അട്ടപ്പാടിയിൽനിന്ന് നടൻ മമ്മൂട്ടിയുടെ അതിഥികളായി വിനോദയാത്രക്കെത്തിയ കുട്ടികൾ കൊച്ചി വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്നു
കൊച്ചി: ‘ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ... ബസിൽ കയറ്റാമോ...’ ഇതായിരുന്നു അട്ടപ്പാടിയിൽനിന്ന് 20 കിലോമീറ്ററകലെ കാടിനുള്ളിൽ പാർക്കുന്ന ആ കുട്ടികൾ ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞത് നടൻ മമ്മൂട്ടിയാണ്. അങ്ങനെ ആ കുട്ടികൾ പാലക്കാടും കടന്ന് കൊച്ചി നഗരത്തിലെത്തി. മെട്രോയിൽ യാത്രചെയ്തും വിസ്മയക്കാഴ്ചകൾ കണ്ടും മമ്മൂട്ടിയുടെ ജന്മദിനമാഘോഷിച്ചും അവിസ്മരണീയമായൊരു യാത്രയാണ് കുട്ടികൾക്ക് ലഭിച്ചത്. ഒടുവിൽ വിമാനം പറക്കുന്നത് കണ്ടു. അതിനെ തൊട്ടു. സ്വപ്നം കാണാതിരുന്ന കാഴ്ചകൾ നേരിട്ട് കണ്ടപ്പോൾ അവർ ഒറ്റസ്വരത്തിൽ വിളിച്ചത് ഒരേയൊരു പേര്: മമ്മൂക്കാ...!
പാലക്കാട് അട്ടപ്പാടി ആനവായ് ഗവ. എൽ.പി സ്കൂളിൽനിന്നുള്ള 19 വിദ്യാർഥികളും 11 അധ്യാപകരും അടങ്ങുന്ന സംഘമാണ് മമ്മൂട്ടിയുടെ അതിഥികളായി കൊച്ചി മെട്രോയും നെടുമ്പാശ്ശേരി വിമാനത്താവളവും ആലുവ രാജഗിരി ആശുപത്രിയും സന്ദർശിച്ചത്.
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് വിനോദയാത്ര സംഘടിപ്പിച്ചത്.
പാലക്കാട് കാണാൻ ആഗ്രഹിച്ച കുട്ടികളെ കൊച്ചി കാണിക്കാനും മെട്രോയിൽ കയറ്റാനും വിമാനത്താവളത്തിൽ കൊണ്ടുപോകാനും നിർദേശിച്ചത് മമ്മൂട്ടിയാണ്. രാത്രി പാലക്കാടുനിന്ന് എറണാകുളത്തെത്തിയ സംഘം കളമശ്ശേരി ജ്യോതിർഭവനിൽ താമസിച്ച്, അടുത്ത ദിവസം രാവിലെ ഏഴോടെ കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തി. തുടർന്ന് മെട്രോയിൽ ആലുവയിലെത്തിയ സംഘം ടൂറിസ്റ്റ് ബസിൽ കയറി രാജഗിരി ആശുപത്രിയിലേക്ക്. അവിടെ പ്രഭാതഭക്ഷണത്തിനുശേഷം, അവർ റോബോട്ടിക് സർജറിയുടെ വിസ്മയലോകം നേരിൽ കണ്ടു. റോബോട്ടിക് ജനറൽ സർജറി വിഭാഗം മേധാവി ഡോ. ആർ. രവികാന്ത് കുട്ടികൾക്ക് പ്രവർത്തനരീതി വിശദീകരിച്ചുനൽകി.
മെട്രോ ഫീഡർ ബസിലായിരുന്നു നെടുമ്പാശ്ശേരിക്കുള്ള യാത്ര. വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദർശക ഗാലറിയിൽനിന്നുകൊണ്ട് അവർ ആസ്വദിച്ചു.
പിന്നീട് വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്ന സുരക്ഷാ മേഖലയും സന്ദർശിച്ചു. അവിടെവെച്ച് മമ്മൂട്ടിയുടെ പിറന്നാളിന് മുന്നോടിയായി പ്രത്യേകം തയാറാക്കിയ കേക്ക് മുറിച്ച് കുട്ടികൾ ജന്മദിനാഘോഷം നടത്തി. രാജഗിരി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ എന്നിവരുമുണ്ടായിരുന്നു. യാത്രക്ക് തന്റെ പ്രതിനിധിയായി മമ്മൂട്ടി സന്തതസഹചാരിയായ എസ്. ജോർജിനെ ചെന്നൈയിൽനിന്ന് അയച്ചിരുന്നു. കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഡയറക്ടർ റോബർട്ട് കുര്യാക്കോസും ഒപ്പമുണ്ടായിരുന്നു. അടുത്ത തവണ വിമാനയാത്രയൊരുക്കാമെന്നാണ് മമ്മൂട്ടി ഇവർക്ക് നൽകിയിരിക്കുന്ന വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.