മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് വൻ വിജയം നേടിയ സാമ്രാജ്യം റീ റിലീസിനൊരുങ്ങുന്നു. ആരിഫ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജ്മൽ ഹസ്സനാണ് ചിത്രം നിർമിച്ചത്. 4K ഡോൾബി അറ്റ്മോസിൽ സെപ്റ്റംബർ 19നാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസർ പുറത്ത് വന്നിരിക്കുകയാണ്. എന്നാൽ വ്യാപക ട്രോളുകളാണ് ടീസറിന് ലഭിക്കുന്നത്.
ചിത്രത്തിന്റെ ക്വാളിറ്റിയെ ചൂണ്ടിക്കാണിച്ചുള്ള ട്രോളുകളാണ് അധികവും. 4K റീമാസ്റ്റർ പ്രിന്റ് എന്നതരത്തിൽ പുറത്തുവിട്ട ടീസറിന് 720p യുടെ ക്വാളിറ്റി പോലുമില്ല എന്നാണ് പലരും കുറിക്കുന്നത്. ഈ പ്രിന്റ് മൊബൈലിന് ഓക്കെയാണ്, ഭാവന സ്റ്റുഡിയോസിലെ മഹേഷേട്ടൻ ആണോ 4K യിലേക്ക് കൺവേർട്ട് ചെയ്തത്, ഇത് എവിടത്തെ 4K ആണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ. നേരത്തെ മമ്മൂട്ടി ചിത്രമായ ആവനാഴി റീ റിലീസ് ചെയ്തപ്പോഴും ക്വാളിറ്റിയെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു.
അവതരണ മികവ് സാമ്രാജ്യം എന്ന സിനിമയെ മലയാളത്തിന് പുറത്ത് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലും ഏറെ സ്വീകാര്യമാക്കി. വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്ത ചിത്രത്തിൽ ഇളയരാജ ഒരുക്കിയ പശ്ചാത്തല സംഗീതവും പുതിയൊരനുഭവം തന്നെയായിരുന്നു. അലക്സാണ്ടർ എന്ന അധോലോക നായകനായാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിക്ക് പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ അശോകൻ, ശ്രീവിദ്യ, സോണിയ, ബാലൻ.കെ.നായർ, സത്താർ, സാദിഖ്, ഭീമൻ രഘു, ജഗന്നാഥ വർമ, പ്രതാപചന്ദ്രൻ, സി.ഐ. പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും പ്രധാന താരങ്ങളാണ്.
അഞ്ച് ലക്ഷം മുതൽ ഒരു കോടി രൂപ വരെ നിർമാണ ചിലവ് വന്ന ചിത്രമാണ് സാമ്രാജ്യം. ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ച ചിത്രം സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറും ഇരുനൂറും ദിവസങ്ങൾ തകർത്തോടിയ ചിത്രത്തിന് ഇന്നും പ്രത്യേക ഫാൻ ബേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.