തമിഴ് ചിത്രമായ ‘മാനുഷി’ക്ക് 37 കട്ടാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. 37 കട്ട് ആവശ്യമുണ്ടോയെന്ന് വിലയിരുത്താൻ സിനിമ കാണാനൊരുങ്ങി മദ്രാസ് ഹൈകോടതി ജഡ്ജി. സെൻസർ ബോർഡ് നിർദേശത്തെ ചോദ്യം ചെയ്ത് വെട്രിമാരൻ സമർപ്പിച്ച ഹരജിയിന്മേലാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് സിനിമ കണ്ട് വിലയിരുത്താൻ തീരുമാനിച്ചത്. സംവിധായകൻ വെട്രിമാരന്റെ നിർമാണ കമ്പനിയായ ഗ്രാസ്റൂട്ട് ഫിലിമാണ് ചിത്രം നിർമിച്ചത്.
24ന് ചെന്നൈയിലെ സ്വകാര്യ തിയറ്ററിൽ പ്രത്യേക പ്രദർശനം നടത്തും. ഈസമയം സെൻസർ ബോർഡ് പ്രതിനിധികളോടും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. 2024 സെപ്റ്റംബർ 11നാണ് സർട്ടിഫിക്കേഷനുവേണ്ടി സെൻസർ ബോർഡിന് മുമ്പാകെ ചിത്രം സമർപ്പിച്ചത്. എന്നാൽ സിനിമ കണ്ട ശേഷം സർട്ടിഫിക്കറ്റ് നിഷേധിച്ചു. തന്റെ ഭാഗം കേൾക്കാതെ റീജണൽ ഓഫീസർ സിനിമക്ക് സർട്ടിഫിക്കറ്റ് നിഷേധിച്ചെന്നായിരുന്നു വെട്രിമാരന്റെ ആരോപണം. ഇതേത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് അയച്ചു.
പ്രത്യേകസമുദായത്തെ അവഹേളിക്കുന്നതാണെന്നും സർക്കാരിന്റെ നയങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി റിവൈസിങ് കമ്മിറ്റിയും സർട്ടിഫിക്കറ്റ് നൽകരുതെന്ന് ശിപാർശ ചെയ്തു. എന്നാൽ, വെട്രിമാരൻ ഇതിനെയും ചോദ്യം ചെയ്ത് രംഗത്തെത്തി. സിനിമാറ്റോഗ്രാഫ് ആക്ടിലെ വ്യവസ്ഥകൾക്കനുസൃതമല്ല ബോർഡ് സ്വീകരിച്ച നടപടിക്രമമെന്നാണ് വെട്രിമാരന്‍റെ വാദം. സിനിമ പുനഃപരിശോധിക്കാൻ മനുഷ്യാവകാശപ്രവർത്തകർ ഉൾപ്പെടുന്ന വിദഗ്ധസമിതി രൂപവത്കരിക്കണമെന്ന് 2025 മാർച്ച് 29ന് സെൻസർ ബോർഡിന് അദ്ദേഹം നിവേദനവുംനൽകി.
ഗോപി നൈനാർ സംവിധാനം ചെയ്ത ‘മാനുഷി’യുടെ ട്രെയിലർ 2024 ഏപ്രിലിൽ നടൻ വിജയ് സേതുപതി പങ്കുവെച്ചിരുന്നു. തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട സ്ത്രീയുടെ കഥയാണ് മാനുഷി പറയുന്നത്. ചില പൊലീസ് അതിക്രമദൃശ്യങ്ങളും സിനിമയിലുള്ളതായി വിവരമുണ്ട്. ആൻഡ്രിയ നായികയായ ചിത്രത്തിൽ നാസർ, ഹക്കിം ഷാ, ബാലാജി ശക്തിവേൽ എന്നിവരും പ്രധാനവേഷത്തിലുണ്ട്. ഇളയരാജയാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.