'അടൂർ സമകാലിക സംഗീതത്തെക്കുറിച്ച് അജ്ഞൻ, മാപ്പ് പറയണം, ' പുഷ്പവതിക്ക് പിന്തുണയുമായി ഗായകരുടെ സംഘടന

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി ഗായകരുടെ സംഘടന. ചലച്ചിത്ര അക്കാദമിയില്‍ നിന്നും സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും സമം ഭാരവാഹികള്‍ എന്ന നിലയിലും വ്യക്തിപരമായും പ്രമുഖരായ പിന്നണി ഗായകരെ സിനിമ കോണ്‍ക്ലേവിലേക്ക് ക്ഷണിച്ചിരുന്നു. അല്ലാതെ ഗായകര്‍ എവിടെ നിന്നെങ്കിലും വലിഞ്ഞു കേറി വന്നവരല്ലെന്നും സംഘടന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

കേരള സര്‍ക്കാരിന്റെ പുതിയ ചലച്ചിത്രനയരൂപീകരണവുമായി ബന്ധപ്പെട്ട കോണ്‍ക്ലേവില്‍ അഭിപ്രായം പറയാന്‍ ഗായകര്‍ക്ക് അവകാശമുണ്ട്. മലയാള സിനിമയുടെ സമസ്തമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്ന വേദിയില്‍ ഗായകര്‍ക്കെന്തു കാര്യം എന്നു ചോദിക്കുന്നത് ശരിയല്ല. സ്വന്തം സിനിമയില്‍ ഗാനങ്ങളോ പശ്ചാത്തലസംഗീതമോ വേണ്ട എന്നു തീരുമാനിക്കാന്‍ അടൂരിനു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഗായകരും മറ്റു സംഗീതവിഭാഗക്കാരും സിനിമയുടെ ഭാഗമല്ല എന്ന നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിരവധി അതിപ്രശസ്തങ്ങളായ പാട്ടുകള്‍ക്ക് ശബ്ദം നല്‍കിയ ഗായികയും സമം മുന്‍ ഭരണസമിതി അംഗവും കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണുമായ പുഷ്പവതിയെ തിരിച്ചറിയാന്‍ കഴിയാതെ പോയതില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ സമകാലിക സിനിമാ സംഗീതത്തെക്കുറിച്ചും സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ചും തീര്‍ത്തും അജ്ഞനാണെന്ന് വ്യക്തമാകുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം: ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതിയെക്കുറിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനക്കെതിരെ സമം ശക്തമായി പ്രതിഷേധിക്കുന്നു. ചലച്ചിത്ര അക്കാഡമിയില്‍ നിന്നും സാംസ്‌കാരികവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും സമം ഭാരവാഹികള്‍ എന്ന നിലയിലും വ്യക്തിപരമായും പ്രമുഖരായ പിന്നണി ഗായകരെ സിനിമ കോണ്‍ക്ലേവിലേക്ക് ക്ഷണിച്ചിരുന്നു. അല്ലാതെ, അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നതു പോലെ ഗായകര്‍ കോണ്‍ക്ലേവിലേക്ക് എവിടെനിന്നെങ്കിലും വലിഞ്ഞുകേറി വന്നവരല്ല.

കേരള സര്‍ക്കാരിന്റെ പുതിയ ചലച്ചിത്രനയരൂപീകരണവുമായി ബന്ധപ്പെട്ട കോണ്‍ക്ലേവില്‍ അഭിപ്രായം പറയാന്‍ ഗായകര്‍ക്ക് അവകാശമുണ്ട്. മലയാള സിനിമയുടെ സമസ്തമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായങ്ങള്‍ പങ്കുന്ന വേദിയില്‍ ഗായകര്‍ക്കെന്തു കാര്യം എന്നു ചോദിക്കുന്നത് , രംഗത്തു വന്ന് ആറു പതിറ്റാണ്ടോളമായിട്ടും സിനിമയില്‍ സംഗീതത്തിന്റെയും ഗാനങ്ങളുടെയും പ്രസക്തി മനസ്സിലാക്കാത്തതു കൊണ്ടാവാം. സ്വന്തം സിനിമയില്‍ ഗാനങ്ങളോ പശ്ചാത്തലസംഗീതമോ വേണ്ട എന്നു തീരുമാനിക്കാന്‍ അടൂരിനു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഗായകരും മറ്റു സംഗീതവിഭാഗക്കാരും സിനിമയുടെ ഭാഗമല്ല എന്ന നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിരവധി അതിപ്രശസ്തങ്ങളായ പാട്ടുകള്‍ക്ക് ശബ്ദം നല്‍കിയ ഗായികയും സമം മുന്‍ ഭരണസമിതി അംഗവും കേരള സംഗീത നാടക അക്കാഡമി വൈസ് ചെയര്‍പെഴ്‌സണുമായ പുഷ്പവതിയെ തിരിച്ചറിയാന്‍ കഴിയാതെ പോയതില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ സമകാലിക സിനിമാ സംഗീതത്തെക്കുറിച്ചും സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ചും തീര്‍ത്തും അജ്ഞനാണെന്നു വ്യക്തമാകുന്നു. വിനോദോപാധി എന്ന നിലയില്‍, സിനിമയില്‍ സംഗീതത്തിന്റെയും പാട്ടുകളുടെയും പ്രാധാന്യം ഉള്‍ക്കൊള്ളാനും സിനിമാ സംഗീതരംഗത്തുള്ളവരെ അംഗീകരിക്കാനും തയ്യാറാവാത്തതു കൊണ്ടാവാം ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ അദ്ദേഹം നടത്തിയത്. തന്റെ അറിവില്ലായ്മ കൊണ്ട് സമുന്നതയായ ഒരു കലാകാരിയെയും ഗായകസമൂഹത്തെയും അപമാനിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ പൊതുസമൂഹത്തോടു മാപ്പു പറയണം. പിന്നണിഗായിക എന്ന നിലയില്‍ സാമൂഹിക വിഷയങ്ങളില്‍ ശക്തമായി ഇടപെടുന്ന പുഷ്പവതിക്ക് സമം സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു.

Tags:    
News Summary - Singers' association supports singer Pushpavathi, saying, 'Adoor Gopalakrishnan is completely ignorant about contemporary music and government systems'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.