്കെ കേരളത്തിലും ബാംഗ്ലൂരിലും ആയിട്ടാണ് നടന്നത്. ബിജുവിന്റെ മിക്ക സിനിമകളിലും പ്രകൃതി ഒരു കഥാപാത്രമായി വരാറുണ്ട്. അത് പപ്പ ബുക്കയിലും കാണാൻ സാധിക്കും. മ്യൂസിക് മാസ്റ്റേഴ്സ് ഓഫ് പി.എൻ. ജി എന്ന പാപ്വ ന്യൂഗിനിയൻ ബാൻഡ് ആണ് പപ്പുവ ന്യൂ ഗിനിയ ട്രൈബൽ മ്യൂസിക്കിന് പിന്നിൽ. മൂന്ന് തവണ ഗ്രാമി പുരസ്കാര ജേതാവും യുണൈറ്റഡ് നേഷൻസ് ഗുഡ് വിൽ അംബാസ്സഡറും ആയ സംഗീതജ്ഞൻ റിക്കി കേജിന്റെതാണ് പശ്ചാത്തല സംഗീതം.
ഒരു തിയറ്റർ ആണ് രാജ്യത്തുള്ളത്. അത് പോർട്ട് മോറെസ്ബിയിലാണ്. അവിടെ ഹോളിവുഡ്-ബോളിവുഡ് സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളും റെഗുലേറ്ററി ബോർഡുകളും ശക്തമാണ്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള സിനിമയും ടെലിവിഷൻ പ്രോഗ്രാമുകളും സെൻസർ ചെയ്യാൻ സെൻസർഷിപ് ബോർഡും ഉണ്ട്. ഇത്രയൊക്കെയാണെങ്കിലും തദ്ദേശഭാഷയിൽ സിനിമകൾ വളരെ കുറവാണ്. അന്താരാഷ്ട്ര സിനിമകൾ തീരെയില്ല. ഈ സാഹചര്യത്തിലാണ് പാപ്വ സർക്കാരുമായി ഒരു ഇന്ത്യൻ കോ-പ്രൊഡക്ഷൻ സിനിമ എത്തുന്നത്. സെപ്റ്റംബർ 19ന് ചിത്രം അവിടത്തെ തിയറ്ററിൽ റിലീസ് ചെയ്യും. ഇവിടെയെത്താൻ ഇനിയും കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.