പകർപ്പവകാശ ലംഘനം, അഞ്ച് കോടി നഷ്ടപരിഹാരം നൽകണം; അജിത്ത് സിനിമക്കെതിരെ ഇളയരാജ കോടതിയിൽ

ചെന്നൈ: നടൻ അജിത്തിന്‍റെ ഗുഡ് ബാഡ് അഗ്ലി സിനിമക്കെതിരെ ഇളയരാജ കോടതിയിൽ. അനുമതിയില്ലാതെ തന്‍റെ ഗാനങ്ങൾ ഉപയോഗിച്ച് എന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മദ്രാസ് ഹെകോടതിയിലാണ് ചിത്രത്തിനെതിരെ ഹരജി നൽകിയിരിക്കുന്നത്.

അഞ്ച് കോടി നഷ്ടപരിഹാരവും ഗാനങ്ങൾ സിനിമയിൽനിന്ന് നീക്കം ചെയ്യുകയും വേണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഏപ്രിൽ പത്തിന് ആയിരുന്നു ​ഗു​ഡ് ബാഡ് അ​ഗ്ലി റിലീസ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് അദ്ദേഹം നോട്ടീസ് അയച്ചിട്ടുണ്ട്. ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. നഷ്ടപരിഹാരമായി 5 കോടി നൽകണമെന്നും ഏഴ് ദിവസത്തിനകം ​ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നുമായിരുന്നു ആവശ്യം. പണം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുമ്പും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്ത് വന്നിരുന്നു. മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ എന്ന തമിഴ് ചിത്രത്തില്‍ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് ഇളയരാജ മദ്രാസ് ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രത്തിലും തന്റെ ഗാനം ഉപയോഗിച്ചെന്ന് പറഞ്ഞ് ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു.

എന്നാൽ ഗാനങ്ങളുടെ പകര്‍പ്പവകാശമുള്ള സ്റ്റുഡിയോ,വ്യക്തികള്‍,നിര്‍മാണ കമ്പനികള്‍ എന്നിവരില്‍ നിന്നും അനുവാദം നേടിയതിന് ശേഷമാണ് മിക്ക സിനിമകളും ഇളയരാജയുടെ ഗാനം ഉപയോഗിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

അജിത്തിന്റെ 63മത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Tags:    
News Summary - Ilayaraja filed a petition against Ajith Kumar movie Good Bad Ugly in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.