കൊച്ചി: സിനിമാരംഗത്തെ വനിതകൾ നേരിടുന്ന ചൂഷണവും വിവേചനവുമടക്കം തടയാൻ ലക്ഷ്യമിടുന്ന സിനിമ നയത്തിന്റെ കരട് മൂന്നുമാസത്തിനകം തയാറാക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. തുടർന്ന് നിയമനിർമാണം നടത്തും. നയരൂപവത്കരണത്തിന്റെ ഭാഗമായി സിനിമ കോൺക്ലേവിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ കേരള ചലച്ചിത്ര അക്കാദമിയുടെയടക്കം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏതുമേഖലയിലുള്ളവർക്കും ഇതിൽ അഭിപ്രായങ്ങൾ സമർപ്പിക്കാം. ഇതുകൂടി ക്രോഡീകരിച്ചാകും അന്തിമനയം വിജ്ഞാപനം ചെയ്യുക. തുടർന്ന് വിഷയം നിയമസഭയുടെ പരിഗണനക്ക് വിടുമെന്നും സർക്കാർ അറിയിച്ചു. സ്ത്രീകൾക്കിടയിലെ വിവേചനങ്ങൾകൂടി പരിഹരിക്കുന്ന വിധമാകണം നിയമ നിർമാണമെന്ന് ബുധനാഴ്ച ഹരജി പരിഗണിക്കവേ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
ജാതിയുടെയും സാമ്പത്തികസ്ഥിതിയുടെയും അടിസ്ഥാനത്തിൽ വനിതകൾക്കിടയിൽതന്നെ പല തട്ടുണ്ടാകുന്ന സാഹചര്യം വിലയിരുത്തിയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സിനിമ നയരൂപവത്കരണത്തിന്റെ ഭാഗമായി സെന്റർ ഫോർ പോളിസി റിസർച്ച് തയാറാക്കിയ അടിസ്ഥാന റിപ്പോർട്ട് കോടതിയുടെ പരിശോധനക്ക് മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് വിമൻ ഇൻ സിനിമ കലക്ടിവ് നിർദേശിച്ചു. ഇത് സർക്കാർ അംഗീകരിക്കുകയും സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഹരജി വീണ്ടും സെപ്റ്റംബർ 17ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.