ബോക്സ് ഓഫിസിൽ ഹിറ്റ്, ഒ.ടി.ടിയും തൂക്കാൻ 'ലോക'; എപ്പോൾ, എവിടെ കാണാം‍?

കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ലോക ചാപ്റ്റർ 1: ചന്ദ്ര' വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത മലയാള സൂപ്പർഹീറോ ചിത്രമായ ലോക ആഗസ്റ്റ് 28നാണ് തിയറ്ററിൽ എത്തിയത്. ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസിനെക്കുറിച്ചുള്ള അപ്ഡേറ്റിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ലോകയുടെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. എന്നാൽ നെറ്റ്ഫ്ലിക്സോ സിനിമയുടെ നിർമാതാക്കളോ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വൺ ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സെപ്റ്റംബർ അവസാന വാരത്തിൽ ചിത്രം പ്രീമിയർ ചെയ്യാൻ കഴിയുമെന്നാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ഒ.ടി.ടി പതിപ്പ് സ്ട്രീം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ലോക എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂനിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക-ചാപ്റ്റർ വൺ: ചന്ദ്ര. നസ്ലിൻ, സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമാണ് ലോക. പ്രദർശനം കൂടുതൽ തിയറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്.

അതേസമയം, ചിത്രത്തിലെ ഒരു സംഭാഷണം കർണാടകയിലെ ജനങ്ങളെ അപമാനിക്കുന്നതാണെ അഭിപ്രായങ്ങൾ പ്രചരിച്ചിരുന്നു. അതേതുടർന്ന് നിർമാണ കമ്പനിയായ വേഫെറർ ഫിലിംസ് ഖേദം പ്രകടിപ്പിച്ചു. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

താന്‍ ബംഗളൂരുവിലെ പെണ്‍കുട്ടിയെ കല്യാണം കഴിക്കില്ലെന്നും ബംഗളൂരുവിലെ പെണ്‍കുട്ടികളെല്ലാം ചീത്തയാണെന്നും ചിത്രത്തിലെ വില്ലനായ നാച്ചിയപ്പ എന്ന കഥാപാത്രം അമ്മയോട് പറയുന്നുണ്ട്. അതാണ് വിവാദത്തിന് കാരണമായ സംഭാഷണം. എന്നാൽ ചിത്രത്തിലെ വില്ലന്‍റെ സ്ത്രീവിരുദ്ധതയെ തുറന്നു കാണിക്കുന്ന സംഭാഷണമാണിതെന്നും ഇത് കർണാടകയിലെ സ്ത്രീകളെ അപമാനിക്കുന്നില്ലെന്നും വാദിക്കുന്നവരുമുണ്ട്.

Tags:    
News Summary - Lokah Chapter 1: Chandra' OTT release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.